DweepDiary.com | ABOUT US | Friday, 26 April 2024

പരിശോധനകള്‍ പ്രഹസനമാകുമ്പോള്‍...? (Editorial)

In editorial BY Admin On 30 September 2014
കൊച്ചിയില്‍ കപ്പല്‍ കയറാന്‍ ചെന്നാല്‍ ദ്വീപുകാര്‍ പരിശോധനകള്‍ കൊണ്ട് പൊറുതിമുട്ടുന്നു. ടിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും എല്ലാം നോക്കി ടിക്കറ്റുകള്‍ സീല്‍ ചെയ്ത് ചരക്കുകള്‍ സ്കാന്‍ ചെയ്ത് അകത്ത് കടന്നാല്‍ വീണ്ടും ശരീര പരിശോധന. അത് കഴിഞ്ഞാല്‍ വീണ്ടും ടിക്കറ്റ് നോക്കി നമ്മളെ സസൂഷ്മം പരിശോധിച്ച് കടത്തിവിടുന്നു. ഇത്രയും ബന്ധ വസ്തുവിലൂടെ പരിശോധന കഴിഞ്ഞ് കയറുന്ന കപ്പലിലാണ് എന്‍ട്രി പെര്‍മിറ്റും ടിക്കറ്റുമില്ലാതെ ഒരു യാത്രക്കാരന്‍ മൂന്ന് തവണ ദ്വീപുകളില്‍ യഥേഷ്ടം കറങ്ങിയടിച്ച് തിരിച്ച് പോയത്. സംശയാസ്പദമായി പിടിക്കപ്പെട്ടപ്പോള്‍ ദ്വിപിലെ പ്രണയിനിയെ തേടിവന്നുവെന്ന വ്യാഖ്യാനവും. എന്‍ഡ്രി പെര്‍മിറ്റും ടിക്കറ്റുമില്ലാതെ യാത്ര ചെയ്ത് പിടിക്കപ്പെട്ടപ്പോള്‍ നാമമാത്രമായ പിഴ ഒടുക്കി അദ്ദേഹം തിരിച്ച് പോയി. ദ്വിപുകാരന്‍ ടിക്കറ്റില്ലാതെ പിടിക്കപ്പെട്ടാല്‍ മൂവായിരം രൂപ പിഴയാണ് ചുമത്തുന്നത്. പിടിക്കപ്പെട്ട വ്യക്തി വെളിപ്പെടുത്തുന്ന മറ്റൊരു ഞെട്ടിക്കുന്ന കാര്യം ആയിരം രൂപ പരിശോധനാ ഉദ്യോഗസ്ഥന്‍ കൈമടക്കിയാണ് കപ്പലില്‍ കയറിപ്പറ്റിയത്. എന്‍ഡ്രി പെര്‍മിറ്റിന്റെ പുതുക്കിയ നിയമമനുസരിച്ച് ഉദ്യോഗസ്ഥരുടെ ഏതു ബന്ധുവായാലും പെര്‍മിറ്റ് ആവശ്യമില്ല. കോണ്‍ട്രാക്ടര്‍മാര്‍ക്ക് പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എന്‍ജീനിയര്‍ അഫ്ഡവിറ്റ് നല്‍കിയാല്‍ ജോലിക്കാരെ ദ്വീപിലേക്ക് കൊണ്ട്പോകാം. അന്യ സംസ്ഥാന തൊഴിലാളികളെ പോലും മട്ടാഞ്ചേരി അഡ്രസ്സിലാണ് ദ്വിപിലേക്ക് തൊഴിലാളികളായി കൊണ്ട് വരുന്നത്. ഇതില്‍ അന്യ രാജ്യ പൗരന്മാര്‍പോലും ഉണ്ടെന്നുള്ളെന്നതാണ് രഹസ്യമായവിവരം. എന്‍ട്രിപെര്‍മിറ്റിലെ നിയമപ്രകാരം ദ്വീപില്‍ നിന്ന് വന്‍കരയില്‍ വിവാഹം കഴിച്ചവരുടെ ഭാര്യമാര്‍ക്കും ഭര്‍ത്താക്കന്മാര്‍ക്കും പെര്‍മിറ്റ് അനിവാര്യമാണ്. ഉദ്യോഗസ്ഥന്മാരുടെ സഹകരണം കൊണ്ടാണ് ഇന്ന് പലരും യാത്രചെയ്ത് കൊണ്ടിരിക്കുന്നത്. ദ്വീപുകാരന്റെ പൗരാവകാശത്തിന് നേരേയുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ നിയമം. അവന്‍ സ്വതന്ത്രമായി വിവാഹം കഴിക്കുന്നതിന് പോലും തടസ്സമാകുന്ന അവസ്ഥ. ഈ നിയമം കര്‍ശനമായാല്‍ ദ്വീപിലെ സമുന്നതരായ പല നേതാക്കളുടെ ഭാര്യമാര്‍ക്കും ദ്വീപില്‍ വരാന്‍ എന്‍ട്രിപെര്‍മിറ്റ് എടുക്കേണ്ടിവരും. ലക്ഷദ്വീപ് മയക്ക് മരുന്ന് നിരേധിത മേഖലയാണ്. എന്നാല്‍ ലോകത്ത് ഉപയോഗിക്കുന്ന മിക്ക ലഹരി മരുന്നുകളും ദ്വീപില്‍ സുലഭമായി കിട്ടും. ഇതും സ്കാനിങ്ങും പരിശോധനകളും കഴിഞ്ഞാണ് കപ്പല്‍ വഴി ദ്വീപുകളില്‍ എത്തിക്കൊണ്ടിരിക്കുന്നത്. യാത്രക്കാരെ പരിശോധിക്കണ്ടാ എന്നോ നിയമങ്ങള്‍ വേണ്ടാഎന്നോ ഞങ്ങള്‍ പറയുന്നില്ല. പാവം ദ്വീപുകാരെ കഷ്ടപ്പെടുത്തുന്നതിന് വേണ്ടി മാത്രമാവരുത് ദ്വീപില്‍ നടത്തപ്പെടുന്ന നിയമങ്ങള്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY