DweepDiary.com | ABOUT US | Saturday, 27 April 2024

എഫ്‌ഐ ആറ്റ ഇനി ദ്വീപിന്‍റെ സ്പന്ദിക്കുന്ന ഓര്‍മ്മ

In death BY Admin On 30 August 2014
ചെത്ലാത്(30/08/2014): ദ്വീപിലെ പൌരപ്രമുഖനും മുന്‍ ചെയര്‍പെയ്സണുമായ എഫ്‌ഐ ആറ്റ എന്ന ആറ്റക്കോയ പക്കിയോട (66) നിര്യാതനായി. ദീര്‍ഘകാലം അസുഖ ബാധിതനായി ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെ ചെത്ലാത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലായിരുന്നു അന്ത്യം. എന്‍‌സി‌പി ലക്ഷദ്വീപ് സ്റ്റേറ്റ് വൈസ് പ്രസിഡന്‍റ് പദവി അലങ്കരിച്ചിട്ടുണ്ട് അദ്ദേഹം. ഒരു കാലത്ത് ദ്വീപിലെ ഇതിഹാസമായിരുന്ന ഇദ്ദേഹം ലക്ഷദ്വീപില്‍ പരക്കെ അറിയപ്പെട്ടിരുന്ന രാഷ്ട്രീയക്കാരനും കൂടിയാണ്. ജീവിതത്തില്‍ അപാരമായ ധൈര്യം കാഴ്ച വെച്ച അദ്ദേഹം ക്യാന്‍സറിന് മുന്നിലും അത്യപൂര്‍വ്വമായ ധീരത വെടിഞ്ഞില്ല. ദ്വീപിലെ ആദ്യത്തെ അദ്ധ്യാപകനായ കല്‍കണ്ടിയോട ഖാദിരി മാസ്റ്റര്‍ അദ്ദേഹത്തിന്റെ പിതാവാണ്. അദ്ദേഹത്തെ പരാതിയുമായി സമീപിച്ചവര്‍ നിരാശയോടെ മടങ്ങാറില്ലെന്ന് നാട്ടുകാര്‍ സ്മരിക്കുന്നു. ലക്ഷദ്വീപ് ഫിഷറീസ് വകുപ്പില്‍ ഫിഷര്‍മാനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം മിനിക്കോയ്, ചെത്ലാത്, അമേനി, കടമത്ത്, ആന്ത്രോത്ത് എന്നീ ദ്വീപുകളില്‍ സേവനമനുഷ്ടിച്ച് ഫിഷറീസ് ഇന്‍സ്പെക്ടറായി വിരമിക്കുകയായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ നാട്ടുകാര്‍ സ്നേഹപൂര്‍വ്വം എഫ്‌ഐ ആറ്റ എന്ന്‍ വിളിക്കുന്നത്. ദ്വീപില്‍ ഒരുകാലത്ത് പത്ത് പേര്‍ക്ക് മാത്രമായിരുന്നു വയോജന പെന്‍ഷന്‍ ലഭിച്ചിരുന്നത്. അദ്ദേഹത്തിന്റെ ധീരമായ ഇടപെടല്‍ മൂലം ഇരുന്നൂറിലധികം പേര്‍ക്ക് പെന്‍ഷന്‍ കിട്ടി തുടങ്ങി. അധികാരികളുടെ മുമ്പില്‍ ഒട്ടും സങ്കോചം കാണിക്കാത്തതിനാലാവാം അദ്ദേഹത്തിന് ധാരാളം രാഷ്ട്രീയ ശത്രുക്കളുണ്ടായിരുന്നു. സാംസ്കാരിക ലക്ഷദ്വീപിന് നഷ്ടമായത് കേവലം ഒരു നല്ല ഭരണാധികാരി മാത്രമല്ല ഒരു രാഷ്ട്രീയ കാരണവരെ കൂടിയായാണെന്ന് ചെത്ലാത് എന്‍‌സി‌പി ഘടകം ഭാരവാഹിയും വില്ലേജ് പഞ്ചായത്ത് അംഗം കൂടിയായ ശ്രീ താഹ ദ്വീപ് ഡയറിയോട് പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY