DweepDiary.com | Friday, 05 June 2020

ലക്ഷദ്വീപ് തെരെഞ്ഞെടുപ്പ് - വിജയത്തിന്റെ കണക്ക് കൂട്ടല്‍ മന്ത്രങ്ങള്‍

In editorial / 08 April 2019
ലക്ഷദ്വീപ് പോളിങ്ങ് ബൂത്തിലേക്ക് ക്യൂനില്‍ക്കാന്‍ ഇനി 3 ദിവസം കൂടി ബാക്കി നില്‍ക്കെ ദ്വീപിലെങ്ങും വൈകാരിക തീഷ്ണമാക്കും വിധം രാഷ്ട്രീയം തിളച്ച് മറിയുകയാണ്. സാമ്പക്കിക ബലഹീനമായ വീടുകളെ പ്രലോഭനങ്ങള്‍ നല്‍കി പ്രീണിപ്പിക്കാനും സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ വ്യക്തികളെ അടുപ്പിക്കാനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളും ദ്വീപു രാഷ്ട്രീയത്തിന്റെ അകം രഹസ്യങ്ങളില്‍ വ്യക്തമായി നിരീക്ഷിക്കാനാവും. ദ്വീപു രാഷ്ട്രീയത്തിന്റെ സ്ഥിരം സ്വഭാവം വിലയിരുത്തുമ്പോള്‍ പൊതുവേ ഇതെല്ലാം രാഷ്ട്രീയ സ്പിരിറ്റില്‍ ഒലിച്ച് പോവുകയാണ് പതിവ്.
സാധാരണ പോലെ തന്നെ എന്‍.സി.പിയും കോണ്‍ഗ്രസ്സും തമ്മിലാണ് പ്രധാന മത്സരം. കേന്ദ്ര രാഷ്ട്രീയത്തില്‍ ബി.ജെ.പി രാഹുല്‍ ഗാന്ധിക്ക് നേരെ അഴിച്ച് വിട്ട പപ്പുമോന്‍ പ്രയോഗം പോലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ഹംദുള്ളാ സഈദിന്റെ വ്യക്തിത്വത്തിലെ പക്വത ഇല്ലാഴ്മയായിരുന്നു പ്രചാരണ തുടക്കത്തില്‍ കോണ്‍ഗ്രസ്സിനെതിരെയുള്ള പ്രചാരണായുധം. ഇത് ഒരു പരിധിവരെ ദ്വീപു രാഷ്ട്രീയത്തെ സ്വാധീനിച്ച ഒരവസ്ഥ ആദ്യ ഘട്ടത്തില്‍ പ്രകടമായിരുന്നു താനും. കില്‍ത്താന്‍ ചെത്ത്ലാത്ത് ദ്വീപുകളെ കേന്ദ്രീകരിച്ച് കോണ്‍ഗ്രസ്സിന്റെ അഭ്യന്തര പ്രശ്നമായി രൂപപ്പെട്ട 'ഓ' ഗ്രൂപ്പ് തന്നെ ഹംദുള്ളാ സഈദിന്റെ വ്യക്തിപോരാഴ്മകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം തന്നെ ചോദ്യപ്പെടുകയുണ്ടായി. കോണ്‍ഗ്രസ്സിന്റെ സമുന്നതരായ പല നേതാക്കളും യൂത്ത് കോണ്‍ഗ്രസ്സ് എന്‍.എസ്.യു നേതാക്കളും ഈ കാര്യങ്ങള്‍ കാണിച്ച് സോഷ്യല്‍ മീഡിയകളില്‍ പ്രതികരിച്ചിരുന്നു. പക്ഷെ തിരഞ്ഞെടുപ്പ് ചൂട്പിടിച്ച് തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ്സ് പതുക്കെ ഇതിനെ മറികടക്കുന്ന കാഴ്ചയാണ് കാണുന്നത്.
ദ്വീപു രാഷ്ട്രീയത്തില്‍ ദീര്‍ഘകാലം വിജയിച്ച സഈദ് സാഹിബിനെ പരാജയപ്പെടുത്തിയ 2004 ലെ ‍ഡോ.പൂക്കുഞ്ഞിക്കോയയുടെ വിജയം മുതല്‍ ഇങ്ങോട്ട ശ്രദ്ധിച്ചാല്‍ ദ്വീപു രാഷ്ട്രീയത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ നമുക്ക് വായിച്ചെടുക്കാനാവും. ഡോ.പൂക്കുഞ്ഞിക്കോയാ സാഹിബിന്റെ എല്ലാ ദ്വീപിലുമുള്ള ജനങ്ങളുമായിട്ടുള്ള വ്യക്തി ബന്ധമായിരുന്നു വിജയത്തിന്റെ പ്രധാനമായ ഒരു കാരണം അതുപോലെ തന്നെ പുതിയൊരാള്‍ രംഗത്തെത്തിയതിന്റെ പ്രതീക്ഷയും അന്ന് വോട്ടായി മാറിയിരുന്നു. തങ്ങളുടെ ഒരു വോട്ട് ഡോക്ടര്‍ക്ക് നല്‍കിയാല്‍ സഈദ് സാഹിബ് തോല്‍ക്കില്ല എന്ന് കോണ്‍ഗ്രസ്സിലെ പലരും വിശ്വസിച്ചിരുന്നു. കോണ്‍ഗ്രസ്സിലെ അതിരുകടന്ന വിശ്വാസവും അന്നത്തെ വിജയത്തിന് ഒരു കാരണമായി മാറി.
എന്നാല്‍ 2009 ലെ തെരെഞ്ഞെടുപ്പില്‍ ഹംദുള്ളാ സഈദിന്റെ വിജയത്തിന് കാരണമായത് പ്രധാനമായും രണ്ട് കാരണങ്ങളായിരുന്നു. ഒന്ന് സഈദ് സാഹിബിന്റെ നിര്യാണത്തിലുള്ള സഹതാപ തരംഗവും ഡോ.പൂക്കുഞ്ഞിക്കോയ സാഹിബിന്റെ പ്രസംഗത്തിലെ പാളിച്ചകളും.
2014 ലെ മുഹമ്മദ് ഫൈസലിന്റെ വിജയത്തിന് പ്രധാനമായും ഉണ്ടായ ഒരു കാരണം എച്ച്.കെ.കാച്ചിയുടെ വര്‍ഗ്ഗീയത തിരിച്ച് കൊണ്ടുള്ള കൂറുമാറ്റമായിരുന്നു. അതിനോടൊപ്പം ഹംദുള്ളാ സഈദിന്റെ പക്വത ഇല്ലാത്ത പെരുമാറ്റവും ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. മുഹമ്മദ് ഫൈസല്‍ എന്ന പുതുക്കക്കാരനോടുള്ള കൗതുകവും അദ്ദേഹത്തിന്റെ വ്യക്തി ബന്ധങ്ങളും കൂടി വിജയത്തിന് മാറ്റുകൂട്ടി. ഇക്കാര്യങ്ങള്‍ വെച്ച് വേണം 2019 ലെ തെരെഞ്ഞെടുപ്പിനെ വിലയിരുത്താന്‍.
എച്ച്.കെ.കാസിമും ഒരു വിഭാഗവും കോണ്‍ഗ്രസ്സ് ചേരിയിലേക്ക് ചേക്കേറിയിരിക്കുന്നു. കാച്ചിയോടൊപ്പം എന്‍.സി.പിയിലേക്ക് പോയ എല്ലാവരും തിരിച്ച് വന്നില്ല എന്നത് ശ്രദ്ധേയം. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ അഗത്തിയില്‍ കണ്ട തേങ്ങാ കോണ്‍ഗ്രസ്സ് വിഭാഗം ശക്തി ശയിച്ചു എന്നതിന് തെളിവായിരുന്നു കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ പ്രകടമായത്. അതിപോലെ ഡോ.സാദിഖിന്റെ സ്ഥാനാര്‍ത്ഥിത്വം എന്‍.സി.പി യെ തന്നെയാണ് പ്രതികൂലമായി ബാധിക്കുക.
എന്നാല്‍ കമ്പാസിനേറ്റ് ഗ്രൗണ്ടില്‍ ജോലി കിട്ടിയ ഒരു വലിയ വിഭാഗത്തിന്റെ പിന്തുണയും പെല്‍ത്ത് ഇന്‍ഷ്വറന്‍സ് കാര്‍ഡ് വഴി ഒട്ടേറെ കുടുംബങ്ങള്‍ക്ക് വന്ന് ചേര്‍ന്ന ധന സാഹായവും പ്രധാന മന്ത്രി ചികിത്സാ സഹായം കിട്ടിയവരും തങ്ങളെ പിന്തുണക്കുമെന്നും എന്‍.സി.പി കണക്ക് കൂട്ടുന്നു. IRB ക്കാരുടെ ഒരു വലിയ വോട്ട് ശേഖരം തന്നെ രക്ഷപ്പെടുത്തുമെന്ന് കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ഹംദുള്ളാ സഈദും കണക്ക് കൂട്ടിയിരുന്നു.
മിനിക്കോയി ദ്വീപില്‍ ആദ്യകാലത്ത് കോണ്‍ഗ്രസ്സിനോടൊപ്പം നിന്ന ഖണ്ഡിപ്പാര്‍ട്ടി വില്ലേജ് കഴിഞ്ഞ പ്രാവശ്യം എന്‍.സി.പിയെ പിന്തുണച്ചിരുന്നു. ഇപ്പോള്‍ ഈ വില്ലേജിലെ ഒരു വിഭാഗം ഡോക്ടര്‍ സാദിഖിനെ പിന്തുണക്കുന്നു എന്ന വാര്‍ത്തയും നമുക്ക് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. അതുപോലെ കഴിഞ്ഞ സി.പി.എം സ്ഥാനാര്‍ത്ഥിയായിരുന്ന ഡോക്ടര്‍ മുനീര്‍ ഇപ്പോള്‍ കോണ്‍ഗ്രസ്സ് പക്ഷത്താണ്. സി.പി.എം സ്ഥാനാര്‍ത്ഥി അഗത്തിയിലെ എന്‍.സി.പി കുടുംബത്തിലുള്ള വ്യക്തിയാണ്. അതുപോലെ സി.പി.ഐ യില്‍ നിന്നുമുള്ള കില്‍ത്താന്‍ ദ്വീപിലെ അലി അക്ബര്‍ കോണ്‍ഗ്രസ്സ് കുടുംബത്തില്‍ നിന്നുള്ളയാളാണ്. ബി.ജെ.പി സ്ഥാര്‍ത്ഥിയായ അബ്ദുല്‍ ഖാദര്ഡ ഹാജിക്ക് ലഭിക്കുന്ന വോട്ടുകള്‍ എന്‍.സി.പി മുന്‍തൂക്കമുള്ള വോട്ടുകളാവാനാണ് സാധ്യത. അത് കുറേ കാലം മുമ്പ് തന്നെ വിഭജിക്കപ്പെട്ട വോട്ട് ആയത് കൊണ്ട് കണക്ക് കൂട്ടലില്‍ അതിന് വലിയ സ്ഥാനം കല്‍പിക്കാന്‍ കഴിയില്ല.
ഇന്ത്യയിലെ ഏറ്റവും ചെറിയ ലോകസഭാ മണ്ഡലമായ ലക്ഷദ്വീപില്‍ വിജയ പരാജയങ്ങള്‍ക്ക് ആയിരത്തില്‍ കുറഞ്ഞ വോട്ടുകളുടെ മാറി മറിയലുകള്‍ കൊണ്ട് സാധ്യമാകും. ലക്ഷദ്വീപിലെ വര്‍ഗ്ഗീയ ചേരിതിരിവുകളും സൗഹൃദ ബന്ധങ്ങളുമാണ് ഒരു പരിധിവരെ വിജയ പരാജയങ്ങള്‍ തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെയാണ് എന്‍.സി.പി വിഭാഗം ഫൈസലിന്റെ പി.എം.സഈദീയന്‍ സ്വഭാവങ്ങളെ തങ്ങളുടെ വിജയ കണക്ക് കൂട്ടലിനോടൊപ്പം ചേര്‍ത്ത് വെക്കുന്നത്.
മാറിവന്ന ദ്വീപു സാഹചര്യത്തില്‍ രണ്ട് പാര്‍ട്ടിയിലും വിശ്വസിക്കാത്ത കുറഞ്ഞ ഫ്ലോട്ടിങ്ങ് വോട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഈ നമസ്സുകള്‍ എങ്ങോട്ട് തിരിയും എന്നതും വിജയ കണക്ക് കൂട്ടലുകളില്‍ അക്കങ്ങളായി മാറുക തന്നെ ചെയ്യും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY