DweepDiary.com | ABOUT US | Wednesday, 01 May 2024

മുൻനിര പാർട്ടികളുടെ മോഹന വാഗ്ദാനങ്ങൾ ; വോട്ടായി മാറുമോയെന്ന് കാത്തിരുന്ന് കാണാം

In main news BY Web desk On 18 April 2024
ലക്ഷദ്വീപിൽ നാളെ നടക്കാനിരിക്കുന്ന പതിനെട്ടാമത് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ മുൻനിര പാർട്ടികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്,എൻ സി പി (എസ് ) , എൻ സി പി പാർട്ടികൾ ജനങ്ങൾക്കു മുമ്പിൽ വെച്ചു നീട്ടിയത് മോഹന വാഗ്ദാനങ്ങളും ഗംഭീര ഉറപ്പുകളുമാണ്. ലക്ഷദ്വീപ് നിവാസികളെ ഏറെ അലട്ടുന്ന കപ്പൽ - ചരക്കു നീക്ക ഗതാഗതം, പണ്ടാരം ഭൂമി, പഞ്ചായത്ത് സഭകളുടെ അധികാര പുനസ്ഥാപനം, സ്വയംഭരണാവകാശം എന്നിങ്ങനെയുള്ള വിഷയങ്ങളിൽ അടിയന്തിരമായി പരിഹാരം കാണുമെന്നാണ് ഓരോ പാർട്ടികളും പ്രഖ്യാപിച്ചിരിക്കുന്നത്. ജയിച്ചു കഴിഞ്ഞാൽ ലക്ഷദ്വീപിലേക്ക് പുതിയ കപ്പൽ, സ്പീഡ് വെസ്സൽ സർവീസുകൾ കൊണ്ടുവരുമെന്ന് എല്ലാവരും പതിവുപോലെ വാഗ്ദാനം ചെയ്തിട്ടുണ്ട്. കപ്പൽ ഗതാഗതത്തെ കൂടുതൽ കാര്യക്ഷമമായി ഉയർത്തുന്നതിന് തുറമുഖ വികസനം ഉൾപ്പെടെയുള്ള പദ്ധതികൾ എൻ സി പി ( എസ് ) മുന്നോട്ടു വെക്കുന്നുണ്ട്. ഏത് കാലാവസ്ഥയിലും ഓടാൻ കഴിയുന്ന യാത്രാ സൗകര്യമൊരുക്കുമെന്നാണ് കോൺഗ്രസ്സ് അവകാശപ്പെടുന്നത്. കഴിഞ്ഞ പത്തു വർഷത്തിനിടെ ലക്ഷദ്വീപുകാർക്ക് നഷ്ടപ്പെട്ട എല്ലാ ആനുകൂല്യങ്ങളും പുന:സ്ഥാപിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുമെന്നാണ് കോൺഗ്രസ്സിൻ്റെ പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം.
പ്രഫുൽ ഗോഢാ പട്ടേൽ കൊണ്ടു വന്ന ജനോപദ്രവമായ പരിഷ്ക്കരണങ്ങൾ ജനാഭിപ്രായ പ്രകാരം മാറ്റാൻ തങ്ങൾ പ്രതിജ്ഞാബന്ധരാണെന്ന് എല്ലാവരും പ്രചരണ കാലത്ത് ആവർത്തിച്ചു പറഞ്ഞ പ്രധാന വാഗ്ദാനമായിരുന്നു. സ്കൂളുകളും അംഗണവാടികളും അടച്ചുപൂട്ടിയത്, സ്കൂൾ അവധി ദിനത്തിലെ മാറ്റം യൂണിഫോം പരിഷ്ക്കരണം, വിവിധ തസ്തികകളിൽ നിന്ന് തൊഴിലാളികളെ പിരിച്ചുവിട്ട നടപടി ഇതിലെല്ലാം ലക്ഷദ്വീപ് ജനതയുടെ താത്പര്യത്തിലുള്ള പരിഹാരം കാണുമെന്നാണ് സ്ഥാനാർത്ഥികൾക്ക് പറയാനുള്ളത്. എല്ലാം പഴയ പടിയാക്കുമെന്ന സ്ഥാനാർത്ഥികളുടെ വാക്ക് വിശ്വാസത്തിലെടുത്താണ് ലക്ഷദ്വീപിലെ വോട്ടർമാർ വോട്ടിനൊരുങ്ങുന്നത്.
പണ്ടാരം ഭൂമി പ്രശ്നത്തിൽ പരിഹാരം കാണുമെന്ന് അവകാശപ്പെടുന്ന പാർട്ടികൾ പണ്ടാരം ഭൂമി ക്രയവിക്രയവുമായി ബന്ധപ്പെട്ട് പുതിയ അഡ്മിനിസ്‌ട്രേഷന്റെ പരിഷ്കരത്തിൽ പ്രതിസന്ധിയിലാവരെ കണ്ട് പ്രത്യേകം ആശ്വാസം അറിയിക്കാൻ ശ്രദ്ധിച്ചിരുന്നു. കോൺഗ്രസ്സ് സ്ഥാനാർത്ഥി ഹംദുള്ളാ സഈദ് ഈ വിഷയത്തിൽ അഡ്മിനിസ്‌ട്രേഷനെ അനുകൂലിക്കുകയാണെന്ന പ്രചരണവുമായി എൻ സി പി (എസ് ) രംഗത്ത് വന്നിരുന്നെങ്കിലും കോൺഗ്രസ്സ് ആരോപണത്തെ ശക്തമായി നേരിട്ടിരുന്നു. ജനങ്ങൾ ഇക്കാര്യത്തിൽ ആരെ വിശ്വാസത്തിലെടുക്കുമെന്ന് കണ്ടറിയേണ്ട കാര്യമാണ്. ലക്ഷദ്വീപ് എം പി മുഹമ്മദ്‌ ഫൈസൽ നടത്തിയതായി ആരോപിക്കപ്പെടുന്ന മാസ്സ് കുംഭകോണത്തിൽ ഇരയായവർക്ക് അർഹമായ നഷ്ടപരിഹാരം നേടിക്കൊടുക്കുമെന്ന് കോൺഗ്രസ്സ് പ്രകടന പത്രികയിൽ അവകാശപ്പെടുന്നുണ്ട്. ഇത് പ്രസ്തുത കേസുമായി ബന്ധപ്പെട്ട സാധാരണക്കാരിലെങ്കിലും സ്വാധീനം ചെലുത്തേണ്ടതാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY