DweepDiary.com | Tuesday, 23 October 2018

മാസ്സ് മീനും ലക്ഷദ്വീപിലെ പൊതു സമൂഹവും

In editorial / 01 October 2017
ലക്ഷദീപിലാദ്യമായി ഈ വർഷം മാസ്സ് മീൻ ശ്രീലങ്കയിലേക്ക് കയറ്റി അയക്കാൻ ഫെഡറേഷൻ ഓഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് തീരുമാനിക്കുകയും ഏകദേശം മുഴുവൻ മാസ്സും ഫെഡറേഷന്റെ ഗോഡൗണുകളിൽ സംഭരിക്കുകയും ചെയ്തു. എന്നാൽ വാഗ്ദാനം ചെയ്ത മുഴുവൻ തുകയും കൃത്യസമയത്ത് മീൻപിടുത്തക്കാർക്ക് നൽകുന്നതിൽ ഫെഡറേഷൻ പരാജയപ്പെട്ടു.
അഗത്തിയിൽ ഒരു പറ്റം മീൻ പിടുത്തക്കാർക്ക് ആദ്യത്തെ ഘടു മുഴുവൻ കൊടുത്തെങ്കിലും പിന്നീട് സംഭരിച്ച മാസ്സ് മീനിന്റെ മുഴുവൻ തുകയും കൊടുക്കാൻ ഫെഡറേഷന് സാധിച്ചില്ല.
ശ്രീലങ്കൻ കമ്പോളത്തിലുണ്ടായ വിലയിടിവും ശ്രീലങ്കൻ ബയ്യറുമായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങളുമാണ് ഫെഡറേഷന് മുഴുവൻ പൈസയും കൊടുക്കാൻ പറ്റാത്തതിന്റെ കാരണങ്ങളായി കണക്കാക്കപ്പെടുന്നത്.
ഏതെങ്കിലും ഒരു പ്രശ്നമുണ്ടാകുമ്പോൾ പൊതു സമൂഹം അതിനെ എങ്ങനെ നേരിടുന്നു എന്നത് ഒരു സമൂഹത്തിന്റെ പ്രബുന്ധത എത്രത്തോളം ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കിത്തരുന്നു.
മാസെടുക്കുമ്പോൾ തന്നെ അതിൽ രാഷ്ട്രീയം കലർന്നിരുന്നു . എടുക്കാൻ പറ്റില്ലെന്നും അതിന് വിദേശത്ത് കൊണ്ടു പോകാനുള്ള ഗുണമേൻമയില്ലെന്നും ഒരു കൂട്ടർ എന്നാൽ എന്ത് തന്നെ വന്നാലും ഞങ്ങളെടുത്ത് കാണിച്ച് തരാമെന്ന് മറ്റേ കൂട്ടർ. ഉച്ചഭാഷിണികളിൽ മുഴങ്ങിക്കേട്ട വാദ പ്രതിവാദങ്ങൾക്കൊടുവിൽ കൊട്ടിഘോഷിക്കപ്പെട്ട മാസ് സംഭരണം ആരംഭിച്ചു എന്നിട്ടും കോലാഹലങ്ങൾ നിലച്ചില്ല അറുന്നൂറ് കൊടുക്കുമെന്ന് ഒരു പക്ഷം ഇരുനൂറ് പോലും കിട്ടില്ലെന്ന് മറു പക്ഷം. പല വെല്ലുവിളികളും നേരിട്ടെങ്കിലും ഫെഡറേഷൻ ആദ്യഘട്ടം മാസ് എടുക്കുകയും അവർക്ക് പൈസ കൊടുക്കുകയും ചെയ്തു. പിന്നീട് വ്യത്യസ്തമായ പല കാരണങ്ങളാൽ സംഭരിച്ച മാസിന് വാഗ്ദാനം ചെയ്ത തുക നൽകുന്നതിൽ ഫെഡറേഷൻ പരാജയപ്പെട്ടു. സമൂഹനാധ്യമങ്ങളിലൂടെയും പൊതുസ്ഥലങ്ങളിലും രഹസ്യമായും പരസ്യമായും മാസ് വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യുന്നവരെല്ലാം തന്നെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ( NCP) ക്ക് സംഭവിച്ച പാളിച്ചയായിട്ടോ കോൺഗ്രസുകാർക്ക് ലഭിച്ച നല്ലൊരവ സാരമായിട്ടോ ആണ് മാസ് വിഷയത്തെ കണക്കാക്കുന്നത്. ഉത്തരവാദിത്തമുള്ള പൊതു സമൂഹം മാസ് വിഷയത്തെ മത്സ്യ തൊഴിലാളികൾക്ക് സംഭവിച്ച നഷ്ടമായിട്ടാണ് കാണേണ്ടത്.
പരസ്പരം പൊതുവേദികൾ സംഘടിപ്പിച്ചും സമൂഹ മാധ്യമങ്ങളിലൂടെയും പഴിചാരുന്ന തിരക്കിൽ പൊതു സമൂഹം കേൾക്കാതെ പോകുന്ന രോദനം ഇറക്കിയ പൈസയുടെ കാൽ ഭാഗം പോലും തിരിച്ച് കിട്ടാത്ത ബോട്ടുടമകളുടേതാണ്. സീസണിലുള്ള അധ്വാനത്തിന്റെ മുഴുവൻ കൂലിയും കിട്ടാതെ കഷ്ടപ്പെടുന്ന മത്സ്യ തൊഴിലാളിയുടേതാണ്. ലക്ഷദ്വീപിൽ ഏറ്റവും കൂടുതൽ ആളുകൾ ആ ശ്രയിക്കുന്ന ഒരു സർക്കാരിതര തൊഴിൽ മേഖലയ്ക്ക് സംഭവിച്ച വിപത്തിനെ പരസ്പരം തെറി പറഞ്ഞു കൊണ്ടാണ് നമ്മൾ നേരിട്ടത്.
മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും കർഷക ആത്മഹത്യാ വാർത്തകൾ സഹതാപത്തോടെ FB യിൽ ഷെയർ ചെയ്യുന്ന എന്റെ സുഹ്യത്തുക്കൾ നാട്ടിലെ മത്സ്യ തൊഴിലാളിയോട് മാസിന്റെ പൈസ കിട്ടും എന്ന് കരുതി വാങ്ങിയ കടം എത്രയുണ്ടെന്ന് ചോദിച്ച് നോക്കുക അപ്പോൾ മനസ്സിലാകും ആരാണ് യഥാർത്ഥ ഇരകളെന്ന്.
ഈ ലേഖനം വായിച്ച് NCP ക്കാർ ചതിച്ചതാണ് അല്ലെങ്കിൽ കോൺഗ്രസുകാർ പോരാ തുടങ്ങിയ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യുന്നതിന് പകരം പ്രശ്നത്തിനുള്ള പരിഹാരമെന്താണെന്നാണ് നമ്മൾ ചർച്ച ചെയ്യേണ്ടത്.
നമുക്ക് ലക്ഷദ്വീപിനേക്കാൾ കൂടുതൽ കേരളത്തെക്കുറിച്ചറിയാം. ഭാരതത്തിലെ തന്നെ ഏറ്റവും പ്രബുന്ധരായ ജനസമൂഹങ്ങളിലൊന്നായ കേരള സമൂഹം ഇത്തരം പ്രശ്നങ്ങളെ നേരിടുന്നത് കക്ഷി രാഷ്ട്രീയ ഭേദമന്യെയാണ് അതിൽ നിന്നും പാoമുൾക്കൊണ്ട് നമുക്കൊരുമിച്ചു നിൽക്കാം.
മത്സ്യത്തൊഴിലാളികളുടെ പ്രശ്നം ഏതെങ്കിലും വിഭാഗത്തിന്റെയോ രാഷ്ട്രീയ കക്ഷിയുടേയോ അല്ല പകരം ലക്ഷദ്വീപിന്റെ പ്രശ്നമാണ്.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നോ മറ്റേതെങ്കിലും വിധത്തിലോ മത്സ്യത്തൊഴിലാളികൾക്ക് സഹായം ലഭിക്കുമെങ്കിൽ അതിനെക്കുറിച്ച് ഞങ്ങൾ കൊണ്ടു വന്നതാണെന്നോ കൊടുക്കാൻ പാടില്ല ഇതൊന്നന്വേഷിക്കണം എന്ന് പറഞ്ഞോ നമുക്ക് തർക്കിക്കാതിരിക്കാം. ഈ വിഷയത്തിലെങ്കിലും ചരിത്രത്തിലാദ്യമായി നമുക്ക് നിക്ഷ പക്ഷത പാലിക്കാം.


ആറ്ററ്റ

SHARE YOUR FEEDBACK

RECENT IN THIS CATEGORY