DweepDiary.com | ABOUT US | Sunday, 08 September 2024

ദ്വീപ് ഡയറിയുടെ പ്രതിബദ്ധത ദ്വീപുജനതയോടു മാത്രം: കക്ഷിരാഷ്ട്രീയം ഞങ്ങളുടെ അജണ്ടയല്ല

In editorial BY P Faseena On 25 January 2023
മുൻ എംപി അറസ്റ്റു ചെയ്യപ്പെട്ടതിനു ശേഷം സമൂഹമാധ്യമങ്ങളില്‍ ദ്വീപ് ഡയറിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ പ്രചരിക്കപ്പെട്ടിരുന്നു. അതിൽ ഏറ്റവും പുതിയത് കോൺഗ്രസ് നേതാവായ ഹംദുള്ള സഈദിനെക്കുറിച്ചുള്ള മോശമായ വാര്‍ത്തകള്‍ മാത്രമാണ് പ്രസിദ്ധീകരിക്കുന്നത് എന്നാണ്. എന്നാല്‍ വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ ഈ ആരോപണം വാസ്തവ വിരുദ്ധമാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ദ്വീപ് ഡയറിയില്‍ ഹംദുള്ള സഈദിനെക്കുറിച്ച് വന്നത് ഒരേയൊരു വാര്‍ത്തയാണ്. അഥവാ അദ്ദേഹത്തെക്കുറിച്ച് മോശം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നു എന്ന് ആരോപിക്കുന്നവർ ദ്വീപ് ഡയറിയിലെ പഴയ ലിങ്കുകള്‍ നോക്കി തങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങളിലെ യാഥാര്‍ത്ഥ്യം അറിയാന്‍ ശ്രമിക്കുന്നില്ല എന്നർത്ഥം.
ലക്ഷദ്വീപിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നിർഭാഗ്യവശാൽ, അതിതീവ്രമായ വിഭാഗീയത നിലനില്‍ക്കുന്നത് കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടുമുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ പതിവാണ്. എന്നാല്‍ ദ്വീപ് ഡയറി ഇതൊന്നും ഏറ്റുപിടിക്കാറില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ വ്യക്തിഹത്യ നടത്തപ്പെട്ടിട്ടുള്ള ഒരു നേതാവാണ് ഹംദുള്ള സഈദ്. എന്നാല്‍ ദ്വീപ് ഡയറി അതിലൊന്നുപോലും ഒരു വാര്‍ത്തയാക്കി റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. എല്‍.ടി.സി.സി പ്രസിഡന്റായിരിക്കെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി അഗത്തിയില്‍ നടന്ന പൊതുയോഗത്തില്‍, ഞാന്‍ മത്സരിച്ചാല്‍ നിങ്ങള്‍ വോട്ട് ചെയ്യുമോ അല്ലെങ്കില്‍ ഞാന്‍ മത്സരിക്കണമെന്ന് നിങ്ങള്‍ പറയണമെന്ന തരത്തിൽ ഹംദുള്ള സഈദ് ചോദിക്കുകയും. ജനങ്ങള്‍ അതെ എന്ന് പറഞ്ഞപ്പോള്‍ പ്രസംഗം തുടരുകയുമാണ് ചെയ്തത്. ദ്വീപ് ഡയറി ഹംദുള്ള സഈദ് സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ചു എന്ന രീതിയിൽ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തു. ഇത് വളച്ചൊടിച്ച വാര്‍ത്തയാണ് എന്നാണ് ഒരുകൂട്ടം പ്രവര്‍ത്തകരുടെ വാദം.
എന്നാല്‍ എല്‍.ടി.സി.സി പ്രസിഡന്റ് ചെയ്യേണ്ടിയിരുന്നത് സ്ഥാനാര്‍ത്ഥികളുടെ സാധ്യതാപട്ടിക ജനങ്ങളുടെ മുമ്പില്‍ വെക്കുകയും ഇതില്‍ ആര് സ്ഥാനാര്‍ത്ഥിയാകണമെന്ന് ജനങ്ങളോട് ചോദിക്കുകയുമാണ്. അതിനുപകരം ഞാന്‍ മത്സരിക്കണമോ വേണ്ടയോ എന്ന് നിങ്ങള്‍ തീരുമാനിക്കൂ എന്ന് ജനങ്ങളോട് ആവശ്യപ്പെടുകയും സദസ്സ് അതെ എന്ന് പറയുമ്പോള്‍ പ്രസംഗം തുടരുകയും ചെയ്താല്‍ അതിനര്‍ത്ഥം സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിക്കുക എന്ന് തന്നെയാണ്. കാരണം എല്‍.ടി.സി.സി പ്രസിഡന്റ് ഇത്തരം ഒരു നീക്കം നടത്തുന്നത് വഴി മറ്റാരെങ്കിലും സ്ഥാനാര്‍ത്ഥിയാകുന്ന സാധ്യത പാടെ ഇല്ലാതാകുകയാണ് ചെയ്തത്.
ദ്വീപ് ഡയറി ലക്ഷദ്വീപുകാരുടെ പത്രമാണ്. പ്രതിബദ്ധത ഇവിടത്തെ ജനങ്ങളോട് മാത്രമാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും രാഷ്ട്രീയ നേതാക്കളേയും മഹത്വവല്‍ക്കരിച്ച് അവരെ വെള്ള പൂശേണ്ട ആവശ്യം ദ്വീപ് ഡയറിക്കില്ല. ഷൗക്കത്തലി എന്ന മുന്‍ ഫെഡറേഷന്‍ പ്രസിഡന്റ് അന്നത്തെ ലക്ഷദ്വീപ് എം.പി ക്കെതിരെ 11 കോടി രൂപ വാങ്ങി എന്ന ആരോപണം ഉന്നയിച്ചപ്പോള്‍ അത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ദ്വീപ് ഡയറിയാണ്. അന്നത് മാധ്യമധര്‍മമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ കണ്ടത് എങ്കിൽ ഇന്ന് ഹംദുള്ള സഈദിന്റെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപന വാര്‍ത്ത വളച്ചൊടിച്ചതാണ് എന്ന് പറയുന്നു. ദ്വീപ് ഡയറിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ ക്യാമ്പയിനുകള്‍ നടക്കുകയാണ്. രണ്ട് പാര്‍ട്ടികളിലേയും നേതാക്കന്മാര്‍ പറയുന്നതെന്തും ന്യായീകരിക്കുക എന്നത് ദ്വീപ് ഡയറിയുടെ ജോലിയല്ല. മാത്രമല്ല ന്യായീകരണ യുദ്ധങ്ങൾ ആരും ചെയ്യാന്‍ പാടില്ല എന്നാണ് ദ്വീപ് ഡയറിയുടെ നിലപാട്. നേതാക്കളും പ്രസ്ഥാനങ്ങളുമൊക്കെ വിമര്‍ശനാത്മകമായി വിലയിരുത്തപ്പെടുമ്പോഴാണ് ജനാധിപത്യം പൂര്‍ണമാകുന്നത്.
കോൺഗ്രസ് നേതാവിന്റെ പൊതുവേദിയിലെ അനുചിതമായ പ്രസ്‌താവന വാര്‍ത്തയാക്കിയതിനാല്‍ ദ്വീപ് ഡയറിക്കെതിരെ കേസ് കൊടുക്കുമെന്ന് വനിതാറിപ്പോര്‍ട്ടറെ വിളിച്ച് ഭീഷണിപ്പെടുത്തുന്ന സുഹൃത്തുക്കൾ അറിയാന്‍ ഒരു കാര്യം ഇവിടെ പറയട്ടെ: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ അദ്ദേഹം എടുത്ത് പറയുന്ന പ്രധാനകാര്യം മാധ്യമ സ്വാതന്ത്ര്യമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ അനുഛേദം 19 (1) പ്രകാരം ഫ്രീഡം ഓഫ് സ്പീച്ച് & എക്‌സപ്രഷന്‍ മൗലിക അവകാശമാണ്. ഇന്ത്യന്‍ പ്രസിഡന്റിനെയും ചീഫ് ജസ്റ്റിസിനെയും വിമര്‍ശിക്കുന്ന രാജ്യത്ത് ഒരു മുൻ എം.പിയെക്കുറിച്ച് വാര്‍ത്ത നല്‍കിയതിന് പത്രം പൂട്ടിക്കുമെന്ന് ഭീഷണപ്പെടുത്തുന്ന പ്രവര്‍ത്തകര്‍ ഏറ്റവും കുറഞ്ഞത് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വായിക്കുന്നത് നല്ലതായിരിക്കും. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിരോധിച്ച മാധ്യമമാണ് ദ്വീപ് ഡയറി. നിരോധനം നീക്കിയതിന്റെ പിറ്റേ ദിവസം അതിശക്തമായ എഡിറ്റോറിയല്‍ എഴുതിയാണ് ദ്വീപ് ഡയറി പ്രതികരിച്ചത്. നിരവധി ദേശീയമാധ്യമങ്ങളും ബി.ബി.സി ഉൾപ്പെടെയുള്ള ആഗോള മാധ്യമങ്ങളും ഇതേപ്പറ്റി എഴുതിയിരുന്നു. മാധ്യമപ്രവര്‍ത്തനം എന്നാൽ ആർക്കെങ്കിലും ഓശാന പാടലല്ല എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ലക്ഷദ്വീപിലെ ജനങ്ങളുടെ ക്ഷേമവും സ്വതന്ത്രവും അവകാശങ്ങളും ഉന്നം വെച്ച് ഞങ്ങളീ മാധ്യമപ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ തന്നെയാണ് ഉദ്ദേശിക്കുന്നത് എന്ന് എല്ലാവരെയും ഉണർത്തുകയാണ്. രാഷ്ട്രീയക്കാര്‍ രാഷ്ട്രീയക്കാരുടെ പണി എടുക്കുക; ഉദ്യോഗസ്ഥര്‍ ഉദ്യോഗസ്ഥരുടെയും.
ഫൈസലും ഹംദുള്ള സഈദുമടങ്ങുന്ന രാഷ്ട്രീയ നേതാക്കള്‍ വ്യക്തികളാണ്, വിമർശനാതീതരായ വിഗ്രഹങ്ങളല്ല. ചരിത്രാതീത കാലം മുതല്‍ തന്നെ സ്തുതിപാടകരുണ്ടായിരുന്നു. ഒരു രാജാവിന്റെയോ മുതലാളിയുടെയോ ചുറ്റും നിന്ന് അവരെന്ത് പറഞ്ഞാലും അതിനെ പുകഴ്ത്തി പറയുന്ന ഒരുപറ്റം ആളുകള്‍. ഇന്നും അത്തരം ആളുകൾ എല്ലായിടത്തുമുണ്ട്. സത്യത്തില്‍ ഇതൊരു സാമൂഹ്യ വിപത്താണ്. പ്രത്യേകിച്ച് ഒരു ജനാധിപത്യ രാജ്യത്ത്. ഒരു രാഷ്ട്രീയനേതാവിനെ ജനങ്ങൾ തിരഞ്ഞെടുക്കുന്നു എന്നതുകൊണ്ട് അയാള്‍ മഹാനായി മാറുന്നില്ല. പകരം കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ട ഒരു പൗരനായി മാറുകയാണ് ചെയ്യേണ്ടത്. പി.എം സഈദില്‍ തുടങ്ങി ഡോ. കോയയിലൂടെ കടന്ന് ഫൈസലിലും ഹംദുള്ള സഈദിലും എത്തിനില്‍ക്കുന്ന ലക്ഷദ്വീപിലെ വ്യക്തിരാഷ്ട്രീയ ഭൂമികയില്‍ ഇത്തരം സ്‌തുതിപാഠകരുടെ സ്ഥാനം വളരെ വലുതാണ്. ലക്ഷദ്വീപിലെ ഒരു നേതാവും ജനപക്ഷത്ത് നിന്നുള്ള വിമര്‍ശനാത്മകമായ വിലയിരുത്തല്‍ നേരിട്ടിട്ടില്ല. എന്ത് ആരോപണം ഉന്നയിച്ചാലും അത് എതിര്‍പാര്‍ട്ടിക്കാരുടെ വാദമാണ് എന്ന രീതിയില്‍ തള്ളിക്കളയലാണ് പതിവ്. ദ്വീപ് ഡയറി എന്ന മാധ്യമത്തെ സംബന്ധിച്ചിടത്തോളം വ്യക്തികള്‍ മാത്രമേ ഉള്ളൂ വിഗ്രഹങ്ങളില്ല. നേതാക്കൾ വരും പോകും, ജനത ബാക്കിയാവും. ചരിത്രം കണക്കു ചോദിക്കുക തന്നെ ചെയ്യും. അത്‌കൊണ്ട് ഞങ്ങള്‍ എല്ലാ നേതാക്കന്മാരെയും അവരുടെ പ്രവര്‍ത്തനങ്ങളെയും വിമര്‍ശനാത്മകമായി വിലയിരുത്താനാണ് എന്നും ശ്രമിച്ചിട്ടുള്ളത്. മലയാള മാധ്യമങ്ങള്‍ അവരുടെ രാഷ്ട്രീയ നേതാക്കളെ വിമര്‍ശിക്കുന്നത് കണ്ട് കയ്യടിക്കുന്ന ലക്ഷദ്വീപുകാരില്‍ ഭൂരിഭാഗവും അവരവരുടെ നേതാക്കള്‍ വിമര്‍ശനങ്ങള്‍ക്കതീതമാണ് എന്ന് വിശ്വസിക്കുന്നവരാണ്. അത്‌കൊണ്ട് തന്നെയാണ് ഏറ്റവും പുതിയ തലമുറയിലെ നേതാക്കളായ പി.പി മുഹമ്മദ് ഫൈസലും ഹംദുള്ള സഈദും വിമര്‍ശിക്കപ്പെടുമ്പോള്‍ അവരുടെ സ്‌തുതിപാഠകരായ രാഷ്ട്രീയ ഭക്തന്മാര്‍ കടന്നല്‍കൂട്ടം പോലെ സമൂഹമാധ്യമങ്ങളില്‍ പോരടിക്കുന്നത്.
നിലവിലുള്ള ഭരണസംവിധാനത്തില്‍ ഒരു എം.പിക്ക് ആഭ്യന്തരകാര്യങ്ങളില്‍ ഒരു റോളും ഇല്ല എന്നിരിക്കെ ഈ രണ്ട് വ്യക്തികളെ മഹത്വല്‍ക്കരിക്കുന്നതിലും നായക പരിവേഷം നല്‍കുന്നതിലും വലിയ അർത്ഥമൊന്നുമില്ല. എന്നുമാത്രമല്ല സത്യസന്ധതയുടെ കുറവുണ്ട് താനും. ഉപ്പ്‌തൊട്ട് കര്‍പ്പൂരം വരെ എല്ലാം ഞാന്‍ ശരിയാക്കി തരാം എന്ന് വാഗ്ദാനം ചെയ്ത ഫൈസലും, എം.പി അയോഗ്യനാക്കപ്പെട്ടപ്പോള്‍ എനിക്ക് ഒരു അവസരം നല്‍കിയാല്‍ പഴയ ലക്ഷദ്വീപിനെ തിരിച്ച് തരാം എന്ന് പറയുന്ന ഹംദുള്ള സഈദുമടക്കം എല്ലാ രാഷ്ട്രീയനേതാക്കളും സത്യത്തിൽ ഒരു എം.പി സ്ഥാനം കൊണ്ട് ദ്വീപിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഒരു മാറ്റവും വരുത്താന്‍ സാധിക്കില്ല എന്ന യാഥാര്‍ത്യത്തെ ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കുകയാണ്. അധികാരങ്ങള്‍ എടുത്ത് മാറ്റപ്പെട്ട പഞ്ചായത്തും ആഭ്യന്തരകാര്യങ്ങളില്‍ ഒന്നും ചെയ്യാനില്ലാത്ത എം.പി സ്ഥാനവും ഏത് പാര്‍ട്ടിയില്‍ നിന്ന് ആര് അലങ്കരിച്ചാലും മുഖ്യധാര ലക്ഷദ്വീപിന്റെ ഇന്നത്തെ നിലയില്‍ നിന്ന് ഒരു മാറ്റവും ഉണ്ടാക്കാന്‍ സാധിക്കില്ല എന്നതാണ് വസ്തുത. ഒരു വ്യക്തിയില്‍ മുഴുവന്‍ അധികാരങ്ങള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ഇന്ത്യന്‍ ഭരണഘടനയിലെ അനുഛേദം 239(2) നിര്‍ത്തലാക്കി ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് കൂടുതല്‍ ഭരണഘടനാപരമായ അധികാരം നല്‍കുന്ന സംവിധാനം ആവശ്യപ്പെടാതെ തങ്ങളുടെ നേതാവിനെ ഏതെങ്കിലും പോസ്റ്റില്‍ കയറ്റി ഇരുത്തിയാല്‍ മതി എന്നാവശ്യപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ലക്ഷദ്വീപിനെ പിന്നോട്ട് നടത്തുകയാണ്. ഹംദുള്ള സഈദും ഫൈസലും സാധാരണ വ്യക്തികള്‍ മാത്രമാണ്. ഭക്തന്മാര്‍ പടച്ചുവിടുന്നത് പോലെ ഒരു അമാനുഷിക ശക്തിയും അവര്‍ക്കില്ല. അത്‌കൊണ്ട് തന്നെ രണ്ട് പേരും എം.പി സ്ഥാനം അലങ്കരിച്ചപ്പോള്‍ എടുത്തുകാണിക്കത്തക്ക വലിയ പരിമിതികള്‍ ഉണ്ടായിട്ടുണ്ട്. ഇതിന്റെ പേരില്‍ തര്‍ക്കിക്കുകയും പരസ്പരം ചെളി വാരിയെറിയുകയുമാണ് നമ്മള്‍ ചെയ്യുന്നതെങ്കില്‍ പതിവ് പോലെ ഭരണകൂടം ജയിക്കുകയും ജനങ്ങള്‍ തോല്‍ക്കുകയും ചെയ്യും. ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ നേരിടാന്‍ എല്ലാവരും തയ്യാറാകേണ്ടതുണ്ട്. ദ്വീപ് ഡയറി അതിന് ദ്വീപുജനതയെ ക്ഷണിക്കുകയാണ്. പുതിയൊരു രാഷ്ട്രീയ സംസ്കാരം ഇവിടെ ഉണ്ടായിവരേണ്ടതുണ്ട്. ഇരു പാർട്ടികളുടെയും ഭക്തന്മാര്‍ സമൂഹമാധ്യമങ്ങളില്‍ എത്ര കടന്നാക്രമിച്ചാലും ദ്വീപ് ഡയറി അതിന്റെ വ്യവസ്ഥാപിത നിലപാടായ വിമര്‍ശനം നടത്തുക തന്നെ ചെയ്യും.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് കേന്ദ്രഭരണ പ്രദേശം എന്ന ഏകാധിപത്യ പ്രദേശത്ത് ജീവിക്കേണ്ടിവരുന്ന ഗതികേടില്‍ നിന്ന് ദ്വീപുജനങ്ങളെ മുക്തരാക്കുന്ന പ്രക്രിയയായിരിക്കണം തെരഞ്ഞെടുപ്പുകൾ. ലക്ഷദ്വീപുകാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന നിയമനടപടികൾ ആവശ്യപ്പെടണം. ഒരു പോസ്റ്റ് ജയിക്കുക എന്നതിനപ്പുറം ലക്ഷദ്വീപിന്റെ ഭരണം ഇന്ത്യന്‍ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ദ്വീപുജനങ്ങള്‍ക്ക് ലഭിക്കുന്നത് വരെ നമ്മള്‍ ഐക്യത്തോടെ മുന്നേറേണ്ടിയിരിക്കുന്നു. പഴയ തറവാട്ടു തർക്കങ്ങളുടെ ശൈലിയിൽ പരസ്പരം പോരടിക്കുന്ന നിലവാരം കെട്ട രാഷ്ട്രീയത്തോട് നമ്മൾ സലാം പറയുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY