DweepDiary.com | ABOUT US | Monday, 29 April 2024

പൂരക്കും ബാരലും (ചെറിയ ദ്വീപിലെ ചെറിയ വിശേഷങ്ങൾ - 13)

In interview Special Feature Article BY Web desk On 03 April 2024
കില്‍ത്താന്‍ ദ്വീപിന്‍റെ വടക്കു ഭാഗം രണ്ട് വിദേശ കപ്പല്‍ അപകടങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഇടമാണ്.1959ല്‍,നാഷണല്‍ പീസ്,1974ല്‍ ട്രാന്‍സുറാന്‍,എന്നീ കപ്പലുകള്‍ ഒരേ പോയിന്‍റിലുള്ള പാറയില്‍ കയറി ഉറച്ചു.രണ്ടു കപ്പലുകളും അമേരിക്കക്കാരുടെ ഓയില്‍ ടാങ്കര്‍ ആയിരുന്നു.1959ല്‍ തകര്‍ന്ന നാഷണല്‍ പീസ് എന്ന കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ അവിടെ നിന്നും പൂര്‍ണ്ണമായി എടുത്തുമാറ്റിയത് 1962ലാണ്.1974ല്‍ തകര്‍ന്ന ട്രാന്‍സുറാന്‍ കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ ഇന്നും അവിടെ ബാക്കി നില്‍ക്കുന്നുണ്ട്.കില്‍ത്താന്‍ ദ്വീപിന്‍റെ വടക്കു ഭാഗത്തുള്ള "അടിഞ്ഞ ബീ കുളിക്കര " യുടെ നേരെയുള്ള കടലില്‍ ആണ് കപ്പല്‍ അപകടത്തില്‍ പെടുന്നത്.ട്രാന്‍സുറാന്‍ എന്ന കപ്പല്‍ പാറയില്‍ കയറി ഉറച്ചപ്പോള്‍ അതില്‍ നിന്നുള്ള സാധനങ്ങളും ക്രൂഡ് ഓയിലും മറ്റും എടുത്തു കൊണ്ടു പോകുവാന്‍ ആയി മറ്റ് അനേകം കപ്പലുകള്‍ വന്നിരുന്നു.അക്കൂട്ടത്തില്‍ വന്ന ഒരു ചെറിയ കപ്പലാണ് "പൂരക്ക് " . അപകടത്തില്‍ പെട്ട കപ്പലില്‍ നിന്നും ക്രൂഡ് ഓയില്‍ നിറച്ച് കൊണ്ടുപോയി മറ്റൊരു കപ്പലിലേക്കു നിറച്ചു കൊടുക്കലായിരുന്നു ഈ കപ്പലിന്‍റെ ദൗത്യം.ഇങ്ങിനെ ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു ഓടിക്കൊണ്ടിരിക്കെ ഒരു കൂരിരുട്ടുള്ള രാത്രിയില്‍ കടല്‍ തീരത്തുള്ള കുളിക്കരയില്‍ നിന്നുള്ള പ്രകാശം കണ്ട് കപ്പലാണെന്നു തെറ്റിദ്ധരിച്ച് പൂരക്കിലെ ക്യാപ്റ്റന്‍ തന്‍റെ കപ്പലെ കരയിലേക്കു ഓടിച്ചു കേറ്റി.അന്നു രാത്രി നല്ല വേലിയേറ്റവും ഉണ്ടായിരുന്നു.വേലിയിറക്കവും പുലരിയും വന്നെത്തിയപ്പോള്‍ കപ്പല്‍ വെളുത്ത മണലില്‍ മുത്തമിട്ടു നില്‍ക്കുന്നു.
പിന്നെ പൂരക്ക് കപ്പലിനെ വലിച്ചിറക്കുവാനുള്ള തത്രപ്പാടുകളായി.വേലിയേറ്റം കൂടിയ സമയത്ത് കപ്പലിനെ വലിച്ചിറക്കുവാനായി വലിയ ശക്തിയുള്ള കപ്പലുകളും ടഗ്ഗുകളും എത്തിച്ചേര്‍ന്നു.ഹാര്‍ബര്‍ വകുപ്പിലെ പണിക്കാര്‍ അവരുടെ സര്‍വ്വ സംവിധാനങ്ങളുമായി രംഗത്തെത്തി.പക്ഷേ ദിവസങ്ങല്‍ കഠിനമായി പരിശ്രമിച്ചിട്ടും കപ്പല്‍ വലിച്ചിറക്കാന്‍ സാധിച്ചില്ല.പൂരക്ക് കപ്പലും ഇവിടെ നശിച്ചു നാശമടയും എന്ന അവസ്ഥ വന്നു. ഈ സമയത്താണ് കുളിക്കരയുടെ സ്വല്പമകലെ ഒരു ചെറിയ കുടിലില്‍ താമസിക്കുന്ന ആയിവ എന്ന വയോധികന്‍റെ അഭിപ്രായം ആരായുവാന്‍ ചിലര്‍ നിര്‍ദ്ദേശിച്ചത്. മൈതാന പുര മുഹമ്മദ് , മാല്‍മി കണക്കിലും മറ്റു പല വിജ്ഞാനങ്ങളിലും നിപുണനായിരുന്നു. "ആയിവ "എന്ന വിളിപ്പേരിലായിരുന്നു അദ്ദേഹം അിറയപ്പെട്ടിരുന്നത്.അദ്ദേഹത്തിന്‍റെ ഭാര്യ പിട്ടിയമേല്‍ സാറാബി.ഇവര്‍ രണ്ടു പേരും വടക്കു ഭാഗത്ത് ചെറിയ ചെറ്റക്കുടില്‍ പോലെയുള്ള ഒരു ചെറിയ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.ഈ വീടിനെ "ബീയ ചെറ്റ " എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.
അങ്ങിനെ അധികൃതര്‍ ബീയ ചെറ്റയില്‍ പോയി ആയിവയെ കണ്ടു കാര്യം പറഞ്ഞു.വല്ല വിദ്യയും ഉണ്ടെങ്കില്‍ പറഞ്ഞു തരണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വളരെ ലളിതമായ ഒരു മാര്‍ഗ്ഗം ആയിവ അവര്‍ക്കു പറഞ്ഞു കൊടുത്തു.കുറേ കാലിയായ ബാരലുകള്‍ വെള്ളം കയറാത്തവിധം ഭദ്രമായി അടച്ച് കപ്പലിന്‍റെ അടിയില്‍ രണ്ടു ഭാഗങ്ങളിലുമായി നന്നായി കെട്ടിവെക്കുക.വേലിയേറ്റം ഉണ്ടായാല്‍ കപ്പല്‍ മുകളിലേക്കു പൊങ്ങി വരും.അപ്പോള്‍ പിന്നില്‍ നിന്നും വലിച്ചിറക്കിയാല്‍ മതി.അതു പ്രകാരം അധികൃതര്‍ പ്രവര്‍ത്തിച്ചു.പൂരക്ക് കപ്പലിനെ ഇറക്കി കൊണ്ടു പോയി.സ്കൂള്‍ വിദ്യാര്‍ഥികളായിരുന്ന ഞങ്ങളെയെല്ലാം കപ്പലും,കപ്പല്‍ വലിച്ചിറക്കുന്നതും എല്ലാം കാണിച്ചു തരാന്‍ വേണ്ടി സ്കൂളില്‍ നിന്നും കൊണ്ടു പോയിരുന്നു.അന്നത്തെ ആള്‍ക്കാര്‍ക്കു പല കാര്യങ്ങള്‍ക്കും പ്രയോഗിക്കാവുന്ന പല വിദ്യകളും വശമുണ്ടായിരുന്നു

SHARE YOUR FEEDBACK

RECENT IN THIS CATEGORY