അത്തർക്കാരനല്ലാത്ത അത്തർക്കാക്കാ (ദ്വീപിലെ ഡയറിക്കുറിപ്പുകൾ - 4)
പുതിയോടത്തിൽ പാറ്റിലേക്ക് പുറപ്പെട്ടതായിരുന്നു. വലിയേൻ എത്താനായപ്പോൾ തുടങ്ങിയ കാറ്റും കോളും. കരിബഹർ ഇളകിമറിഞ്ഞു. പുതിയ സുറാമ്പി അത്തർക്കോയാ എന്ന അത്തർ കാക്കാ ഓടം കാറ്റിലും കോളിലും കുടുങ്ങി തുക്കത്തുറാബാ - വരെ കടലോട്ടം ഓടിയ ജീവിതാനുഭവത്തിൻ്റെ ഭാണ്ഡക്കെട്ട് പൊട്ടിക്കുകയാണ്. തീഷ്ണാനുഭവത്തിൻ്റെ ചുരുളഴിക്കുമ്പോൾ 87-വയസുളള അത്തർ ക്കാക്കാൻ്റെ നീലക്കണ്ണുകൾ കുറുകി. ഓടത്തിൻ്റെ തല ഒരു ഭാഗത്തേക്കും തിരിക്കാനാവില്ല. കാറ്റിനും കടലിനും അനുകൂലമായി കോശോട്ടമോടുകയേ നിർവ്വാഹമുള്ളൂ. ലക്ഷ്യം വെച്ച വലിയപന്നേൻ കണ്ടതുമില്ല. പുറപ്പെട്ട നാട്ടിലേക്ക് തിരികെ പോകാനുമാവില്ലമാവില്ല. ശക്തമായ കാറ്റാണെന്ന് പറഞ്ഞാലും പോര- ഓടത്തെ എടുത്ത് പറപ്പിക്കുകയാണെന്ന് തോന്നും. മാൽമി രണ്ട് ഇരുമ്പും ഓടത്തിൻ്റെ രണ്ട് സൈഡിലും കെട്ടിയിടാൻ പറഞ്ഞു. പായ താഴ്ത്തി വെക്കാനും , എല്ലാരും പ്രാർത്ഥനാ നിർഭരമായ മന:സോടെ ഇരിക്കാനും പറഞ്ഞു. കാറ്റിൻ്റെ ശക്തമായ തള്ളലിൽ ഓടത്തിൻ്റെ ഓട്ടത്തിന് ഒരൽപം ശമനം കിട്ടാനാണ് ഇരുമ്പ് കെട്ടാനും പായ താഴ്ത്താനും പറഞ്ഞത്. മഴ പെയ്യാൻ തുടങ്ങിയപ്പോൾ ഞങ്ങൾ കമ്മത്ത് കോരാൻ കമ്മത്ത് കള്ളിയിലേക്കിറങ്ങി കമ്മത്ത് കോരാൻ തുടങ്ങി. ഏകദേശം അഞ്ചു നാൾ കടലോട്ടം ഓടി കഴിഞ്ഞപ്പോൾ മാൽമി കോൽപ്പലകയുമെടുത്ത് ഉച്ചയളത്തം അളന്നു. കണക്ക്ക്കൂട്ടി.ഞങ്ങൾ എത്തിയ സ്ഥലം നിർണയിച്ചു. മാൽമിയുടെ മുഖം മങ്ങി. " ഇനി മുന്നലേക്ക് ഫുവ്വാൽ നമക്ക് രക്ഷയില്ല. തുക്കത്തുറാബായിള കടൽ നമ്മാ ഓടത്തും താങ്ങുവാം കളിയാ. യാ വലിയ ശൈഖ് തങ്ങളെ ഞങ്ങളെ കാത്തോളണേ.." കറുത്ത കടലിനോ വീശുന്ന കാറ്റിനോ ചെയ്യുന്ന മഴക്കോ ഒരു ക്ഷമനവും ഇല്ലായിരുന്നു. കിളുത്തൻക്കാരായ ഞങ്ങളേയും കൊണ്ട് ഓടം കടൽ തിരകൾക്ക് മുകളിൽ പറന്ന് കൊണ്ടിരുന്നു. ഏതു നിമിശവും തുക്കത്തു റാബായിള അപകടം പിടിച്ച കടൽ ഞങ്ങളുടെ ഓടം തിരമാലകൾ തല്ലിത്തകർക്കപ്പെടും. ഞങ്ങളെല്ലാം ആ കടലിലെ മൽസ്യങ്ങൾക്ക് ഭക്ഷണമായി തീരുകയും ചെയ്യും. മരണം ഭീകരമായ കടൽ രൂപത്തിൽ ഞങ്ങളെ ഭയപ്പെടുത്താൻ തുടങ്ങി. കലിമ ചൊല്ലി ഫാത്തിഹയും യാസീനുമോതി ഞങ്ങൾ മരണത്തെ നേരിടാൻ തയ്യാറായിരുന്നു. ഏതു നിമിശവും ദേഹിയും ദേഹവും വേർപിരിയുമെന്നും അതിൻ്റെ അനുഭവങ്ങൾക്ക് പശ്ചാത്തലമായി തീരുന്ന കടലിൻ്റെ കറുമയിലേക്ക് നോക്കി ഞങ്ങൾ ഓടത്തിലിരുന്നു. " നമക്ക് രക്ഷയുണ്ട് മക്കളെ രക്ഷയുണ്ട്. ഖാസിം വലിയുള്ള ബന്ന്ഫുവ്വ. ഇനി കടലിനും നമ്മ ഏതും ശിവാം കളിയാ." മാൽമിയുടെ വാക്കുകൾ പേടിപ്പെടുത്തുന്ന മനസിലേക്ക് ശാന്തിയുടെ തെളിനീര് ഒഴിച്ചഫോലെയായിരുന്നു. അതികം വൈകാതെ മാൽമിയുടെ വാക്കുകൾ ശരിവെക്കുന്ന അനുഭവമാണ് ഞങ്ങൾക്കുണ്ടായത്. ഓടത്തെ പറപ്പിച്ച കാറ്റ്മെല്ലെ ശാന്തമാവാൻ തുടങ്ങി. കാറ്റിൻ്റെ പിൻവാങ്ങലോടെ കടലും അടങ്ങാൻ തുടങ്ങി. ചുരുട്ടിക്കെട്ടിയ പായ നീർത്തി. ഇരുമ്പുകൾ ഓടത്തിലേക്ക് കയറ്റി, മാൽമി ഓടം ഓടിക്കാൻ തുടങ്ങി. ഒമ്പതാം ദിവസം ഞങ്ങൾ നാട്ടിൽ തിരികെ എത്തി. അടിഞ്ഞവിയുടെ കുളിക്കരയിലെ "മുത്തവല്ലി" എന്ന നിലക്ക് എന്താണ് അനുഭവം? എൻ്റെ ജീവിത വിജയത്തിന് ഈ കുളിക്കര കാരണമായിട്ടുണ്ട്. ഇത് വിളിച്ചാൽ വിളിക്കേൾക്കുന്ന മഖാമാണ്. ഇവിടെ നേർച്ചകൾ വെച്ചാൽ അത് നടക്കും. പുറംനാടുകളിലുള്ളവർ പലരും നേർച്ചയാക്കി ഇവിടെ നേർച്ച വീടാൻ വരാറുണ്ട്. കാക്കായിക്ക് നാട്ടിലെ ഗവൺമെൻ്റ് ലേലങ്ങൾ കിട്ടുന്നത് അടിഞ്ഞവിയുടെ കറാമത്താണെന്ന് പറയുന്നു.? അങ്ങനെ ഏതുംങ്ങില്ല. അത് നമ്മൾ ഹിഖ്മത്തിൽ വിളിക്കുന്നത് കൊണ്ടല്ലേ.? കിൽത്താൻ ദ്വീപിലെ ഗവൺമെൻ്റ് ലേലങ്ങളിൽ മിക്കപ്പോഴും അത്തർക്കാക്കായുണ്ടാവും. കാക്ക പങ്കെടുക്കുന്ന ലേലങ്ങൾ പൊതുവെ മറ്റാർക്കും കിട്ടാറില്ല. എല്ലാ ലേലങ്ങളും കാക്കായിക്ക് കിട്ടുന്നതിലെ ഹിഖ്മത്ത് അടിഞ്ഞവിയുടെ കറാമത്താണെന്നാണ് നാട്ടുകാർ പറയുന്നത്. സാമ്പത്തിക ഉന്നതിയും നിഷ്കളങ്കമായ ദൃഢനിശ്ചയവുംകൊണ്ട് കിൽത്താൻ ദ്വീപിലെ ഗ്രാമജീവിതം നയിക്കുന്ന ഒരു ലക്ഷപ്രഭുവാണ് ഈ അത്തർക്കാക്കാ.