DweepDiary.com | ABOUT US | Saturday, 27 April 2024

ഹഖീഖത്ത് മാല പ്രകാശനം ചെയ്തു

In religious BY Web desk On 08 February 2024
കിൽത്താൻ: ലക്ഷദ്വീപിൽ അറബി മലയാളത്തിൽ എഴുതപ്പെട്ട സൂഫീകാവ്യമായ ഹഖീഖത്ത് മാല എന്ന നേർച്ചപ്പാട്ടിനെ മലയാളത്തിലേക്ക് ലിപിമാറ്റി പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ദിവസം എസ്‌ കെ എസ്‌ എസ്‌ എഫ്‌ കിൽത്താൻ യൂണിറ്റ് സംഘടിപ്പിച്ച മിഅ്റാജ്‌ പ്രഭാഷണവേദിയിലാണ് പ്രകാശന കർമ്മം നടന്നത്. യുവ പണ്ഡിതൻ പി.ടി.മുഹമ്മദ് ഫൈസി പുസ്തകത്തിൻ്റെ ആദ്യ കോപ്പി മുതിർന്ന സാഹിത്യകാരൻ കെ.പി.സെയ്തുമുഹമ്മദ് കോയക്ക് നൽകിക്കൊണ്ട് പ്രകാശനം നിർവ്വഹിച്ചു. എഴുത്തുകാരൻ കെ ബാഹിറാണ് മൊഴിമാറ്റം നടത്തി പുസ്തകം തയ്യാറാക്കിയത്. കിൽത്താൻ ദ്വീപിലെ ബദ്രിയത്തുൽ ഇസ്‌ലാം മദ്രസയുടെ പുനർനിർമ്മാണത്തിന് പണം സ്വരൂപിക്കുന്നതിനു വേണ്ടി മദ്രസ മാനേജ്മെൻ്റ് കമ്മിറ്റിയാണ് പുസ്തകത്തിന്റെ പ്രസിദ്ധീകരണം ഏറ്റെടുത്തിരിക്കുന്നത്.
കിൽത്താൻ ദ്വീപിന്റെ ആത്മീയ മുന്നേറ്റങ്ങൾക്ക്‌ ചുക്കാൻ പിടിച്ച സൂഫി ഗുരു ശൈഖ്‌ ഗുലാം മുഹമ്മദ്‌ അഹ്മദ്‌ നഖ്‌ ശബന്ദി (ഖു. സി) തങ്ങളുടെ ജീവിതത്തിലേക്ക്‌ വെളിച്ചം വീശുന്ന ഈ മാലപ്പാട്ട്‌ രചിക്കപ്പെട്ടത്‌ 1887 ൽ അദ്ദേഹത്തിന്റെ വഫാത്തിന്റെ അഞ്ചാണ്ടുകൾക്ക്‌ ശേഷമാണ്‌. മാലപ്പാട്ടുകൾ വിരചിതമായത്‌ അലമാരകളിൽ സൂക്ഷിക്കാൻ മാത്രമുള്ളതല്ലെന്നും അത്‌ പാടിയും പറഞ്ഞും മഹത്തുക്കളുടെ ജീവിതമാതൃകകൾ വരും തലമുറയ്ക്ക്‌ കൂടി പകർന്ന് നൽകാനുള്ളതാണെന്നും പുസ്തകപരിചയം നടത്തി സംസാരിച്ച പ്രശസ്ത എഴുത്തുകാരനും ലക്ഷദ്വീപ്‌ സാഹിത്യ പ്രവർത്തക സംഘത്തിന്റെ മുൻ കാല അധ്യക്ഷനുമായിരുന്ന കെ .ബാഹിർ അഭിപ്രായപ്പെട്ടു.
ഇന്നലെ രാത്രി ബദരിയ്യത്തുൽ ഇസ്‌ലാം മദ്രസയിൽ വെച്ച്‌ നടന്ന മിഅറാജ് പരിപാടിയുടെ ഔപചാരിക ഉത്ഘാടനം പി ടി മുഹമ്മദ്‌ ഫൈസി നിർവ്വഹിച്ചു. സർഗ്ഗലയാ കൺവീനർ അലിയാർ കുന്നി മിഅ്റാജ്‌ ഗീതം അവതരിപ്പിച്ചു. വർക്കിംഗ്‌ സെക്രട്ടറി സുഹൈൽ നഈമി "മിഅ്റാജ്‌ -പഠിക്കേണ്ട പാഠങ്ങൾ" എന്ന വിഷയത്തിൽ സംസാരിച്ചു. എസ്‌ കെ എസ്‌ എസ്‌ എഫ്‌ കിൽത്താൻ പ്രസിഡന്റ്‌ ഹാഫിള്‌ മുഹമ്മദ്‌ അഷ്രഫ്‌ ഫൈസിയുടെ പ്രാർത്ഥനയ്ക്ക്‌ ശേഷം ഹാഫിള്‌ നിളാമുദ്ദീൻ ഉസാമയുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പ്രഭാഷണ പരിപാടിക്ക്‌ ഇബാദ്‌ ഇൻ ചാർജ്ജ്‌ തൗഫീഖ്‌ റഹീമി സ്വാഗതവും ജോയിന്റ്‌ സെക്രട്ടറി ഹാഫിള്‌ ഇസ്സത്തുല്ലാ ഫൈസി നന്ദിയും പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY