DweepDiary.com | ABOUT US | Friday, 26 April 2024

ഇന്നത്തെ ദിവസം ദ്വീപിനെ സംബന്ധിച്ച് പ്രധാനം, രണ്ടാം സ്വാതന്ത്ര്യ സമരത്തിന് പൂർണ്ണ പിന്തുണ

In editorial BY Admin On 14 June 2021
ലക്ഷദ്വീപുകാരെ സംബന്ധിച്ച് ഇന്ന് (14-06-2021) ഏറ്റവും പ്രധാനപ്പട്ട ദിവസമാണ്. ഇന്ത്യന്‍ ഭരണഘടന ഇന്ത്യയിലെ ഓരോ പൗരനും നല്‍കുന്ന ഉറപ്പിന്റെ കടയ്ക്കല്‍ കത്തിവെച്ചു കൊണ്ട് ദ്വീപില്‍ നടപ്പാക്കിയ കോര്‍പ്പറേറ്റ് പ്രീണനത്തിന് നേരെ സമരത്തിലാണ് നാം. ജീവിക്കാനുള്ള അവകാശങ്ങളെ പരിമിതപ്പെടുത്തുകയും, നമ്മുടെ പരിസ്ഥിതിയേയും, ജെെവികതയേയും ഇല്ലാതാക്കി ദ്വീപിന്റെ തനത് സംസ്കാരത്തെ നഷ്ടപ്പെടുത്താന്‍ തുനിഞ്ഞിറങ്ങിയ അഡ്മിനിസ്ട്രേറ്റര്‍ സമരങ്ങള്‍ തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഇന്ന് ദ്വീപില്‍ എത്തുന്നത്. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോടാ പട്ടേല്‍ നടപ്പാക്കിയ ജനദ്രോഹ നിയമപരിഷ്കാരങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കുന്നത് വരെ സമരം തുടരുക തന്നെ ചെയ്യേണ്ടതുണ്ട്. തീര്‍ത്തും ഗാന്ധിയന്‍ മാര്‍ഗ്ഗത്തിലുള്ള സമാധാനപരമായ സമരങ്ങളാണ് നമ്മള്‍ നടത്തുന്നത്. കഴിഞ്ഞ ആഴ്ചയില്‍ നടന്ന നിരാഹാര സമരത്തില്‍ ദ്വീപ് ജനത ഒന്നടങ്കം പങ്കെടുത്തതു പോലെ നാളെ നടക്കുന്ന കരിദിന സമരത്തിലും ഓരോ ദ്വീപ് മനുഷ്യരും പങ്കു ചേരേണ്ടതുണ്ട്. സമരങ്ങളെ ഇല്ലാതാക്കാന്‍ എക്കാലവും ഫാഷിസ്റ്റുകള്‍ സ്വീകരിച്ച അടിച്ചമര്‍ത്തല്‍ നയമാണ് ദ്വീപിന് നേര്‍ക്കും ഇപ്പോള്‍ നടത്തുന്നത്. ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്തവരേയും, സമരത്തെ അനുകൂലിച്ച് മാധ്യങ്ങളില്‍ സംസാരിച്ചവരേയും ഗീബത്സിനെ തോല്‍പ്പിക്കുന്ന നുണകള്‍ പ്രചരിപ്പിച്ച് ദേശദ്രേോഹികള്‍ എന്നുള്ള ചാപ്പകുത്തി സമരത്തിന്റെ തീക്ഷണത ഇല്ലാതാക്കാന്‍ അഡ്മിനും അദ്ദേഹത്തിന്റെ ഉത്തരവുകള്‍ അനുസരിക്കുന്നവരും മാത്രമല്ല ശ്രമിക്കുന്നത്. സംഘപരിവാര്‍ അജണ്ടകള്‍ക്ക് വിളക്ക് പിടിച്ചു നില്‍ക്കുന്നവരും അതിന് ശ്രമിക്കുന്നുണ്ട്. അക്കൂട്ടരില്‍ പലരും അവരുടെ കൂടാരത്തില്‍ നിന്നും പുറത്തേക്ക് വന്നത് ആശാവഹമാണ്. എന്നിരുന്നാലും യഥാര്‍ത്ഥ രാജ്യദ്രോഹികളായ വിരലില്‍ എണ്ണാവുന്ന അത്തരക്കാരെ മാറ്റി നിര്‍ത്തി ദ്വീപിലെ ഓരോ പൗരനും ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നടത്തുന്ന ഈ സമരത്തില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. അധിനിവേശക്കാരെ തുരത്തിയ ദ്വീപിന്റെ മുന്‍കാല ചരിത്രം നമ്മുടെ മുന്‍തലമുറ വാമൊഴികളായ് കെമാറിയിട്ടുണ്ട്. ഇനിവരാനുള്ള തലമുറക്ക് ആവേശത്തോടെ പറയാനുള്ള ഐതിഹാസികമായ ഈ സമരത്തിന് ദ്വീപ് ഡയറിയുടെ പിന്തുണയും അറിയിക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY