DweepDiary.com | ABOUT US | Friday, 26 April 2024

വില വര്‍ദ്ധനവിനെതിരെ പ്രതികരിക്കുക (Editorial)

In editorial BY Admin On 25 September 2014
ബസ്സ് ടിക്കറ്റിന് 50 പൈസയോ പെട്രോളിന് ഒരു രൂപയോ വര്‍ദ്ധിക്കുന്പോഴേക്കും കേരളത്തില്‍ ഹര്‍ത്താലോ ബന്ദ് പ്രഖ്യാപിക്കപ്പെടും. എന്നാല്‍ നമ്മുടെ ദ്വീപില്‍ കപ്പല്‍ ടിക്കറ്റ് വര്‍ദ്ധനവായാലും കപ്പല്‍ ക്യാന്റീനിലെ ഭക്ഷണ നിരക്ക് വര്‍ദ്ധനവായാലും രാഷ്ട്രീയക്കാര്‍ പ്രഹസന സമരം നടത്തി തടിയൂരുന്നു. എത്രയോ കാലമായി കപ്പല്‍ അനാവശ്യമായ വിലയീടാക്കല്‍ തുടങ്ങിയിട്ട്. കരയിലേക്ക് പോകുന്നതും വരുന്നതുമായ കപ്പല്‍ ടിക്കറ്റ് നിരക്ക് യാത്ര ചെയ്യുന്ന ദൂരത്തിനല്ല പ്രാധാന്യം നല്‍കുന്നത്. മറിച്ച് ഓരോ ദ്വീപിലേക്കുമുള്ള ദൂരത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ഇതിനെതിരെ ഇതുവരെ ഒരു പ്രതിഷേധവും നടന്നിട്ടില്ല. ഇരുന്ന് യാത്ര ചെയ്യുന്ന കപ്പലുകളായ അമിനിദ്വീപ്, മിനിക്കോയിദ്വീപ് കപ്പലുകളുടെ ടിക്കറ്റ് നിരക്ക് കിടന്ന് യാത്ര ചെയ്യുന്ന കപ്പലുകളേക്കാള്‍ കൂടുതലാണ്. ലക്ഷദ്വീപ് കപ്പലിലെ കാന്റീന്‍ നടത്തിപ്പുകാരായ സ്പോര്‍സ് ഭക്ഷണത്തിന് പകുതിയില്‍ കൂടുതല്‍ നിരക്ക് വര്‍ദ്ധനവ് നടത്തിയപ്പോള്‍ പല ഭാഗത്തുനിന്ന് നേരിയ പ്രതിഷേധങ്ങള്‍ ഉണ്ടായതന്നല്ലാതെ സ്പോട്സിന്റെ ഭീകരമായ കൊള്ള തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. കപ്പലുകളിലെ ഫസ്റ്റ് ക്ലാസ്സ് കാന്റീനിലെ എല്ലാ സ്റ്റാഫിനേയും എല്‍.ഡി.സി.എല്‍ ലാണ് നിയമിക്കുന്നത്. അവരുടെ ശമ്പളമടക്കമുള്ള ചെലവുകള്‍ കമ്പനി തന്നെ നല്‍കുന്നു. സാധനം കയറ്റി കച്ചവടം ചെയ്യല്‍ മാത്രമാണ് സ്പോര്‍സിന്റെ ചുമതല. ഇത്രയും ലളിതമായ ചെലവ് വഹിക്കുന്ന സ്പോര്‍സ് ഏത് അര്‍ത്ഥത്തിലാണ് വില വര്‍ദ്ധിപ്പിച്ചതെന്ന് ചോദിച്ചാല്‍ സ്പോര്‍ട്സ് അധികൃതര്‍ക്ക് പോലും മറുപടിയില്ല. കപ്പലുകളിലാണെങ്കില്‍ മോശമായ ഇറച്ചിയും മാംസവും വിതരണം ചെയ്യുന്നു. ദ്വീപ് ഡയറി പ്രതിനിധി രണ്ട് തവണ യാത്ര ചെയ്തപ്പോള്‍ എം.വി.കവരത്തി കപ്പലില്‍ നിന്നും വിതരണം ചെയ്തത് വായ കടിക്കുന്ന മോശം മീനായിരുന്നു. പ്രശ്നമുണ്ടാക്കിയപ്പോള്‍ ആ പ്രാവശ്യം മീന്‍ മാറ്റി ചിക്കന്‍ വിതരണം ചെയ്യുകയും വീണ്ടും രാത്രിയില്‍ മോശം മത്സ്യം തന്നെ വിതരണം ചെയ്യുകയുണ്ടായി. രാത്രികാല ചോറ് ചൂടാക്കി ഉച്ചക്ക് വിതരണം ചെയ്യാറുണ്ടെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു കപ്പല്‍ ജീവനക്കാരന്‍ ദ്വീപ് ഡയറിയോട് പറഞ്ഞു. കപ്പലില്‍ വില്‍പന നടത്തുന്ന പാക്ക് ചെയ്ത ഭക്ഷണ പാനീയങ്ങള്‍ക്ക് അതിന്റെ മുഖവിലയേക്കാള്‍ അധികം ഈടാക്കുന്നുണ്ട്. ഇത് നിയമ വിരുദ്ധമാണ്. നമ്മുടെ യാത്രയിലേക്കുള്ള ഭക്ഷണം നമ്മുടെ വീട്ടില്‍ നിന്നും കരുതുകയും സ്പോര്‍ട്സിന്റെ കൊള്ള ലാഭത്തിനെതിരെ പ്രതികരിക്കണമെന്നുമാണ് ദ്വീപ് ഡയറിക്ക് പറയാനുള്ളത്. അതേപോലെ കപ്പലിലേക്കുള്ള മീന്‍ ദ്വീപില്‍ നിന്ന് കയറ്റുന്നതിനുള്ള സംവീധാനം നടപ്പിലാക്കുകയാണെങ്കില്‍ അത് യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY