DweepDiary.com | ABOUT US | Saturday, 01 April 2023

അഗത്തിയിലെ ബ്രഹ്‌മപുരം: മാലിന്യകൂമ്പാരത്തിന് ചുറ്റം നരകിക്കുന്ന കുടുംബങ്ങള്‍

In interview Special Feature Article BY P Faseena On 16 March 2023
2016 ഫെബ്രുവരിയിൽ അഗത്തി ദ്വീപിന്റെ തെക്കുഭാഗത്ത് താമസിക്കുന്ന കുടുംബങ്ങളില്‍ ഇരുപതോളം പേര്‍ ഒപ്പിട്ട ഒരു ഹര്‍ജി സ്ഥലത്തെ ഡെപ്യൂട്ടി കലക്ടറിന് സമര്‍പ്പിച്ചിരുന്നു. അഗത്തിയുടെ തെക്കുഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ഇൻസിനെറേറ്റർ മാലിന്യങ്ങള്‍ കത്തിക്കുന്നത് മൂലം കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടാകുന്നുണ്ടെന്നും കൂടാതെ എല്ലാവിധ മാലിന്യങ്ങളും ഇൻസിനെറേറ്ററിന് ചുറ്റും നിക്ഷേപിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു.
മാലിന്യക്കൂമ്പാരം സ്ഥലത്തെ വെള്ളവും വായുവും മലിനപ്പെടുത്തിയിട്ടുണ്ടെന്നും ചുറ്റും ജീവിക്കുന്ന മനുഷ്യര്‍ക്കും കുട്ടികള്‍ക്കും ആരോഗ്യപ്രശ്നങ്ങളും ശാരീരികാസ്വസ്ഥ്യവും ഉണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
ഇത്രയും ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും മാലിന്യം കുന്നുകൂടുന്നതില്‍ ഒരു കുറവുമുണ്ടായിട്ടില്ല. അതിനുശേഷം 2020ൽ സാജിദ ടി.പി സമര്‍പ്പിച്ച മെമോറാണ്ടത്തിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ അഗത്തി ഡെപ്യൂട്ടി കലക്ടറായിരുന്ന എ.എം കദീജാബി പരിസ്ഥിതി വകുപ്പ് മേധാവിക്ക് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആ റിപ്പോര്‍ട്ടില്‍ ഹര്‍ജിക്കാരുടെ വാദങ്ങള്‍ ശരിയാണോ എന്ന് അന്വേഷിക്കാന്‍ ഡിസി സ്ഥലം സന്ദര്‍ശിച്ചു എന്നും അധികാരികളുടെ അനാസ്ഥ ഗുരുതരമാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. അതില്‍ അവര്‍ പരിസ്ഥിതി വകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റയും അനാസ്ഥകള്‍ ഏറെയുണ്ടെന്നതും കൂട്ടിച്ചേർത്തു.
ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും അഗത്തി ഡെപ്യൂട്ടി കലക്ടര്‍ വരെ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടും ഒന്നും സംഭവിക്കുന്നില്ല. അധികൃതര്‍ അതേസ്ഥലത്ത് തന്നെ മാലിന്യം നിക്ഷേപിക്കുന്നത് ഇപ്പോഴും തുടരുന്നു. പലപ്പോഴും ആശുപത്രി മാലിന്യങ്ങളും ഗസ്റ്റ്ഹൗസിലെ സെപ്റ്റിക് ടാങ്ക് മാലിന്യങ്ങളും ഇവിടെ നിക്ഷേപിക്കപ്പെട്ടു.
2022ല്‍ ഒരു വന്‍തീപിടുത്തം ഈ പ്രദേശത്ത് നടന്നു. അഗ്നിശമനസേന വന്ന് ഒരുപാട് ശ്രമിച്ചിട്ടും തീ അണക്കാന്‍ പറ്റാതെ എയര്‍പോട്ടില്‍ നിന്നും പ്രത്യേക സംഘം വന്ന് കിണഞ്ഞു ശ്രമിച്ചിട്ടാണ് തീ അണഞ്ഞത്. ഇന്ന് ബ്രഹ്‌മപുരത്ത് ചെയ്തത് പോലെ ജെസിബി കൊണ്ടുവന്ന് മാലിന്യങ്ങള്‍ ഇളക്കിമറിച്ചാണ് അന്ന് തീ കെടുത്തിയത്. അക്ഷരാര്‍ത്ഥത്തില്‍ ഇന്ന് ബ്രഹ്‌മപുരത്ത് നടന്നതിന്റെ ഒരു മിനി തീപിടുത്തമാണ് അന്ന് അഗത്തിയില്‍ നടന്നത്.വളരെകുറച്ചുപേര്‍ ഇതിന് പിന്നാലെ നടന്നെങ്കിലും ഇപ്പോള്‍ എല്ലാവരും അതുപേക്ഷിച്ച മട്ടാണ്.
മാലിന്യകൂമ്പാരത്തിന് ചുറ്റും ജീവിക്കുന്ന കുടുംബങ്ങളിലെ ചിലരോട് ദ്വീപ് ഡയറി റിപ്പോര്‍ട്ടര്‍ സംസാരിച്ചു. ഒന്നും നടക്കാത്തതിന്റെ നിരാശയോടൊപ്പം വീടിന്റെ തൊട്ടപ്പുറത്ത് ഉയര്‍ന്നു നില്‍ക്കുന്ന പ്ലാസ്റ്റീക് കൂനകള്‍ അവരെ വലിയരീതിയില്‍ അസ്വസ്ഥരാക്കുന്നതും അവർ പങ്കുവെച്ചു. വളരെയധികം ചൂടുള്ള സമയങ്ങളില്‍ പ്രത്യേക ഗന്ധമുള്ള വാതകം മാലിന്യകൂമ്പാരങ്ങളില്‍ നിന്നും അവര്‍ താമസിക്കുന്ന സ്ഥലത്തേക്ക് വരുന്നതായും തങ്ങൾക്കും കുടുംബത്തിലെ പലര്‍ക്കും ഇപ്പോള്‍ തന്നെ ശാരീരികാസ്വസ്ഥ്യം ഉള്ളതായും അവര്‍ ദ്വീപ് ഡയറിയോട് പറഞ്ഞു.
കേരളത്തിലെ മാലിന്യപ്രശ്‌നത്തില്‍ സമൂഹമാധ്യമങ്ങളിലടക്കം വളരെ ശക്തമായ ഇടപെടല്‍ ആഗ്രഹിക്കുന്ന ശരാശരി ലക്ഷദ്വീപുകാരന്‍ ഇത്തരം പ്രശ്‌നങ്ങള്‍ അറിയുന്നു പോലുമില്ല. ഇനി അറിഞ്ഞാല്‍ തന്നെ ശ്രദ്ധിക്കാറുമില്ല. കേരളത്തിലെ വാര്‍ത്തയും കേട്ട് കേരള പാറ്റേണ്‍ സിലബസും പഠിച്ച് ലക്ഷദ്വീപില്‍ ജീവിക്കുന്ന നമ്മുടെ ബുദ്ധിജീവികള്‍ സിനിമാനടന്‍ മമ്മുട്ടി ബ്രഹ്‌മപുരത്തേക്ക് മെഡിക്കല്‍ ടീമിനെ അയച്ചത് മാത്രമേ കാണുന്നുള്ളു. ലക്ഷദ്വീപിന്റെ പ്രശ്‌നങ്ങളിലേക്ക് തിരിയാന്‍ അവര്‍ ഇനിയും സമയം കണ്ടെത്തേണ്ടിയിരിക്കുന്നു.
നിത്യജീവിത പ്രശ്‌നങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത രാഷ്ട്രീയവും രാഷ്ട്രീയപാര്‍ട്ടികളും ഇത്തരം പ്രശ്‌നങ്ങളിലേക്ക് ഒരു എത്തിനോട്ടവും നടത്തുന്നില്ല എന്നുമാത്രമല്ല ''ജോഡോ യാത്ര'', ''മൂത്തോന്‍ റിട്ടേണ്‍സ്' പോലുള്ള ആഘോഷങ്ങള്‍ ലക്ഷദ്വീപിലെ ജനങ്ങളുടെ ശ്രദ്ധ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നുമാറ്റി സ്ഥാപിക്കുക കൂടി ചെയ്യുന്നുണ്ട്.
എല്ലാ ദ്വീപിലും മാലിന്യ കൂമ്പാരങ്ങളുണ്ട്. ഒരു യാത്രയിലും ഒരു നേതാവും മാലിന്യ നിര്‍മാര്‍ജനത്തെക്കുറിച്ച് പറഞ്ഞില്ല. ഇനി പറയാനും പോകുന്നില്ല. ഒരാളെ എം.പി യായി നിലനിര്‍ത്താനും മറ്റൊരാളെ എം.പിയായി പ്രതിഷ്ഠിക്കാനുമുള്ള തിരക്കിലാണ് അവർ.
അവഗണിക്കപ്പെടുന്ന ഇത്തരം പ്രശ്‌നങ്ങളും ജനവിഭാഗങ്ങളും ലക്ഷദ്വീപ് സമൂഹത്തോട് ഒരുപാട് കാര്യങ്ങള്‍ പറയാതെ പറയുന്നുണ്ട്. അഗത്തിയില്‍ മാത്രമല്ല ലക്ഷദ്വീപില്‍ മൊത്തമായി മാലിന്യ നിര്‍മാര്‍ജനത്തിന് വലിയൊരു പദ്ധതി അത്യാവശ്യമാണ്. പരിസ്ഥിതി വകുപ്പ് അതിന്റെ ഉത്തരവാദിത്വം പഞ്ചായത്തിനാണെന്ന് പറയുന്നു. പഞ്ചായത്താണെങ്കില്‍ കാലാവധി കഴിഞ്ഞ സ്‌പെഷ്യല്‍ ഓഫീസര്‍ ഭരിക്കുന്നു. മാലിന്യങ്ങള്‍ വളരെ അപകടകരമായി കുന്നുകൂടി കിടക്കുന്നു.
സംസാരിച്ച് കഴിഞ്ഞ് പോകാറാകുമ്പോള്‍ ദ്വീപ് ഡയറി പ്രതിനിധിക്ക് അവർ ഒരു കടലാസ് കഷ്ണം നീട്ടി. അത് വായിച്ചുനോക്കിയപ്പോള്‍ ഞെട്ടിപോയി. മാലിന്യകൂമ്പാരങ്ങള്‍ക്ക് ചുറ്റും ജീവിക്കുന്ന ഏകദേശം എട്ട് വര്‍ഷത്തോളം നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും എടുക്കാത്ത അധികൃതര്‍ പരിസരവാസിയായ ഒരാള്‍ക്ക് പിഴ ഈടാക്കിയ കടലാസായിരുന്നു അത്. പ്ലാസ്റ്റിക് ക്യാരീബാഗ് ഉപയോഗിച്ചു എന്നാരോപിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്.
ഇതാണ് ലക്ഷദ്വീപ്, ഇവിടുത്തെ യഥാര്‍ത്ഥ താമസക്കാരെ പലപ്പോഴും രണ്ടാംകിട പൗരന്മാരായിട്ടാണ് കണക്കാക്കപ്പെടുന്നത്. നമ്മുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതോടൊപ്പം ഒരു അടിസ്ഥാനവുമില്ലാത്ത ഭരണകൂട ധാര്‍ഷ്ട്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുകയും ചെയ്യുന്നു.
സാധാരണക്കാരായ ദ്വീപുകാര്‍ക്ക് ഇതിന് ഒരൊറ്റ മറുപടിയേ പറയാനുള്ളു. ഇതൊക്കെ ഞങ്ങള്‍ക്ക് ശീലമാണ്. ലക്ഷദ്വീപ് ജനതയുടെ ഭാവിയും നിലനില്‍പുമൊക്കെ നിര്‍ണയിക്കുന്നതില്‍ ഇത്തരം അപകടകരമായ ശീലങ്ങള്‍ പ്രധാന പങ്കുവഹിക്കും എന്നോര്‍മപ്പെടുത്തുകയാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY