DweepDiary.com | ABOUT US | Friday, 26 April 2024

ലക്ഷദ്വീപ് ടീമിന്റെ അമരക്കാരനായി വീണ്ടും ദീപക് കോച്ച്

In sports BY Admin On 09 November 2017
ലക്ഷദ്വീപിന്റെ ഫുട്ബോൾ പ്രതീക്ഷകളുടെ ചുക്കാൻ കോഴിക്കോട് സ്വദേശി ദീപക് സി എം എന്ന കോച്ചിന്റെ കൈകളിൽ. വരുന്ന സന്തോഷ് ട്രോഫിക്കായുള്ള ലക്ഷദ്വീപ് ഫുട്ബോൾ ടീമിന്റെ പരിശീലകനായാണ് ദീപക് സി എമ്മിനെ നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷവും ദീപക് സാർ ആയിരുന്നു ലക്ഷദ്വീപ് കോച്ച്. അന്ന് അവസാന ഘട്ടത്തിൽ ലക്ഷദ്വീപ് കോച്ചായി ചുമതലയേറ്റ ദീപക് സാറും ടീം പ്രശംസ ഏറെ പിടിച്ചുപറ്റിയ പ്രകടനം കാഴ്ച വെച്ചിരുന്നു.

കഴിഞ്ഞ തവണ കോഴിക്കോട് സന്തോഷ് ട്രോഫിക്കായി എത്തിയ ലക്ഷദ്വീപ് ടീമിന് ബി ലൈസൻസ് ഉള്ള ഒരു കോച്ച് ഒപ്പം ഉണ്ടായിരുന്നില്ല. അങ്ങനെ അവസാന ഘട്ടത്തിലാണ് ദീപക് സാർ ചുമത ഏറ്റെടുക്കേണ്ടി വന്നത്. തങ്ങളുടെ ആദ്യ സന്തോഷ് ട്രോഫി കളിച്ച് മടങ്ങുക എന്ന ചെറിയ ലക്ഷ്യവുമായി വന്ന ദ്വീപ് ടീം തെലുങ്കാനയെ അട്ടിമറിച്ച് തങ്ങളുടെ ആദ്യ ജയവും സ്വന്തമാക്കിയാണ് മടങ്ങിയത്.

കഴിഞ്ഞ തവണ ഒരു ഒരുക്കങ്ങളും ഇല്ലാതെ എത്തിയ ലക്ഷദ്വീപ് ഇത്തവണ നേരത്തെ ഒരുങ്ങുകയാണ്. ദീപക് സി എമ്മിനെ കോച്ചായി നിയമിച്ച ലക്ഷദ്വീപ്, ദീപക് സാർ ലക്ഷദ്വീപിൽ എത്തുന്നതോടെ ടീമൊരുക്കാനുള്ള നീക്കങ്ങൾ തുടങ്ങും. നവംബർ 10 മുതൽ 14 വരെ താരങ്ങൾക്കായുള്ള ട്രയൽസ് കവരത്തിയിൽ വെച്ച് നടത്താനിരിക്കുകയാണ്. കവരത്തിയിൽ വെച്ച് തന്നെ തിരഞ്ഞെടുക്കുന്ന താരങ്ങളെ അണിനിരത്തി ക്യാമ്പും നടക്കും.

കഴിഞ്ഞ സന്തോഷ് ട്രോഫിക്കു ശേഷം മാറ്റങ്ങളുടെ പാതയിലാണ് ലക്ഷദ്വീപ് ഫുട്ബോൾ. കവരത്തി ലീഗിലും ഇന്റർ ഐലൻഡ് ചാമ്പ്യൻഷിപ്പിലും അത് ഇത്തവണ വ്യക്തമായിരുന്നു. ദീപക് സാറിന്റെ വരവ് കൂടെയാകുമ്പോൾ ഇന്ത്യൻ ഫുട്ബോൾ മാപ്പിൽ ലക്ഷദ്വീപ് കാര്യമായി ഇടംപിടിക്കുന്ന കാലം വിദൂരമല്ല എന്നു കരുതാം.
ഇതിഹാസം ഒളിമ്പ്യൻ റഹ്മാൻ സ്ഥാപിച്ച യൂണിവേഴ്സൽ സോക്കർ സ്കൂളിന്റെ പരിശീലകനായിരുന്നു ദീപക് സാർ. സന്തോഷ് ട്രോഫിക്കു ശേഷം പ്രീമിയർ കോച്ചിംഗ് സ്കിൽസ് എന്ന പദ്ധതിയുമായി ലക്ഷദ്വീപിലെ പരിശീലകർക്ക് പരിശീലനം നൽകാനും ദീപക് സാർ എത്തിയിരുന്നു.

കടപ്പാട്: fanport

SHARE YOUR FEEDBACK

RECENT IN THIS CATEGORY