DweepDiary.com | ABOUT US | Monday, 29 April 2024

ഖാന്‍ ബഹദൂര്‍ (ചെറിയ ദ്വീപിലെ ചെറിയ വിശേഷങ്ങൾ - 14)

In interview Special Feature Article BY Web desk On 10 April 2024
ലക്ഷദ്വീപില്‍ നിന്നും ആര്‍ക്കെങ്കിലും ഖാന്‍ബഹദൂര്‍ പട്ടം ലഭിച്ചിട്ടുണ്ടോ?. ചരിത്ര വായനക്കിടയില്‍ അങ്ങിനെ ഒരു പരാമര്‍ശം എവിടേയും കണ്ടിട്ടില്ല.എന്നാല്‍ ചെത്ലാത്ത് ദ്വീപിലെ ഒരാള്‍ക്ക് ഈ ബഹുമതി ലഭിച്ചിരുന്നതായി അവിടത്തെ ആളുകള്‍ പറഞ്ഞു പോരുന്നുണ്ട്.മുസ്ലിം പ്രമാണിമാര്‍ക്കു ബ്രിട്ടീഷു ഭരണകാലത്ത് നല്‍കി പോന്നിരുന്ന ഒരു ബഹുമതിയായിരുന്നു ഖാന്‍ബഹദൂര്‍ പട്ടം. ചെത്ലാത്തു ദ്വീപിലെ പാത്തുമ്മായിത്തിയോട ആലിമുഹമ്മദ് എന്നയാള്‍ക്ക് ബ്രിട്ടീഷുകാര്‍ ഖാന്‍ബഹദൂര്‍ എന്ന ബഹുമതി നല്‍കി ആദരിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്.അദ്ദേഹത്തിനു ലഭിച്ച ബഹുമതിയുടെ സ്ഥാനമുദ്രകളും മറ്റും ഈ അടുത്തകാലം വരെ അദ്ദേഹത്തിന്‍റെ കുടുംബത്തില്‍ ഉണ്ടായിരുന്നതായി ചില പ്രായമുള്ള വ്യക്തികള്‍ എന്നോടു പറഞ്ഞിട്ടുണ്ട്.
ഏ.ഡി.1869നും 1907നും ഇടയിലുള്ള ഒരു കാലയളവില്‍ ബിത്ര ദ്വീപ് ആലിമുഹമ്മദ് എന്ന ഒരാള്‍ക്കു പതിനൊന്നു രൂപക്ക് പാട്ടത്തിനു കൊടുത്തതായി 1907ല്‍ ഷിപ് ലി എന്ന പരിശോധനാ ഉദ്യോഗസ്ഥന്‍ എഴുതിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.ആ കാലത്തു നിലവിലുണ്ടായിരുന്ന കച്ചേരി കാരണവന്‍മാരുടെ കൂട്ടത്തിലും പാത്തുമ്മായിത്തിയോട ആലിമുഹമ്മദ് എന്ന പേരു കാണുന്നുണ്ട്. ചെറിയ പന്നിയേന്‍ എന്ന ചെറിയ പാണിയിലോ ചെത്ലാത്തു ദ്വീപിലോ മറ്റോ തകര്‍ന്ന ഒരു കപ്പലിലെ ആളുകളെ രക്ഷപ്പെടുത്തി ചെത്ലാത്തു ദ്വീപില്‍ എത്തിക്കുവാന്‍ നേതൃത്വം കൊടുത്തത് ഈ ആലിമുഹമ്മദ് എന്ന ആളായിരുന്നു പോലും.കൂടാതെ അവിടെ മരണമടഞ്ഞ പ്രിം റോസ് എന്ന നാവികന്‍റെ ഭൗതിക ശരീരം അടക്കം ചെയ്യാനും അവിടെ ഒരു കുടീരം പണിയാനും എല്ലാം വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തതും അദ്ദേഹമായിരുന്നുവത്രെ.
മീന്‍പിടിക്കുവാനുള്ള ഉപകരണങ്ങളുമായി വന്ന പരിശോധനാ ഉദ്യോഗസ്ഥന്‍മാരെ അത്ഭുതപ്പെടുത്തുന്നതായിരുന്നുവത്രെ ,ദ്വീപിലെ നാടന്‍ സമ്പ്രദായങ്ങള്‍ ഉപയോഗിച്ച് മീന്‍പിടിക്കുവാനുള്ള ആലിമുഹമ്മദിന്‍റെ വൈഭവം. ഇക്കാരണങ്ങള്‍ എല്ലാമാണ് ഖാന്‍ബഹദൂര്‍ എന്ന ബഹുമതി നേടുവാന്‍ ആലിമുഹമ്മദിനെ സഹായിച്ചത് എന്നാണ് പറഞ്ഞുവരുന്നത്

SHARE YOUR FEEDBACK

RECENT IN THIS CATEGORY