DweepDiary.com | ABOUT US | Sunday, 28 April 2024

മിനിക്കോയ് ആശുപത്രിയിൽ ചികിത്സാ അനാസ്ഥ നേരിട്ട് യുവതി ; ഭർത്താവ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് പരാതി നൽകി

In health BY Web desk On 02 February 2024
കൊച്ചി : കഴിഞ്ഞ മാസം 14-ന് വൈകുന്നേരം ദേഹാസ്വാസ്ഥ്യം മൂലം മിനിക്കോയ് ആശുപത്രിയിൽ എത്തിച്ച ചെത്ത്ലാത്ത് ദ്വീപ് സ്വദേശിനി ഷജീറാ എസ്.ബിക്ക് ചികിത്സ ഏർപ്പെടുത്തുന്നതിൽ വീഴ്ച്ച വരുത്തിയതിൽ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ഭർത്താവ് ഫയാസ് ഖാൻ കെ ലക്ഷദ്വീപ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് പരാതി നൽകി. ഐ.വി ക്യാനുല കുത്തുന്നതിലെ അനാസ്ഥ മൂലം രോഗിയുടെ കയ്യിന് ഇരട്ട മേജർ ഓപ്പറേഷനുകൾ ചെയ്യുന്ന സാഹചര്യമുണ്ടായി. രണ്ടു ദിവസത്തോളം ഐ.വി ക്യാനുല വഴി ഇഞ്ചക്ഷനും മറ്റും കൊടുത്തതോടെ കയ്യിൽ നല്ല വേദന അനുഭവപ്പെടുന്നുണ്ടെന്ന് രോഗി അറിയിച്ചു. തുടർന്ന് ക്യാനുല നീക്കി ഡിസ്ചാർജ്ജ് ചെയ്തെങ്കിലും കയ്യിന്റെ മുകളിലേക്കും വീക്കം കൂടി വരികയും വേദന അസഹനീയമാവുകയും ചെയ്തു. തുടർന്ന് രോഗിയെ കൊച്ചിയിൽ എത്തിച്ച് വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കി. കൊച്ചിയിൽ എത്തിച്ച അന്ന് തന്നെ രോഗിയുടെ ഇടതു കയ്യിന് മേജർ ഓപ്പറേഷൻ നടത്തുകയായിരുന്നു. ദിവസങ്ങളുടെ ഇടവേളയിൽ രണ്ടാമത്തെ മേജർ ഓപ്പറേഷനും കഴിഞ്ഞു. രോഗി ഇപ്പോഴും കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇതിനോടകം മൂന്ന് ലക്ഷത്തോളം രൂപയാണ് കൊച്ചിയിലെ ആശുപത്രിയിൽ അടക്കേണ്ടി വന്നതെന്ന് കുടുംബം പറയുന്നു. ക്യാനുല ഇളകിയതിനെ തുടർന്ന് ഒരു ദിവസം കൂടി മിനിക്കോയ് ആശുപത്രിയിൽ കഴിഞ്ഞിരുന്നെങ്കിലും അന്ന് ആവശ്യമായ ചികിത്സ കിട്ടിയിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
മിനിക്കോയ് ആശുപത്രിയിൽ ഇതിനു മുൻപ് ആന്ത്രോത്ത് സ്വദേശിയായ രോഗിക്കും സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. രോഗിക്ക് നേരിടേണ്ടി വന്ന ഗുരുതരമായ ചികിത്സാ വീഴ്ചയിൽ ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്നും ഫയാസ് ഖാൻ കെ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഉചിതമായ നടപടി സ്വീകരിക്കാൻ വൈകിയാൽ കോടതിയെ സമീപിക്കുമെന്ന് ഫയാസ് ഖാൻ ദ്വീപ് ഡയറിയോട് പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY