DweepDiary.com | ABOUT US | Saturday, 27 April 2024

ലക്ഷദ്വീപിൽ ഇനിയും ജനാധിപത്യം നടപ്പായിട്ടില്ല; മുഹമ്മദ്‌ ഫൈസൽ

In interview Special Feature Article BY Web desk On 21 March 2024
ലക്ഷദ്വീപ് എം പിയും എൻ സി പി ( എസ് ) സ്ഥാനാർത്ഥിയുമായ പി പി മുഹമ്മദ് ഫൈസൽ നിലപാട് പറയുന്നു. രാഷ്ട്രീയം, ലക്ഷദ്വീപിൻ്റെ ഭാവി, ലോക്സഭാ തിരഞ്ഞെടുപ്പ് തുടങ്ങിയ മേഖലയിലൂടെ നീണ്ടുപോകുന്ന കാഴ്ച്ചപ്പാടുകൾ പങ്കുവെക്കുന്ന സംസാരം. ദ്വീപ്ഡയറി പ്രതിനിധി എം പിയുമായി നടത്തിയ അഭിമുഖം.
? ഏഴ് കപ്പലുണ്ടായിരുന്നിടത്ത് ഇപ്പോൾ ഒന്നും രണ്ടും കപ്പലുകളൊക്കെയാണ് പലപ്പോഴും ഓടുന്നത്. ഇക്കാര്യത്തിൽ ഏത് തരത്തിലുള്ള ഇടപെടലാണ് നടത്തിയിട്ടുള്ളത്
കപ്പൽ ഗതാഗത മേഖലയിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ നടത്തിയിരിക്കുന്ന പരിഷ്ക്കരണങ്ങൾ ലക്ഷദീപ് ജനതയുടെ ഗുണകാംക്ഷ ലക്ഷ്യമാക്കിയുള്ളതല്ല. കാരണം കപ്പൽ ഓടിക്കുന്നതും കപ്പലുമായി നിരന്തരം ഇടപെടുന്നതുമായ മേഖലയിലേക്കാണ് കപ്പലുകളുടെ നിയന്ത്രണം എല്പ്പിക്കേണ്ടത്. ലക്ഷദ്വീപിലെ കപ്പലുകൾ ഓടിക്കുന്നതിനുള്ള പരിപൂർണ്ണമായ ഉത്തരവാദിത്വം ഏൽപ്പിച്ചിരിക്കുന്നത് കൊച്ചിൻ പോർട്ട് ട്രസ്റ്റിനാണ്. കപ്പൽ പ്രോഗ്രാം ഷെഡ്യൂൾ ചെയ്യുന്നതും ഓടിക്കുന്നതും മെയിന്റനൻസ് ചാർട്ട് ചെയ്യുന്നതും അവരാണ്. ലക്ഷദ്വീപ് തുറമുഖ വകുപ്പിന് ഷിപ്പ് പ്രോഗ്രാം പബ്ലിഷ് ചെയ്യാനുള്ള അനുമതി വരെയില്ല. നേരത്തെ ഓരോ കപ്പലും ഏതുസമയത്ത് ഡോക്കിലേക്ക് പോണമെന്നത് സർട്ടിഫിക്കറ്റ് ഓഫ് എക്സ്പെയറേഷൻ പ്രകാരം മുൻകൂട്ടി ചാർട്ട് ചെയ്ത കലണ്ടർ ഓഫ് ഇവൻ്റ്സ് അടിസ്ഥാനത്തിലാണ് ചെയ്തിരുന്നത്. ഇന്ന് നാലോ അഞ്ചോ കപ്പലുകൾ ഒരുമിച്ചു ഡോക്കിലാവുന്നതിന്റെ സാഹചര്യം ഇവരുടെ കെടുകാര്യസ്ഥത മൂലം ഉണ്ടായതാണ്. പട്ടേൽ വരുത്തിയ പരിഷ്കാരങ്ങളിൽ ഏറ്റവും അബദ്ധമായ ഒന്നാണിത്. അദ്ദേഹത്തിന്റെ അഹങ്കാരമാണ് ഇപ്പോഴും ഇങ്ങനെ തുടരാൻ കാരണം. ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലേക്ക് ലക്ഷദ്വീപ് കപ്പലുകളുടെ നിയന്ത്രണം തിരിച്ചുകൊണ്ടുവരണം. കൊച്ചിൻ ഷിപ്പ് കോർപറേഷൻ ഈ മേഖലയിൽ യാതൊരു നൈപുണ്യവും ഇല്ലാത്തവരാണ്. അവർ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരല്ല. ഷിപ്പിന്റെ ഇൻഫ്രാസ്ട്രക്ചർ & ഡെവലപ്മെന്റ് ആണ് അവരുടെ മേഖല. ഷിപ്പ് ഓടിക്കുന്നതിന്റെയോ മെയിന്റനൻസിന്റെയോ ചുമതല അവരെ ഏൽപ്പിക്കാൻ പറ്റില്ല. LDCL ലക്ഷദ്വീപിന്റേതായ സ്ഥാപനമാണ്. എന്നാൽ ഇവർക്ക് ഷിപ്പിംഗ് കോർപ്പറേഷനിൽ ഇടപെടുന്നതിൽ പരിമിതിയുമുണ്ട്.
? പട്ടേൽ വന്നിട്ട് ഇതുവരെ രണ്ടായിരത്തിലേറെ പേരെ വിവിധ തൊഴിലുകളിൽ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. ഇത് തൊഴിൽ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ എംപി എന്ന നിലക്ക് എന്താണ് പറയാനുള്ളത്.
ഇതിൽ ഒന്നാമതായി പറയാനുള്ളത് പട്ടേൽ നിർണ്ണയിക്കുന്നത് മാത്രമായിരിക്കരുത് നമ്മുടെ ജീവിതം. നമ്മുടെ തൊഴിൽ സങ്കല്പങ്ങളിലും ചെറിയ മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ലക്ഷദ്വീപിൽ തന്നെ ജോലിനേടണം എന്ന് ചിന്തിക്കരുത്. പട്ടേലിന് ലക്ഷദ്വീപ് ജനതയോട് യാതൊരു പ്രതിബദ്ധതയും ഇല്ല. ഈ മേഖലയിൽ രാഷ്ട്രീയപരമായി ചെറുത്തുനിൽപ്പ് തുടരുന്നതോടൊപ്പം പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്താൻ ചെറുപ്പക്കാർ ശ്രമിക്കേണ്ടതുണ്ട്.
? താങ്കൾ പിഎം സഈദ് സാഹിബിനെ അനുകരിക്കുകയാണ് എന്ന് പറയുന്നത് ശരിയാണോ?
സഈദ് സാഹിബിനോട് രാഷ്ട്രീയാദർശപരമായി വിയോജിപ്പുണ്ടെങ്കിലും വളരെ നീണ്ട കാലം ലക്ഷദ്വീപിനെ പാർലമെന്റിൽ പ്രതിനിധീകരിച്ച ജനപ്രതിനിധി എന്ന നിലക്കും ലക്ഷദീപുമായി അടുത്തിടപഴകിയ വലിയ നേതാവ് എന്ന നിലക്കും അദ്ദേഹത്തിന്റെ വിജയ രഹസ്യവും ജന പിന്തുണയുമൊക്കെ ഒരു പഠന വിഷയമാണ്. ഞാൻ മറ്റൊരു സഈദ് സാഹിബ് ആവാൻ ശ്രമിച്ചിട്ടില്ല. ലക്ഷദ്വീപിന്റെ പ്രശ്നങ്ങൾ വരുന്ന സമയത്ത് അദ്ദേഹം മുമ്പ് എടുത്തിരുന്ന നിലപാടുകൾ അറിയാനും അന്വേഷിക്കാനും ശ്രമിച്ചിട്ടുണ്ട്.
? വരുന്ന തിരഞ്ഞെടുപ്പിനെ എങ്ങനെ നോക്കിക്കാണുന്നു
വളരെ പ്രാധാന്യത്തോടെയാണ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. ഇത്രയും കാലം നേരിട്ടിട്ടില്ലാത്ത രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് ലക്ഷദ്വീപ് ജനത നിലവിൽ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ എടുക്കുന്ന തീരുമാനങ്ങൾക്ക് കേന്ദ്ര ഗവൺമെന്റ് പരോക്ഷമായി പിന്തുണ നൽകുന്ന സമീപനമാണ് കാണുന്നത്. കേന്ദ്രത്തിൽ ഏത് ഗവൺമെന്റ് രൂപീകരിക്കപ്പെടുന്നു എന്നത് വളരെ പ്രാധാന്യമർഹിക്കുന്നു. ലക്ഷദ്വീപിന്റെ ദൈനംദിന കാര്യങ്ങൾക്ക് അംഗീകാരം നൽകുന്നത് കേന്ദ്രത്തിന്റെ ചുമതലയാണ്. ലക്ഷദ്വീപിന്റെ ആവശ്യങ്ങളും അവകാശങ്ങളും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമ്മെ കൂടുതൽ മനസ്സിലാക്കിത്തരുന്ന ഒരു തെരഞ്ഞെടുപ്പാണിത്.
?വിജയ സാധ്യത എങ്ങനെ വിലയിരുത്തുന്നു
കഴിഞ്ഞ രണ്ടുതവണകളിലായി ലക്ഷദ്വീപ് ജനത എന്നെ പിന്തുണച്ചിട്ടുണ്ട്. വിജയിപ്പിച്ചിട്ടുണ്ട്. ഇപ്രാവശ്യം കഴിഞ്ഞതവണത്തെതിനേക്കാൾ വലിയ പിന്തുണ ഉണ്ടാവും എന്നാണ് പ്രതീക്ഷ.
? കേന്ദ്രത്തിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം അധികാരത്തിൽ വരികയും ലക്ഷദ്വീപിൽ നിന്ന് താങ്കൾ എം പിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്താൽ ലക്ഷദ്വീപിന്റെ നിലനിൽപ്പിനും നന്മയ്ക്കും വേണ്ടി ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാൻ ആലോചനയുണ്ടോ?
ബിജെപി എന്ന പാർട്ടിയോട് എനിക്കും എന്റെ പാർട്ടിക്കും ഒരു യോജിപ്പുമില്ല. ഈ നിലപാടിലാണ് ഞങ്ങൾ നീങ്ങുന്നത്. എൻസിപിയുടെ മുതിർന്ന നേതാവായിരുന്ന അജിത്ത് പവാറും സംഘവും എൻഡിഎയുടെ ഘടകകക്ഷികൾ ആയി മാറിയ സാഹചര്യത്തിലും ലക്ഷദ്വീപിലെ എൻ സി പി ഘടകം നിലപാടിൽ ഉറച്ചുനിൽക്കുന്നു. ബിജെപി ആവാനോ ബിജെപിയുടെ സഖ്യ കക്ഷി ആവാനോ ഉള്ള ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല. കേന്ദ്രത്തിൽ അധികാരത്തിൽ വരുന്ന പാർട്ടി അതേതായാലും അവരെ സ്വാധീനിച്ച് നല്ല ബന്ധം പുലർത്തി കൂടുതൽ കാര്യങ്ങൾ നേടിയെടുക്കുക എന്നത് തെരഞ്ഞെടുക്കപ്പെട്ട എംപി എന്ന നിലക്ക് ഒരു ഉത്തരവാദിത്തമായി കാണുന്നു.
? താങ്കളുടെ പ്രവർത്തനം വീക്ഷിക്കുമ്പോൾ മോദി അമിത്ഷാ തുടങ്ങിയ കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്നവരോട് ഒരു മൃദു സമീപനം ഉള്ളതായി കാണുന്നു. പ്രധാനമന്ത്രി വന്നപ്പോൾ സ്വീകരിക്കാൻ താങ്കളും പാർട്ടിയും മുന്നിലുണ്ടായിരുന്നു. അപ്പോൾ ലക്ഷദ്വീപിലുള്ള പ്രശ്നങ്ങളെല്ലാം പട്ടേൽ മാത്രം ഉണ്ടാക്കുന്നതാണോ?
ഇവിടെ രണ്ടു രീതിയിലാണ് കാര്യങ്ങൾ മനസ്സിലാക്കേണ്ടത്. ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്ററായ പ്രഫുൽ ഗോഡാ പട്ടേൽ തന്നെയാണ് ലക്ഷദ്വീപിന് പ്രതികൂലമായ തീരുമാനങ്ങൾക്ക് മുൻകൈയെടുക്കുന്നത്. പട്ടേൽ വരുന്നതിനുമുമ്പ് അഡ്മിനിസ്ട്രേറ്റർമാരായിരുന്ന ഫാറൂഖ് ഖാനും ദിനേശർ ശർമ്മയുമെല്ലാം കേന്ദ്രത്തിൽനിന്നുള്ള പ്രതിനിധികൾ തന്നെയായിരുന്നു. എന്നാൽ ഇവർക്ക് ലക്ഷദ്വീപിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോടും ജനങ്ങളോടും കൂടിയാലോചിക്കുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു. പണ്ടാരം ഭൂമി വിഷയത്തിൽ ഫാറൂഖ് ഖാൻ എടുത്ത തീരുമാനം ഇതിന് ഉദാഹരണമാണ്. പണ്ടാരം ഭൂമി ലക്ഷദ്വീപ് ജനതക്ക് അവകാശപ്പെട്ടതാണെന്ന് പ്രഖ്യാപിക്കുകയും അതിനാവശ്യമായ ഭേദഗതികൾ കൊണ്ടുവരാൻ ജനങ്ങളുമായി കൂടിയാലോചിച്ച് ഒരു സമിതി രൂപീകരിക്കുകയും ഇപ്പോൾ അധികാരത്തിലുള്ള ഇതേ കേന്ദ്ര ഗവൺമെന്റിനെക്കൊണ്ട് തീരുമാനം എടുപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പണ്ടാരം ലാൻഡ് ഭേദഗതി 15 A ഇങ്ങനെ നിലവിൽ വന്നതാണ്. പണ്ടാരം ലാൻഡിന്റെ കൈമാറ്റം നിയമ സാധ്യതയുള്ളതാക്കി മാറ്റിയത് ഈ ഭേദഗതിയിലൂടെയാണ്. പട്ടേൽ വന്നതിനുശേഷം അദ്ദേഹം എടുക്കുന്ന തീരുമാനങ്ങൾ കൂടുതൽ ജനങ്ങളെ ബാധിക്കുന്നതാണ്. എന്നാൽ കേന്ദ്രം പല കാര്യങ്ങളിലും ഇതിന് തടസ്സം നിൽക്കുന്നതായിട്ട് കാണാം. ഗുണ്ട ആക്ട് , LDAR എന്നിവയുടെ കാര്യങ്ങളിൽ വലിയ പ്രതിഷേധം ഉണ്ടാവുകയും ചെയ്തതാണ്. ഇതിനൊന്നും ഇതുവരെ കേന്ദ്രം അംഗീകാരം നൽകിയിട്ടില്ല എന്നത് നാം മനസ്സിലാക്കണം. പട്ടേലിന്റെ ഏറ്റവും വലിയ ലക്ഷ്യം ഇവിടത്തെ ഭൂമി സർക്കാരിന്റേതാക്കി മാറ്റുക എന്നതാണ്. അതിന് അദ്ദേഹം കേന്ദ്രത്തെ സമ്മർദ്ദം ചെലുത്തി കൊണ്ടിരിക്കുന്നു. ഈ ഘട്ടത്തിൽ ലക്ഷദ്വീപ് ജനതയുടെ ആവശ്യം കേന്ദ്രത്തെ ബോധ്യപ്പെടുത്തുക എന്നത് സ്ഥലം എംപിയുടെ കർത്തവ്യമാണ്. അതിനെ മൃദു സമീപനം എന്നല്ല പറയേണ്ടത് തന്ത്രപരമായ ഒരു നീക്കം എന്ന് പറയാം. പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദർശനത്തിന് വരുന്ന വിഷയത്തിൽ പട്ടേൽ ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. പാർട്ടിയെ ആദ്യമായാണ് ഇങ്ങനെ ചർച്ചയ്ക്ക് ക്ഷണിക്കുന്നത്. കൂടിയാലോചനയിലൂടെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോവുക എന്നത് ഞങ്ങളുടെ നയത്തിന്റെ ഭാഗമാണ്. അന്ന് ലക്ഷദ്വീപിന്റെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു.
? ലക്ഷദ്വീപിൽ ജനാധിപത്യം ശരിയായ അർത്ഥത്തിൽ നിലനിൽക്കുന്നുണ്ട് എന്ന് കരുതുന്നുണ്ടോ
ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങൾക്ക് വേണ്ടിയുള്ള ഒരു ജനകീയ സഭയാണ് ജനാധിപത്യം. എന്നാൽ ഇങ്ങനെ ഒരു വ്യവസ്ഥയിലൂടെയല്ല ഇവിടത്തെ കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നത്. ലക്ഷദ്വീപിൽ രണ്ടു തലങ്ങളിലാണ് ജനാധിപത്യ സംവിധാനം നിലനിൽക്കുന്നത്. ഒന്ന് എം പി, എംപിയുടെ ഉത്തരവാദിത്വം സഭകളിൽ ജനങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കുക, വിഷയങ്ങൾ കേന്ദ്ര ഗവൺമെന്റിനെ ശ്രദ്ധയിൽ കൊണ്ടുവരിക തുടങ്ങിയവയാണ്. ഭരണസംവിധാനത്തിൽ എംപിക്ക് യാതൊരു പങ്കുമില്ല. പഞ്ചായത്ത് സംവിധാനമാണ് രണ്ടാമതുള്ളത്. ഇതിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് കുറഞ്ഞ നിലയിലെങ്കിലും ഭരണപരമായ അധികാര പങ്കാളിത്തമുണ്ട്. പ്രസിഡന്റ് കം ചീഫ് കൗൺസിലർക്ക് നിർവ്വാഹക ദൗത്യമുള്ള 5 ഡിപ്പാർട്ട്മെന്റുകളുണ്ട്. പ്രധാനപ്പെട്ട ചില ഫണ്ട് വകയിരുത്തലിനും അധികാരം ഉണ്ട്. എന്നാൽ ഇവർ എടുക്കുന്ന തീരുമാനങ്ങൾക്ക് അംഗീകാരം നൽകുന്നതും അഡ്മിനിസ്‌ട്രേറ്ററുടെ അധികാരപരിധിയിൽ പെടുന്ന കാര്യങ്ങളാണ്. ഈ അഡ്മിനിസ്ട്രേറ്റർ നമ്മൾ തിരഞ്ഞെടുത്ത വ്യക്തിയല്ല. അങ്ങനെയുള്ള ഒരാൾക്ക് ഇവിടത്തെ ജനങ്ങളോട് പ്രതിബദ്ധത ഉണ്ടാവണമെന്നില്ല. അതൊരു ഏകാധിപത്യ സംവിധാനമാണ്. ചുരുക്കത്തിൽ ലക്ഷദ്വീപിൽ ജനാധിപത്യം നിലനിൽക്കുന്നില്ല എന്ന് തന്നെ പറയാം.
? കേന്ദ്രത്തിന്റെ ടൂറിസം പദ്ധതികൾ വിപുലീകരിക്കാനുള്ള നടപടികൾ നടന്നു വരികയാണല്ലോ. ലക്ഷദ്വീപിൽ നടപ്പാക്കുന്ന ടൂറിസത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്.
ലക്ഷദ്വീപിൽ ടൂറിസം നടപ്പാക്കുന്നതിന് ഞാനോ പാർട്ടിയോ എതിരല്ല. പക്ഷേ അത് ഏത് രീതിയിലായിരിക്കണം എന്നതാണ് വിഷയം. ജനങ്ങളെ ടൂറിസത്തിന്റെ ഗുണിഭോക്താക്കളാക്കി അതിന്റെ ഭാഗമാക്കുന്ന ടൂറിസമാണ് വിഭാവനം ചെയ്യേണ്ടത്. ലക്ഷദ്വീപിൽ വളരെ പെട്ടെന്ന് ടൂറിസം വിപുലീകരിക്കാനാവില്ല. അതിന് ഒരുപാട് കടമ്പകളുണ്ട്. ബംഗാരം, തിണ്ണക്കര, സുഹേലി, ചെറിയം എന്നിങ്ങനെ വലിയ അളവിൽ ആൾപ്പാർപ്പില്ലാത്ത ദീപുകളിൽ ടൂറിസം കൊണ്ടുവരുന്നത് ശ്രമകരമാണ്. ഇവിടെ ടൂറിസം നടപ്പാക്കുന്നതിനെ ചൊല്ലി കോടതിയിൽ കേസ് നടക്കുകയാണ്. ഏത് നിക്ഷേപകർ വരുമ്പോഴും അവർ ആദ്യം നോക്കുന്നത് അവിടെ എന്തെങ്കിലും നിയമ തടസ്സം ഉണ്ടോ എന്നാണ്. ഈ ഭൂമി സർക്കാരിന്റേതാക്കി മാറ്റാനുള്ള പട്ടേലിന്റെ ശ്രമത്തെ കോടതി സ്റ്റേ ചെയ്തിട്ട് മാസങ്ങളായി. ഇങ്ങനെ സ്റ്റേയിൽ കിടക്കുന്ന ഒരു സ്ഥലത്ത് എങ്ങനെയാണ് നിക്ഷേപകർ വരിക. നിക്ഷേപകരെ ആകർഷിക്കുന്ന തരത്തിലുള്ള ടൂറിസമല്ല ഇന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ വിഭാവനം ചെയ്തിരിക്കുന്നത്. അവരെ ആകർഷിക്കണമെങ്കിൽ ഇവിടെയുള്ള ജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തണം. അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകിയിരിക്കുകയും വേണം. ടൂറിസം പദ്ധതികൾ ഏത് ഗവൺമെന്റിന്റെയും വികസനവുമായി ബന്ധപ്പെട്ട പ്രധാന കാര്യമാണ്. ഇത് എങ്ങനെ പ്രവർത്തികമാക്കും എന്നതാണ് വിഷയം. ദ്രുതഗതിയിൽ നടപ്പാക്കണമെങ്കിൽ പ്രധാനമന്ത്രി ജനങ്ങളോട് വിഷയം ആലോചിച്ച് പ്രശ്നങ്ങൾ പരിഹരിച്ച് കാര്യങ്ങൾ എളുപ്പമാക്കാം.
? ഫോർട്ട് കൊച്ചി, ഗോവ എന്നിങ്ങനെ പല ടൂറിസം മേഖലകളിലും ജനങ്ങളുടെ സംസ്കാരം ടൂറിസം വന്നതുമൂലം നശിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയുണ്ടല്ലോ. ലക്ഷദ്വീപിലും ടൂറിസം നടപ്പായാൽ അത് ലക്ഷദീപിനെ ബാധിക്കില്ലേ
അത് ഒരർത്ഥത്തിൽ ശരിയാണ്. വ്യത്യസ്തമായ ഒരു ടൂറിസം പദ്ധതിയാണ് എൻസിപി മുന്നോട്ടുവെക്കുന്നത്. ആൾപ്പാർപ്പില്ലാത്ത ദ്വീപുകളിൽ ഫൈവ് സ്റ്റാർ റിസോർട്ടുകളും ആൾപ്പാർപ്പുള്ള ദ്വീപുകളിൽ തന്നെ ജനവാസം കുറഞ്ഞ ഭാഗങ്ങളിൽ ടൂറിസ്റ്റ് ഹോം പദ്ധതികളുമാണ് ഞങ്ങൾ മുന്നോട്ടു വെക്കുന്നത്. നമ്മുടെ കൾച്ചർ എന്താണെന്ന് ടൂറിസ്റ്റുകൾക്ക് ബോധ്യപ്പെടുത്തുന്ന പദ്ധതികളാണ് ഉണ്ടാവേണ്ടത്. അതിനുവേണ്ടിയുള്ള പോളിസികളാണ് ആവശ്യം. അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് തൊഴിലവസരം ഇതിലൂടെ വരുമെന്നത് പ്രത്യേകം ശ്രദ്ധിക്കണം.
? കോർപ്പറേറ്റ് ശക്തികളാണ് ഇവിടേക്ക് കടന്നുവരുന്നത്. അവർ ദ്വീപിന്റെ മൂല്യങ്ങൾക്കും സംസ്കാരങ്ങൾക്കും വില കൽപ്പിക്കുമെന്ന് കരുതുന്നുണ്ടോ?
നമ്മുടെ സംസ്കാരം നിലനിർത്താനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. സർക്കാർ പോളിസികൾ അതിനനുസരിച്ച് ക്രമീകരിക്കലാണ് ആവശ്യം.
? ബിത്രയിലെ ജനങ്ങളെ കുടിയൊഴിപ്പിക്കും എന്ന ഒരു അഭ്യൂഹം ജനങ്ങളുടെ മനസ്സിൽ നിലനിൽക്കുന്നുണ്ട് അതിന്റെ യാഥാർത്ഥ്യം എന്താണ്?
അങ്ങനെ കുടിയൊഴിപ്പിക്കൽ എളുപ്പമുള്ള കാര്യമല്ല. രാഷ്ട്രപതിയുടെ വിവേചന അധികാരം വെച്ച് നിയമപരമായി ജീവിക്കുന്ന ജനങ്ങൾക്ക് അവിടെ അവകാശം ലഭിച്ചു വരുന്നതിനാൽ അവരെ കുടിയൊഴിപ്പിക്കുന്നത് നിയമപരമായി തടയാൻ കഴിയും. നമ്മൾ കയ്യുംകെട്ടി നിൽക്കേണ്ടതില്ലല്ലോ.
? ഫിഷറീസ് മേഖലയിൽ വലിയ രീതിയിൽ കോർപ്പറേറ്റ് ഫിഷ് ഹൻഡിങ് നടക്കാൻ പോകുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. അങ്ങനെ വന്നാൽ മത്സ്യബന്ധന മേഖല കോർപ്പറേറ്റുവൽക്കരിക്കപ്പെടില്ലേ. ഇത് സാധാരണക്കാരായ മനുഷ്യത്വ തൊഴിലാളികളെ ബാധിക്കുകയില്ലേ?
ഫിഷറീസ് മേഖലയിൽ കോർപ്പറേറ്റുകളെ കൊണ്ടുവരാതിരിക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. എന്നാൽ സർക്കാർ പോളിസികളിൽ എല്ലാ വിഭാഗത്തെയും ഉൾപ്പെടുത്തണമെന്ന് മാത്രം. കേരളത്തിൽ വലിയ രീതിയിൽ ട്രോളിംഗ് മെഷീനുകളും ബോട്ടുകളും മത്സ്യബന്ധന രംഗത്തുണ്ട്. അതേസമയം പ്രാദേശിക മത്സ്യത്തൊഴിലാളികൾക്ക് അവർക്കാവശ്യമായ സ്കീമുകളും പദ്ധതികളും നൽകി വരികയും ചെയ്യുന്നു. ഇത്തരത്തിൽ എല്ലാ വിഭാഗക്കാരെയും ഉൾപ്പെടുത്തുന്ന പോളിസികളാണ് ആവശ്യം.
? ബിത്ര, മിനിക്കോയി ദ്വീപുകൾ കേന്ദ്രമാക്കി ലക്ഷദ്വീപിനെ ഒരു സൈനിക താവളകമാക്കുന്ന പദ്ധതി വരുന്നുണ്ട്. ഇത് ഇവിടത്തെ സുഖമായ ജന ജീവിതത്തെ ബാധിക്കില്ലേ?
ഡിഫൻസുമായി ബന്ധപ്പെട്ട് സർക്കാർ എടുക്കുന്ന തീരുമാനത്തിൽ നമുക്ക് കൂടുതലായി ഇടപെടാൻ കഴിയില്ല. മിനിക്കോയി, കവരത്തി , ആന്ത്രോത്ത് ദീപുകളിൽ നേവിയുടെ കേന്ദ്രങ്ങൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെയൊന്നും പ്രദേശവാസികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടില്ല. അതാത് പ്രദേശത്തെ ജനങ്ങളുടെ കോൺഫിഡൻസ് ഉറപ്പുവരുത്തിയുള്ള ഡിഫൻസ് മെക്കാനിസത്തിലാണ് സാധാരണ പ്രതിരോധ വകുപ്പ് ഊന്നൽ നൽകിവരുന്നത്. ഇവിടെയും അങ്ങനെ തന്നെയായിരിക്കും എന്ന് കരുതാം. ജനങ്ങളെ കുടിയൊഴിപ്പിക്കാനോ ബുദ്ധിമുട്ടിക്കാനോ തുടങ്ങിയാൽ എതിർക്കുകയും ചെയ്യാം.
? നമ്മുടെ വിദ്യാർത്ഥികൾ കുറേക്കാലം കേരള സിലബസ് പഠിച്ചു. ഇനി സിബിഎസ്ഇ മാത്രമായി ചുരുങ്ങുകയും ചെയ്യുന്നു. നമ്മുടെ ലക്ഷദ്വീപിന്റേതായ ഒരു സിലബസ് ആവശ്യമായി തോന്നുന്നില്ലേ
നമ്മുടെ ലക്ഷദ്വീപിന്റേതായ ഒരു പഠന സംവിധാനവും വിദ്യാഭ്യാസ ബോർഡും നിലവിൽ വരേണ്ടത് ആവശ്യമാണ്. ഒരാൾ എന്ത് പഠിക്കണം എന്നത് ആ വ്യക്തിയുടെ തീരുമാനമാണ്. ഇന്ന് സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായം ഒന്നാകെ സിബിഎസ്ഇ യിലേക്ക് മാറ്റുന്നത് വിദ്യാർത്ഥികളുടെ മൗലികാവകാശത്തെ ലംഘിക്കലാണ്. അതോടൊപ്പം ലക്ഷദ്വീപിന്റേതായ ഒരു വിദ്യാഭ്യാസ ബോർഡ് വരുമ്പോൾ ഇത്തരം കടന്നുകയറ്റത്തെ ഇല്ലാതാക്കാനും ചെറുക്കാനും കഴിയും.
? എന്താണ് നിങ്ങളുടെ മനസ്സിലെ ലക്ഷദ്വീപ്
ലക്ഷദ്വീപിലെ ജനങ്ങളെ ലക്ഷദ്വീപുകാർ തന്നെ ഭരിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട ഒരു ജനകീയ സഭ വരണം. അതായത് ലക്ഷദ്വീപിന് ഒരു നിയമസഭ വേണം. നാം നമ്മെ ഭരിക്കുന്ന ഒരു ജനാധിപത്യ വ്യവസ്ഥയിലൂടെ നമ്മുടെ അധികാരം പൂർണമായും നീങ്ങണം.
? അടുത്തകാലത്ത് യാഥാർത്ഥ്യമാവും എന്നുകരുതുന്നുണ്ടോ
സ്വപ്നം കാണുമ്പോഴാണ് അത് പ്രവർത്തികമാക്കാൻ കഴിയുക. എന്താണ് നമ്മുടെ ആവശ്യം എന്ന് മനസ്സിലാക്കാൻ ജനങ്ങൾ തയ്യാറാവണം. ജമ്മുകശ്മീരിന്റെ സംസ്ഥാന പദവിയെടുത്ത് കളഞ്ഞ് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയത് നാം കണ്ടതാണ്. കേന്ദ്ര ഗവൺമെന്റ് തീരുമാനിച്ചാൽ സംസ്ഥാന പദവിയുള്ള കേന്ദ്രഭരണ പ്രദേശമായി മാറാൻ ലക്ഷദ്വീപിനും കഴിയും.
? ഇന്ത്യ മുന്നണിയുടെ ഭാഗമായാണ് താങ്കളുടെ പാർട്ടി നിലയുറപ്പിച്ചിരിക്കുന്നത്. അങ്ങനെ ഒരു സമവാക്യത്തിലൂടെ മുന്നണി സ്ഥാനാർത്ഥിയായി താങ്കളെ ലക്ഷദ്വീപിൽ പ്രതീക്ഷിക്കാമോ.
ലക്ഷദ്വീപിൽ ഒരിക്കലും അങ്ങനെ ഒരു സാഹചര്യം നിലനിൽക്കുന്നില്ല. എൻഡിഎ ഗവൺമെന്റിനെ താഴെയിറക്കുക എന്നതാണ് ഇന്ത്യ മുന്നണിയുടെ പ്രഖ്യാപിത ലക്ഷ്യം. ബിജെപിക്ക് ശക്തിയുള്ള മണ്ഡലങ്ങളിൽ ഇന്ത്യ മുന്നണിയുടെ ഒരു സ്ഥാനാർഥിയെ നിർത്തുk എന്നതാണ് നയം. എന്നാൽ ലക്ഷദ്വീപിൽ ബിജെപി ഒരു സ്വാധീന ശക്തി അല്ലാത്തതുകൊണ്ട് ഇവിടെ അങ്ങനെ ഒരു സാധ്യതയില്ല.
? കേന്ദ്രത്തിൽ എൻഡിഎ തുടരുകയാണെങ്കിൽ പട്ടേൽ തന്നെയായിരിക്കുമല്ലോ ഇവിടെ അഡ്മിനിസ്ട്രേറ്റർ. അപ്പോൾ എം പിയായി വിജയിച്ചിട്ടും എന്തെങ്കിലും കാര്യമായി ചെയ്യാൻ കഴിയുമോ.
പട്ടേലിനോട്‌ പാർട്ടി ആദ്യം മുതൽ സ്വീകരിച്ചു വരുന്ന നിലപാട് എന്നും തുടരും. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുന്ന പ്രവർത്തനങ്ങൾ ചെയ്യാൻ മുന്നോട്ട് വരുന്നില്ല എങ്കിൽ പാർട്ടി അക്കാര്യങ്ങൾ ശ്രദ്ധിക്കും. ഒരു പ്രതിപക്ഷ കക്ഷിയുടെ ഉത്തരവാദിത്വം എന്നത് പരിപൂർണ്ണത്തിൽ നിർവഹിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY