DweepDiary.com | ABOUT US | Saturday, 27 April 2024

പ്രശ്നങ്ങൾ വരും അതിനെ മറികടക്കുന്നിടത്താണ് വിജയം

In editorial BY Admin On 09 June 2021
കേന്ദ്രസർക്കാർ ദ്വീപിലേക്കയച്ച ജൈവായുധമാണ് പ്രഫുൽ പട്ടേൽ എന്ന് ഒരു ചാനൽ ചർച്ചക്കിടെ സംവിധായിക ഐഷ സുൽത്താന നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട ചർച്ചകളിലാണിപ്പോൾ ദ്വീപുകാർ. നമ്മുടെ മുന്നിലുള്ള വെല്ലുവിളി എത്ര വലുതാണെന്ന് തിരിച്ചറിയാനുള്ള ഒരു അവസരമായി ഇതിനെ ഉത്തരവാദപ്പെട്ടവരെല്ലാം എടുക്കുകയാണെങ്കിൽ മാത്രമേ ഇത്തരം ചർച്ചകൾ കൊണ്ട് ഗുണമുണ്ടാവുകയുള്ളൂ.

ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ ജൈവായുധം ഉപയോഗിക്കുകയാണെന്ന് ഐഷാ സുൽത്താന പറഞ്ഞുവെന്നും അതിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും യുവമോർച്ചയും സംഘപരിവാർ മാധ്യമങ്ങളും ഒച്ച വെക്കുകയാണല്ലോ ഇപ്പോൾ. ഒന്നാമതായി ഐഷാ സുൽത്താന അങ്ങനെയല്ല പറഞ്ഞത്. ഇതിനകം അവർ തന്നെ വ്യകതതയുള്ള വിശദീകരണവും മറുപടിയും നല്കിക്കഴിഞ്ഞതാണ്. പ്രഫുൽ പട്ടേൽ 'സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ' മാറ്റിയതിനെത്തുടർന്നാണ് പൂജ്യം കേസുകളുണ്ടായിരുന്ന ദ്വീപിൽ കോവിഡ് താണ്ഡവമാടിയതെന്ന വസ്തുത എല്ലാവർക്കും അറിയാവുന്നതാണ്. അതിലുമപ്പുറമാണ് അയാൾ പല ഉത്തരവുകളിലൂടെയും നിയമനിർമാണങ്ങളിലൂടെയും ദ്വീപുജനതയോട് ചെയ്തുകൊണ്ടിരിക്കുന്ന ദ്രോഹങ്ങൾ. അതൊരു ജൈവായുധത്തേക്കാൾ എത്രയോ വലുതായാണ് ഓരോ ദ്വീപുകാരിയും ദ്വീപുകാരനും കരുതുന്നത്. ചാനൽ ചർച്ചയിൽ വൈകാരികമായി അഭിപ്രായപ്രകടനങ്ങൾ നടത്താൻ പാടുണ്ടോ എന്നത് വേറെ സംവാദം ആകാം. എന്തായാലും ഇന്ത്യയിലെ ചാനൽ ചർച്ചകളിൽ അവതാരകരും പാനലിസ്റ്റുകളും ഇതിലപ്പുറം ആരോപണങ്ങളും പ്രത്യാരോപണങ്ങളും സ്ഥിരമായി ഉന്നയിക്കാറുണ്ട് . സംശയമുള്ളവർ നോയിഡയിലിരുന്ന് 'നേഷൻ വാണ്ട്സ് ടു നോ' എന്നലറുന്ന കേന്ദ്രത്തിന്റെ സ്വന്തക്കാരനായ ആ അവതാരകന്റെ വിവാദ പരാമർശങ്ങൾ മാത്രം ഒന്ന് കേട്ടുനോക്കിയാൽ മതി. അപ്പോൾ ഐഷയുടെ സ്വത്വം ആണിവിടെ ഒന്നാമത്തെ പ്രശ്‌നം. ഐഷയെ പോലെ ഒരു സെലിബ്രിറ്റിയുടെ ഇടപെടലുകൾ ദ്വീപ് വികസനത്തട്ടിപ്പുകാർക്ക് ഉണ്ടാക്കുന്ന പ്രതിസന്ധികൾ ചെറുതല്ല. അതുകൊണ്ട് ഐഷയുടെ വായിൽ നിന്ന് വീണുകിട്ടുന്ന ഒരു വാക്കിനെ വെച്ച് കള്ളപ്രചരണം നടത്തി അവരെ നിശ്ശബ്ദയാക്കാമെന്നും രാജ്യദ്രോഹം ആരോപിച്ച് ഭയപ്പെടുത്താമെന്നും ബി ജെ പിക്കാർ സ്വാഭാവികമായും കരുതും. ഇതിനെ സമരത്തിനെ ലക്ഷ്യം തകർക്കാനോ ദ്വീപുകാർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനോ ഉള്ള ആയുധമാക്കി മാറ്റാൻ അനുവദിക്കരുത് എന്നതാണ് പ്രധാന കാര്യം. ഒപ്പം, ഇതിലെ ചില സങ്കീർണതകൾ ശ്രദ്ധയോടെ ആലോചിക്കുകയും വേണം.

ഒന്നാമതായി ഒരാൾക്ക് അഭിപ്രായപ്രകടനം നടത്താൻ ഒരു ജനാധിപത്യ രാജ്യത്തിനകത്ത് സ്വാതന്ത്ര്യമുണ്ട്. ഭരണകൂടത്തെ വിമർശിക്കുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്ന് സുപ്രീം കോടതി പ്രസ്താവിച്ചത് ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രമാണ്. ഒരു രാഷ്ട്രീയ പ്രസ്‌താവന നടത്തുന്നത് മുസ്‌ലിം ആണ് എങ്കിൽ, സംഘടിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്യുന്നത് മുസ്‌ലിമാണെങ്കിൽ ഉടനെ രാജ്യദ്രോഹക്കുറ്റവും കൊണ്ട് പുറപ്പെടുക എന്നത് എത്രയോ കാലമായി സംഘപരിവാർ പാളയങ്ങളുടെ സ്ഥിരം പരിപാടിയാണ്. എൻ ഐ എ പോലുള്ള സംവിധാനങ്ങളെ "ഫലപ്രദമായി" അതിനുപയോഗിക്കാൻ ഭരണത്തിൽ വന്നതിനു ശേഷം അവർക്ക് കഴിഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് സംഘ്പരിവാറിനെ ദേശസ്നേഹം കൊണ്ട് തൃപ്തിപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷ വേണ്ട. അവരും അവരുടെ മാധ്യമകങ്കാണികളും സത്യത്തിലോ നീതിയിലോ തരിമ്പും വിശ്വസിക്കുന്നില്ല. മുസ്‌ലിംകളെയും ഹിന്ദുരാഷ്ട്ര സ്വപ്നത്തിനെതിരുള്ള സകലരെയും (വീൽ ചെയറിൽ കിടക്കുന്ന പ്രൊഫ. സായിബാബ മുതൽ എൺപതു കഴിഞ്ഞ സ്റ്റാൻ സ്വാമി വരെയുള്ളവരെ ജയിലിലിടാൻ അവർ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയത്!) എങ്ങനെയൊക്കെ അവർക്ക് അനുകൂലമല്ലാത്ത വിഷയങ്ങൾ കളത്തിൽ നിന്നുമാറ്റാം എന്നതിലാണ് അവരുടെ ശ്രദ്ധ. അതിനേറ്റവും പറ്റിയ ആയുധമാണ് രാജ്യദ്രോഹം. ദ്വീപിനെതിരെ അതെങ്ങനെ പ്രയോഗിക്കാമെന്നും എന്തൊക്കെ തെളിവുകൾ ഉണ്ടാക്കിയെടുക്കാമെന്നുമുള്ള കൂലങ്കഷമായ ഗവേഷണം അണിയറയിൽ നടക്കുന്നുണ്ട് എന്നുതന്നെ വേണം കരുതാൻ. ഏറെ ശ്രദ്ധയും സൂക്ഷ്മതയും ദീർഘവീക്ഷണവും ഉണ്ടെങ്കിലേ നമുക്കീ സമരം വിജയത്തിലെത്തിക്കാൻ പറ്റൂ.

മുഴുവൻ ജനങ്ങളും ചേർന്ന നിലനിൽപ്പിനു വേണ്ടി ഒരു സമരം നടത്തുമ്പോൾ ഉത്തരവാദത്തോടെ പെരുമാറാൻ എല്ലാവർക്കും ബാധ്യതയുണ്ട്. ഒരു ജനതക്കുവേണ്ടി പൊതുസ്ഥലങ്ങളിൽ വന്നു സംസാരിക്കുമ്പോൾ നമ്മുടെ സംസാരത്തിൽ വരുന്ന വീഴ്ച മുതലെടുക്കാൻ തക്കം പാർത്തിരിക്കുന്ന ജനശത്രുക്കളെക്കൂടി മുന്നിൽ കണ്ടുവേണം ഇടപെടാൻ. അതേറെ പക്വതയും സൂക്ഷ്മതയും ആവശ്യമുള്ള പണിയാണ്. എതിരാളികളുടെ തന്ത്രങ്ങളിൽ നമ്മൾ വീണുകൊടുക്കരുത്. ഏറ്റവും ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടത് തീർച്ചയായും സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വവും ദ്വീപിലെ രാഷ്ട്രീയ നേതൃത്വവുമാണ്. ഐഷ സുൽത്താന ചാനലുകളിലിരുന്നും സ്വന്തം സാമൂഹ്യമാധ്യമങ്ങളുപയോഗിച്ചും നിർഭയം വാദിക്കുന്നത് അവരുടെ വ്യക്തിപരമായ എന്തെങ്കിലും ലാഭത്തിനു വേണ്ടിയല്ലെന്നും അവർ നാളെ രാഷ്ട്രീയത്തിലിറങ്ങാൻ പോകുന്നില്ലെന്നുമെങ്കിലും നമ്മൾ ഓർക്കണം. കേരളത്തിലെ ജനങ്ങൾക്കു മുമ്പാകെ ഈ വിഷയം എത്തിക്കുന്നതിൽ ഐഷ വഹിച്ച പങ്കിനെ ചെറുതായിക്കാണാൻ ആവില്ല. ഇനി അവർക്ക് ചെറിയ പാകപ്പിഴകൾ വന്നിട്ടുണ്ടെങ്കിൽ പോലും അത് ഔചിത്യപൂർവം തിരുത്തിയും തന്ത്രപരമായി മറികടന്നും മുന്നോട്ടുപോവുകയാണ് വേണ്ടത്. ദ്വീപിലെ ചരിത്രം ചവറ്റുകുട്ടയിലെറിയാൻ പോകുന്ന സംഘ പരിവാർ ഒറ്റുകാർ ഐഷ സുൽത്താനയെ തള്ളിപ്പറയുന്നതും ചോദ്യം ചെയ്യുന്നതും മനസിലാക്കാം. അവരെ ഏൽപ്പിക്കപ്പെട്ട പണിയാണല്ലോ അവർ ചെയ്യുക. പക്ഷെ സേവ് ലക്ഷദ്വീപ് ഫോറം ആ പണിയെടുക്കരുത് എന്ന് ഞങ്ങൾ ഓർമപ്പെടുത്തുകയാണ്. ദ്വീപിലെ എഴുപതിനായിരത്തോളം വരുന്ന മനുഷ്യർക്ക് പല അഭിപ്രായങ്ങളുമുണ്ടാകും. അവർ ചാനലിലോ സ്വന്തം അകൗണ്ടിലോ പത്രത്തിലോ പലതും പറഞ്ഞേക്കും. അതിനൊക്കെ വിശദീകരണക്കുറിപ്പിറക്കാൻ പോയാൽ ഫോറത്തിന് മറ്റൊന്നും ചെയ്യാൻ നേരമുണ്ടാകില്ല. ദ്വീപുജനത ഫോറത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത് കാര്യക്ഷമതയുള്ളതും വിജയം കാണുന്നതുമായ സമരതന്ത്രങ്ങളും നിയമപോരാട്ടങ്ങളും രൂപപ്പെടുത്തുക എന്നതാണ്. നടക്കുന്ന എല്ലാ കേസുകളും സോഷ്യൽ മീഡിയാ പോസ്റ്റുകളും സേവ് ഫോറത്തെ ബാധിക്കേണ്ടതില്ല. തങ്ങളറിയാതെ ആരും ഒന്നും ചെയ്യരുത് എന്ന് പ്രസ്താവനയിറക്കിയാൽ ക്രിയേറ്റീവായിട്ടുള്ള ഒട്ടേറെ ചലനങ്ങളാണ് നിശ്ചലമാവുക. 12 മണിക്കൂർ നിരാഹാര സമരത്തെ വൈറലാക്കിയ അണ്ടർ വാട്ടർ സമര ദൃശ്യങ്ങൾ സേവ് ലക്ഷദ്വീപിനോട് ചോദിച്ചാണോ ചെയ്തതെന്ന് ആരോ ചോദിക്കുന്നത് കേട്ടു. ഇത്തരം നിസാരമായ കാര്യങ്ങളിലല്ല. മറിച്ച് നമ്മുടെ കാതലായ വിഷയങ്ങളിലായിരിക്കണം സേവ് ലക്ഷദ്വീപിൻ്റെ ഏകാഗ്രത. വലിയ ലക്ഷ്യങ്ങൾ വെച്ച നമ്മുടെ സമര മുന്നേറ്റങ്ങൾക്ക് മൂർച്ച കൂട്ടാൻ അതായിരിക്കും ഏറെ ഗുണകരം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY