DweepDiary.com | ABOUT US | Saturday, 27 April 2024

ക്രൈം എഡ്യുക്കേഷന്‍

In interview Special Feature Article BY Web desk On 21 March 2024

സാര്‍, ഇവിടെ ക്രൈം ചെയ്യാനാണോ സ്കൂളില്‍ പഠിപ്പിക്കുന്നത്.? ടീംസേവറിന്‍ എന്ന അയര്‍ലണ്ടുകാരന്‍ ചേത്ത്ലാത്ത് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറോട് ചോദിച്ചു. പത്രപ്രവര്‍ത്തനം, സാഹസിക കടല്‍ യാത്ര,എന്നിവകളില്‍ തല്‍പ്പരനായിരുന്ന ടീംസേവറിന്‍ ജനിച്ചത് ആസാമിലെ ജോര്‍ഹട്ടിലാണ്.സാഹസികമായ പല യാത്രകളും ചെയ്ത് ലഹരിമൂത്ത ടീംസേവറിന് 1200 വര്‍ഷങ്ങള്‍മുമ്പ് സിമ്പാദ് എന്ന സാഹസികന്‍ നടത്തിയ യാത്രകളെ അനുകരിച്ച് യാത്രചെയ്യണമെന്ന മോഹമുദിക്കുന്നത് തികച്ചും സ്വാഭാവികം. സിമ്പാദ് യാത്ര ചെയ്ത അതേതരം വാഹനം തന്നെ വേണം യാത്രചെയ്യാനെന്നും ആ ജലവാഹനം നിര്‍മ്മിച്ച അതെ മെറ്റീരിയലുകള്‍ ഉപയോഗിച്ചുതന്നെ വാഹനം നിര്‍മ്മിക്കണം എന്നും അദ്ദേഹത്തിന് നിര്‍ബന്ധവും ഉണ്ടായിരുന്നു.അങ്ങിനെയുള്ള ഒരു വാഹനം ഉണ്ടാക്കിയെടുക്കുവാന്‍ പ്രാഗത്ഭ്യമുള്ള വ്യക്തികളെ തേടി ടീംസേവറിന്‍ അന്വേഷണമാരംഭിച്ചു.ചിലര്‍ അദ്ദേഹത്തിന്‍റെ കരാര്‍ ഏറ്റെടുക്കുകയും പണവും പിടുങ്ങി മുങ്ങിക്കളയുകയും ചെയ്തു.തുടര്‍ അന്വേഷണം അദ്ദേഹത്തെ കൊണ്ടെത്തിച്ചത് ലക്ഷദ്വീപിന്‍റെ സ്വന്തം കണ്ടുപിടുത്തക്കാരന്‍ അലിമണിക്ഫാന്‍റെ മുന്നില്‍. നാടന്‍ കപ്പല്‍ നിര്‍മ്മാണം, നാവികശാസ്ത്രം,സമുദ്രഗവേഷണം, ഗോളശാസ്ത്രം എന്നിവയില്‍ എല്ലാം നിപുണനായിരുന്ന അലിമണിക്ഫാന്‍ സന്തോഷപൂര്‍വ്വം കരാര്‍ ഏറ്റെടുത്തു.കപ്പല്‍ നിര്‍മ്മിക്കുവാന്‍ വിദഗ്ദരായ മണ്ടവിമാരെ(ആശാരിമാര്‍) മിനിക്കോയി,അഗത്തി,ദ്വീപുകളില്‍ നിന്നും അദ്ദേഹം തിരഞ്ഞെടുത്തു.പോരാത്തവരെ പുറത്തുനിന്നും സംഘടിപ്പിച്ചു. 1979 ഡിസംബര്‍ മാസം ടീംസേവറിനോടൊപ്പം അലിമണിക്ഫാന്‍ ഒമാനിലെ സൂര്‍ എന്ന തുറമുഖത്തില്‍ എത്തിച്ചേര്‍ന്നു.അവിടെയാണ് കപ്പല്‍ നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചിരുന്നത്. ഒരു വര്‍ഷം കൊണ്ട് കപ്പല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.എഴുപതിനായിരം തൊണ്ടുകള്‍(തോടി),നാലു ടണ്‍ കയറ്,കുറേ അയിനി മരങ്ങള്‍,എന്നിവ ഉപയോഗിച്ചാണ് കപ്പല്‍ നിര്‍മ്മിച്ചത്.കപ്പല്‍ നിര്‍മ്മാണത്തില്‍ മരപ്പലകകള്‍ കൂട്ടിയോജിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന നേര്‍ത്ത കയറ് (തുത്താര്‍) ഒമാനില്‍ വെച്ചുതന്നെ പ്രത്യേകം പിരിച്ചെടുക്കുകയാണ് ചെയ്തത്.80 അടി നീളവും,22 അടി വീതിയും ഉണ്ടായിരുന്നു ആ കപ്പലിന്.കപ്പല്‍ നിര്‍മ്മിക്കുവാനുള്ള ചിലവുകള്‍ മുഴുവനും ഒമാനിലെ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ഏറ്റെടുത്തു. കപ്പലിന്‍റെ പണി നിശ്ചയിച്ച സമയത്തു തന്നെ പൂര്‍ത്തിയാക്കി.കപ്പല്‍ കടലില്‍ ഇറക്കി.ടീംസേവറിന്‍റെ സ്വപ്നതുല്യമായ യാത്രക്ക് കളമൊരുങ്ങി.1980 നവംബര്‍ 21ന് ടീംസേവറിനും ഇരുപത്തി രണ്ട് അംഗ നാവികരും ഒമാനിലെ സൂറില്‍ നിന്നും യാത്ര ആരംഭിച്ചു.കപ്പലിന് സിമ്പാദിന്‍റെ സ്വദേശത്തിന്‍റെ പേരാണ് നല്‍കിയത്.സൊഹാര്‍ എന്നായിരുന്നു ആ സ്ഥലത്തിന്‍റെ പേര്. സിമ്പാദ് യാത്രചെയ്ത അതേ റൂട്ടില്‍ കൂടി തന്നെ യാത്രചെയ്യണം എന്ന നിര്‍ബന്ധവും ടീംസേവറിന് ഉണ്ടായിരുന്നു.യാത്രാ സംഘത്തില്‍ അലിമണിക്ഫാന്‍ ഉണ്ടായിരുന്നില്ല.ചൈനയിലെ കാന്‍റണ്‍ തുറമുഖം ലക്ഷ്യംവെച്ചായിരുന്നു സംഘത്തിന്‍റെ യാത്ര. യാത്ര പുറപ്പെടും മുമ്പ് ടീംസേവറിന്‍ അലിമണിക്ഫാനോട് ചോദിച്ചു.കപ്പല്‍ യാത്ര പുറപ്പെട്ട് ഈ റൂട്ടില്‍കൂടി യാത്ര ചെയ്താല്‍ ആദ്യം എത്തിച്ചേരുന്നത് എവിടെ ആയിരിക്കും? യാതൊരു സംശയത്തിനും ഇടയില്ലാതെ അലിമണിക്ഫാന്‍ പറഞ്ഞു ലക്ഷദ്വീപിലെ ചേത്ത്ലാത്ത് ദ്വീപിലായിരിക്കും ആദ്യം എത്തിച്ചേരുക. സന്തോഷത്തിലും ആവേശത്തിലും യാത്രപുറപ്പെട്ട സോഹാര്‍ എന്ന ആ പായക്കപ്പല്‍ ചേത്ത്ലാത്ത് ദ്വീപിന്‍റെ കിഴക്കുഭാഗത്ത് തന്നെ എത്തിച്ചേരുകയും അവിടെ നങ്കൂരമിടുകയും ചെയ്തു.വിവരമറിഞ്ഞ് സ്ഥലത്തെ പോലീസുകാര്‍ തോക്കും വടിയുമായി പാഞ്ഞെത്തി. കപ്പലിന്‍റെ സൈഡില്‍ ബോട്ടടുപ്പിച്ച പോലീസുകാര്‍ കയ്യിലുണ്ടായരുന്ന തോക്ക് കപ്പലിനു മുകളിലുള്ളവര്‍ക്ക് നീട്ടിക്കൊടുത്തിട്ടാണ് കപ്പലിലേക്ക് കയറിച്ചെന്നതെന്ന് സ്വല്‍പ്പം തമാശയോടെയാണ് ടീം സേവറിന്‍ വിവരിച്ചിരിക്കുന്നത്.അങ്ങിനെ കപ്പലില്‍ കയറിയ പോലീസുകാര്‍ അവരുടെ യാത്രാ രേഖകള്‍ എല്ലാം പരിശോധിച്ചശേഷം നിങ്ങള്‍ക്കിവിടെ കപ്പല്‍ അടുക്കുവാനുള്ള അനുമതി തന്നിട്ടില്ല.നിയമം ലംഘിച്ചാണ് നിങ്ങള്‍ ഇവിടെ കപ്പല്‍ അടുപ്പിച്ചതെന്നു പറഞ്ഞ് ടീംസേവറിനേയും സംഘത്തേയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. സ്റ്റേഷനില്‍ എസ്.ഐ.യുടെ ടേബിളിനു സമീപം ഇരുന്ന ടീംസേവറിന്‍ അവിടെ അടുക്കിവെച്ചിരുന്ന ഫയലുകളില്‍ ഒന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് എസ്.ഐ.യോട് ചോദിച്ചു. സര്‍,ഞാന്‍ ദ്വീപിനെക്കുറിച്ച് വായിച്ചറിഞ്ഞത് കുറ്റകൃത്യങ്ങളും കുറ്റവാളികളും ഇല്ലാത്ത സ്ഥലമാണ് ലക്ഷദ്വീപ് എന്നാണ്.പിന്നെ എന്തിനാണ് സാര്‍ ഇവിടെ ഒരു ക്രൈം ഫയല്‍? അപ്പോള്‍ എസ്.ഐ.പറഞ്ഞ മറുപടിയാണ് ഏറ്റവും വിചിത്രമായി തോന്നിയത്.ഇപ്പോള്‍ എല്ലാവര്‍ക്കും എഡ്യുക്കേഷന്‍ ഒക്കെ കിട്ടിപ്പോയില്ലേ?എന്നാണ് ആ എസ്.ഐ.മറുപടിയായി പറഞ്ഞത്.ഇതുകേട്ട ടീംസേവറിന്‍ വളരെ അതിശയത്തോടെ എസ്.ഐ.യോട് ചോദിച്ചു.സാര്‍ അപ്പോള്‍ ഇവിടെ ക്രൈം ചെയ്യുവാനാണോ നിങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നത്?എന്നാണ്. ദി സിമ്പാദ് വൊയേജ് എന്ന പുസ്തകത്തില്‍ ടീംസേവറിന്‍ തന്‍റെ യാത്രയിലെ ഈ അനുഭവങ്ങള്‍ ഒക്കെ വിവരിക്കുന്നുണ്ട് എന്നാണ് അലിമണിക്ഫാന്‍ എനിക്ക് വിശദീകരിച്ചു തന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY