ലക്ഷദ്വീപിൽ രാത്രി വൈകിയും പോളിംഗ് തുടരുന്നു; പത്ത് മണി വരെ നീളും
കവരത്തി : ലക്ഷദ്വീപിൽ ലോക്സഭാ തിരഞ്ഞെടുപ്പ് രാത്രി വൈകിയും തുടരുന്നു. വൈകുന്നേരം അഞ്ചു മണി വരെയുള്ള കണക്കുകൾ പ്രകാരം 59.02 ശതമാനമാണ് ആകെ പോളിംഗ് നിരക്ക്. പത്തു ദ്വീപുകളിലായി ആകെ 55 പോളിംഗ് സ്റ്റേഷനുകളിലാണ് പോളിംഗ് പുരോഗമിക്കുന്നത്. ഒറ്റ പോളിംഗ് സ്റ്റേഷൻ മാത്രമുള്ള ബിത്ര ദ്വീപിൽ ഒഴികെ എല്ലായിടത്തും പതുക്കെയാണ് പോളിംഗ് നടക്കുന്നത്. രാത്രി 10 മണി വരെ വോട്ടിംഗ് നീളുമെന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. ബിത്ര -100.84, ചെത്ലാത്ത് -66.11, കിൽത്താൻ - 67.70, കടമത്ത് - 62.56, അമിനി - 49.64, ആന്ത്രോത്ത് -57.37, കൽപ്പേനി -58.16, മിനിക്കോയ് - 52.84,കവരത്തി -64.98, അഗത്തി -60.46 എന്നിങ്ങനെയാണ് ഓരോ ദ്വീപിലെയും പോളിംഗ് ശതമാനം.