DweepDiary.com | ABOUT US | Saturday, 27 April 2024

നോമ്പ് തുറ (നോമ്പ് ബിശളം - 2)

In interview Special Feature Article BY Web desk On 26 March 2024
ആളൊഴിഞ്ഞ അരങ്ങൊഴിഞ്ഞ ഈ ഉമ്മുൽ ഖുവൈനിന്റെ മരുഭൂമികളിലെ വിടെയോ സ്വന്തം റൂമിൽ ഒറ്റയ്ക്കിരുന്ന് നോമ്പു തുറക്കുമ്പോഴാണ് ആർഭാടങ്ങളോടും ആരവങ്ങളോടും കൂടി നോമ്പുതുറന്നിരുന്ന ആ സുന്ദരകാലം ഓർമ്മയിൽ വന്നുനിറയുന്നത്. കുഞ്ഞു നാളിൽ കോഴിക്കുഞ്ഞുങ്ങളെപ്പോലെ കലപില കൂട്ടി ഉമ്മുമ്മയുടെയും ഉമ്മയുടെയും അരികിൽ സഹോദരങ്ങൾക്കൊപ്പമാണ് നോമ്പ് തുറന്നിരുന്നത്. കുറച്ചു മുതിർന്നപ്പോൾ അത് പതിയെ പള്ളിയിലേക്കും കടപ്പുറത്തേക്കും കൂടേറി.

ചില ദിവസങ്ങളിൽ വൈകുന്നേരം ആകുമ്പോഴേക്കും ഇളനീരും ഈന്തപ്പഴവും പൊരിക്കടികളുമായി കൂട്ടുകാരുടെ കൂടെ കടപ്പുറത്തേക്ക് നോമ്പുതുറക്കാൻ പോകും . അന്നത്തെ മതിമറന്നുള്ള ഒരുക്കങ്ങൾക്കിടയിൽ നോമ്പിന്റെ വിശപ്പ് പോലും മറന്നു പോയിരുന്നു. അന്ത്രോത്ത് ദ്വിപിന്റെ മനോഹരിതയിൽ കുടുതലും ഒളിപ്പിച്ചു വെച്ചിരിക്കുന്ന മൂന്നു പ്രധാന സ്ഥലങ്ങളാണ് മൂലാ ബീച്ചും, ഹെലിപ്പാടും,ജെട്ടിയും. റംസാന്റെ എല്ലാ ദിവസവും വൈകുന്നേരം ആവുമ്പോഴേക്കും ഈ മൂന്നു സ്ഥലങ്ങളും ആളുകളെക്കൊണ്ട് നിറയും. കൊണ്ടുവന്നിരിക്കുന്ന പലഹാരങ്ങളും പാനീയങ്ങളും മുമ്പിൽ വച്ച് സൂര്യൻ കടലിലേക്ക് ഇറങ്ങുന്നതും നോക്കി ബാങ്ക് വിളിയും കാത്ത് കടൽ കാറ്റും കൊണ്ട് ഇരിക്കുന്ന ആ ഇരിപ്പ് വല്ലാത്തൊരു അനുഭൂതിയായിരുന്നു. ഒത്തൊരുമയുടെയും പങ്കുവെക്കലിന്റെയും ബാലപാഠങ്ങൾ മനസ്സിൽ ഊട്ടിയുറപ്പിച്ച നാളുകൾ . ഇന്ന് കണ്ണീരൊഴുക്കിൽ കാലിടറുന്നുണ്ട് ആ ഓർമ്മകളിലേക്ക് തിരികെ നടക്കുമ്പോൾ. നാടിന്റെ സമാധാനന്തരീക്ഷം അധികകാലം നിലനിൽ‌ക്കില്ല എന്ന് തിരിച്ചറിഞ്ഞ് നാടുവിട്ട ഒട്ടനവധി പേരിൽ ഒരാളാണ് ഞാൻ. പ്രവാസം വർഷങ്ങൾ പിന്നിടുമ്പോൾ നോമ്പിന്റെയും ഈന്തപ്പനയുടെയും വർണ്ണങ്ങൾ ജന്മം കൊണ്ട ഈ നാട്ടിൽ ഞാൻ ഓർമ്മകളുടെ മന്ദ മാരുതിനിൽ ആശ്വാസം തേടുകയാണ്. ഇപ്പൊ അധിക ദിവസവും ഒറ്റയ്ക്കിരുന്നാണ് നോമ്പു തുറക്കുന്നത്. നാട്ടുകാരായ റഹ്മത്തുള്ള മൂത്തോനും കോയാ മുത്തോനും ഒരുക്കിയ ദ്വീപ് നോമ്പുതുറക്ക് മാത്രമാണ് അല്പമെങ്കിലും നാടിന്റെ സ്മരണ ഉണർത്തുന്ന കാഴ്ചകൾ സമ്മാനിക്കാനായത്.

ഇളനീരും ഒറോട്ടിയും നാടൻ ബിരിയാണിയും എണ്ണമറ്റ പൊരിക്കടികളും അതിനെല്ലാം ഉപരി ഉമ്മയുടെയും ഉപ്പയുടെയും വാത്സല്യവും കരലാളനയും കൂട്ടുകാരുടെ ഒരുമിച്ചുള്ള യാത്രകളും നോമ്പുതുറയും ശേഷം കടലിലുള്ള അർമാദിക്കലും തുടർന്ന് കൂട്ടത്തോടെയുള്ള തറാവീക്ക് പോക്കും വിത്തിരിയയും ചായക്കും പലഹാരങ്ങൾക്കും വേണ്ടി മത്സരിക്കുന്നതും എല്ലാം ഓർമ്മകളിൽ വസന്തം തീർക്കുന്നു. ഒന്നുറപ്പായിരുന്നു , ആത്മീയമായി വലയം ചെയ്യപ്പെട്ട ആ പരിസരത്തിനകത്ത് ഞാൻ പൂർണ്ണനായിരുന്നു. എന്നിലെ കുട്ടി നിഷ്കളങ്കനും ആത്മാർത്ഥതയുള്ളവനും പൂർണ്ണ സന്തോഷവാനുമായിരുന്നു.
ഇന്ന് നഷ്ടപ്പെട്ട എന്തിനെയോ തിരഞ്ഞ് ഒന്നിൽ നിന്ന് പൂജ്യത്തിലേക്ക് നടന്നടുക്കുന്ന വഴി മറന്നൊരു യാത്രക്കാരനാണ് ഞാൻ

SHARE YOUR FEEDBACK

RECENT IN THIS CATEGORY