DweepDiary.com | ABOUT US | Friday, 26 April 2024

"ജില്ലാ പഞ്ചായത്ത് അവിശ്വാസം" അന്തിമ വാദം 21 ലേക്ക് മാറ്റി

In Politics BY Admin On 15 June 2016
കൊച്ചി (15/06/2016): ലക്ഷദ്വീപ് ജില്ലാ പഞ്ചായത്തിന്‍റെ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് എന്‍‌സി‌പിയും കോണ്‍ഗ്രസ്സും സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്തിമ വാദം ഇന്നുണ്ടായേക്കും. കഴിഞ്ഞ രണ്ട് ദിവസമായി കേരളാ ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് ഇരു പാര്‍ട്ടികളും വാദം തുടരുകയാണ്. ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ സ്റ്റാന്‍ഡിങ്ങ് കൌണ്‍സിലായി അഡ്വക്കറ്റ് രാധാകൃഷ്ണനും എന്‍.സി.പിക്ക് വേണ്ടി സീനിയര്‍ അഡ്വക്കറ്റ് കൃഷ്ണനുണ്ണിയും കോണ്‍ഗ്രസ്സിന് വേണ്ടി അഡ്വക്കറ്റ് അജിത് വി അഞ്ചര്‍ലേക്കറും അഡ്വക്കറ്റ് ഗംഗേഷുമാണ് ഹാജരായത്. ഇന്നലെ കോടതിയില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ആദ്യം കോടതിയിയുടെ മുമ്പില്‍ വാദത്തിന് വന്നത്. റഗുലേഷനില്‍ സൂചിപ്പിച്ചിരിക്കുന്ന സമയപരിധി ലംഘിച്ചുവെന്ന എന്‍.സി.പിയുടെ വാദം കോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് കോണ്‍ഗ്രസ്സ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിന് അഡ്മിനിസ്ട്രേറ്റര്‍ താല്‍കാലിക അധികാരം നല്‍കിയത് ചോദ്യം ചെയ്തു. അഡ്മിനിസ്ട്രേറ്ററുടെ പ്രത്യേക അധികാരം ചൂണ്ടിക്കാട്ടി കോടതി ആ വാദവും തള്ളി. പിന്നീട് കോണ്‍ഗ്രസ്സ് വിഭാഗം ആര്‍ട്ടിക്കിള്‍ 243 (C) പ്രകാരം ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്‍റിനെ തെരെഞ്ഞെടുക്കാനുള്ള അധികാരം ജില്ലാ പഞ്ചായത്ത് മെമ്പര്‍മാക്കുള്ളതാണെന്നും വിവിധ ദ്വീപിലെ ചെയര്‍പേഴ്സണ്‍, എം.പി തുടങ്ങിവര്‍ക്ക് ഇതില്‍ പങ്കെടുക്കാന്‍ പാടില്ലാത്തതും ഇപ്പോള്‍ ലക്ഷദ്വീപില്‍ നിലനില്‍ക്കുന്ന പഞ്ചായത്ത് റെഗുലേഷന്‍ ഭരണഘടനക്ക് വിരുദ്ധമാണെന്നുമുള്ള വാദം കോടതി മുഖവിലക്കെടുത്തു. ഇതിനേക്കുറിച്ച് വ്യക്തത വരുത്താന്‍ ദ്വീപ് ഭരണകൂടത്തിന്‍റെ സ്റ്റാന്‍ഡിങ്ങ് കൌണ്‍സിലിനോട് കോടതി ചോദിച്ചെങ്കിലും അദ്ദേഹത്തിന് സാധിച്ചില്ല. തുടര്‍ന്ന് കോടതി വാദം ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. ഇന്ന്‍ ഹാജരാവുമ്പോള്‍ പ്രസ്തുത കാര്യങ്ങള്‍ പഠിച്ച് അറിയിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇന്നത്തെ വാദത്തില്‍ എന്‍‌സി‌പി പ്രസ്തുത വകുപ്പുകള്‍ ഭേദഗതി ചെയ്യാനുള്ള വകുപ്പുകള്‍ ഭരണഘടനയിലുണ്ടെന്ന് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കോടതി വിശദമായ വാദങ്ങള്‍ക്ക് കേസ് 21 ലേക്ക് മാറ്റി വെച്ചു.

ഏതായാലും കോടതിയുടെ അന്തിമവിധി ദ്വീപ് സമൂഹം വളരെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY