DweepDiary.com | ABOUT US | Saturday, 13 April 2024

ശബരിക്കടവിലെ കരീമിന്റെ ജീവിത്തിൽ നിന്നും പാട്ടെഴുതിയ കരീം കിൽത്താനി.

In editorial BY Mohammed Saleem Cherukode On 21 January 2024
ശബരി കൊട്ടാനും ശുവ്വമുരിക്കാനും ഒക്കത്തിരുത്തിയ കരീമിനെയും ചുമന്ന് പോവുമ്പോൾ കാട്ടുച്ചെറ്റ ആമിന എന്ന ഉമ്മ ഒരിക്കലും വിചാരിച്ചില്ല ഈ ജീവിതം ദ്വീപിലെ മുഴുവൻ ജനങ്ങളും ഏറ്റെടുക്കുന്ന പാട്ടിന്റെ വരികളായി ചുണ്ടുകളിൽ നിന്നും ചുണ്ടുകളിലേക്ക് ഒഴുകുമെന്ന്. " ശബരിക്കടവിൽ ശുവുമുരിക്കും ബീഫാത്തുമ്മാ താറ് കുടഞ്ഞത് മതി കണ്ടം കരളേ ഫാത്തുമ്മ ... " ജീവിതത്തിന്റെ പച്ചയായ അനുഭവം പ്രാസഭംഗിയോടെ, ദൃശ്യ രൂപകം ചേർത്ത് ഇത്ര കൃകൃത്യമായി ദ്വീപു ജീവിതത്തെ അടയാളപ്പെടുത്തിയ ഒരു പാട്ടെഴുത്തുകാരനെ ഞാൻ വേറെ കണ്ടിട്ടില്ല. എങ്ങനെയായിരുന്നു പാട്ടെഴുത്തിന്റെ തുടക്കം. ? ഉമ്മ ഉറക്കാൻ കിടത്തുമ്പോൾ പാട്ടുപാടും. ബദറും ഉഹദും ഖന്തക്കും യൂസഫ് ഖിസ്സയുമൊക്കെയാണ് പാടുക. അങ്ങനെ കേട്ട് കേട്ട് ഇശലുകളെല്ലാം മനസിൽ ഉറച്ച് പോയി. ഉള്ളിലുറഞ്ഞ രാഗങ്ങളിൽ ജീവിത ചുറ്റുപാടുകൾ കലർത്തിയ, മലയാളവും ജസരിയും മിശ്രണം ചെയ്ത പാട്ടുകൾ ഒഴുകി വരാൻ തുടങ്ങി. അങ്ങനെയാണ് ആദ്യ കാലത്ത് പാട്ടകൾ എഴുതി തുടങ്ങിയത്. "ബരീഷമ്പോയി മതി മതി ബിരിഷഞ്ഞാർ അടിഫൊളി മൂസെ നീം ബൽപ്പാം ഫുവ്വാം ബാല്ലാ... ചെം ചീരേം നഗരേം കോളല്ലാ - മൂസെ ബാല്ലാ.... ദ്വീപുകാരന്റെ മാസ്റ്റർപീസായ പാട്ടുകളിലൊന്നാണിത്. ഇതിൽ ജീവിതത്തിന്റെ സൂക്ഷ്മമായ നിരീക്ഷണം കാണുന്നുണ്ട്. ദൃശ്യാവിഷ്ക്കാരമുണ്ട്. ഒരു നല്ല മുക്കുവനല്ലാതെ ടങ്കീസിന്റെ കോടി - ഇത്കാ കോടി എന്ന് പ്രാസഭംഗിയിൽ എഴുതാനാവില്ല. നിങ്ങൾ ഒരു മുക്കുവനാണോ? അതെ ഞാനൊരു മുക്കുവനാണ്. എന്റെ ബാപ്പ കിൽത്താൻ ദ്വീപിലെ മുക്കുവ കുടുംബമായ ബലിപുര അബ്ദുള്ളാ എന്ന ഇക്കാക്കായാണ്. ഉമ്മ കാട്ടിച്ചെറ്റ ആമീന. ആറിലും ഏഴിലുമൊക്കെ പഠിക്കുമ്പോൾ എന്നേയും കടലിൽ കൊണ്ടു പോവുമായിരുന്നു. അങ്ങനെ കടലിലെ അനുഭവങ്ങൾ ജീവിതത്തിൽ എമ്പാടും ഉണ്ടായിട്ടുണ്ട്. ശുറാവിനെ ചാടിയത്, കോട്ടാറ കെട്ടിവലിച്ചത്, നീരൊഴുക്കിൽ കുടുങ്ങി കൂടെയാൾ പേടിച്ച് തളർന്നിട്ടും വിടാതെ വലിച്ച് നാടു കണ്ടത് , റച്ചിയ ചാടിയത്, കൂറാച്ചുറാവിന കണ്ടത്, അങ്ങനെ പറഞ്ഞാൽ തീരാത്ത കടലനുഭവങ്ങളുണ്ട്. അതുകൊണ്ടാണെന്ന് തോന്നുന്നു കാലെഴുതുമ്പോഴും പഴയ ദ്വീപു ജീവിതം എഴുതുമ്പോഴും ഞാൻ ശരിക്കും ഒരു കവിയായി മാറുന്നത്. ശുറാവിനെ ശാടിയ കഥ പറഞ്ഞു. എത്ര തരം ശുറാവുകളുണ്ട്? എമ്പാടും തരം ശുറാവുകളുണ്ട്. ബാലൻ ശുറാവ് ബലിയ ശുറാവ് ബക്കോടി പെരുന്തലയൻ പൂച്ചച്ചുറാവ് കൂറാച്ചുറാവ് കള്ളച്ചുറാവ് നെയ്യൻ ചുറാവ് മാനച്ചുറാവ് അട്ടച്ചുറാവ് തിരണ്ടിച്ചുറാവ് - ഇങ്ങനെ പലതരം ചുറാവുകളുണ്ട്. പാട്ട് ഗുരുമുഖത്തിൽ നിന്നും പഠിച്ചിട്ടുണ്ടോ? കിൽത്താൻ ദ്വീപിലെ ഡോലിപ്പാട്ട് കുരിക്കളായിരുന്നു ഇക്കാക്കാ മമ്പൻ. അദ്ദേഹത്തിൽ നിന്നാണ് ഡോലിപ്പാട്ട് പഠിച്ചത്. പൂമോനും മാമനുമാെക്കെ കുടയുണ്ടായിരുന്നു. മമ്പൻ എല്ലാ ദിവസവും പാട്ട് ശേഖരിച്ച് കൊണ്ട് ചെല്ലാൻ പറയും. പഴയ പാട്ടുതേടി പോവുമ്പോൾ പലരും പാട്ട് ഒളിപ്പിച്ച് കളയും. നമുക്ക് തരില്ല. പിറ്റേന്ന് കുരിക്കളുടെ അടുത്ത് ചെല്ലുമ്പോൾ പാട്ടില്ലാതെയും പറ്റില്ല. അങ്ങനെ നിവൃത്തിയില്ലാതെ വന്നപ്പോളാണ് പാട്ടുകൾ എഴുതിയത്. അങ്ങനെ എഴുതിയ പാട്ടാണ്. "നമൈ കീളാവായി പോയിനുക്ക് ഇതെന്തൊരു കഷ്ടം തെങ്ങും തലേക്ക് നുക്ക് കഷ്ട നഷ്ടം എന്നാണ് തീരും കഷ്ടം - ഈ കഷ്ട നഷ്ടം എ.കെ. വിരുത്തും തീട്ടം.. അബ്ദുൾ കരീം എന്ന എ.കെ. പിന്നീട് വിരുത്തിയ തിട്ടം എന്തായിരുന്നു...? പിറ്റേന്ന് ചെന്നപ്പോൾ ഒരു ഒപ്പന കൊണ്ടുവരാനാണ് കുരിക്കൾ പറഞ്ഞത്. അങ്ങനെ മുകളിൽ എഴുതിയ പാട്ടിലെ കുണക്കേട് തന്നെ ഒപ്പനയുടെ താളത്തിലേക്ക് എഴുതി. "ആദി അഹദിൻ നാമമോതി പുകള് ഹംദാൽ പാടിടുന്നേ ആറ്റലർ നബിയാരിലും ആലിൽ അസ്സലാമും ചൊല്ലിടുന്നേ
മുറുക്കം:.. " കട് കഠിനമിൽ ഇടിമുഴക്കമെ പെരുപ്പം ഇടിയുടെ പടിവരും കടലുടെ ശരപ്പം ഇടതടവൊഴിവില്ലാ സകലവും ഒപ്പം... ഇത് എഴുതിക്കഴിഞ്ഞപ്പോഴേക്കും നാട്ടിലെ മുതിർന്ന പാട്ടെഴുത്തുകാരൻ ഹസൈനാർ കാക്കാ റോഡിലൂടെ നടന്ന് പോവുന്നത് കണ്ടു. വേഗം അയാളെ വിളിച്ച് കൊണ്ട് വന്ന് ഞാൻ പാട്ട് കാണിച്ചു. അതിലെ തെറ്റ് കുറ്റങ്ങൾ കാണിച്ചാൽ തിരുത്താൻ വേണ്ടിയായിരുന്നു ശ്രമം. അയാൾ അവിടെയിരുന്നു. എന്നിട്ട് പാടാൻ പറഞ്ഞു. ഞാൻ താളത്തിൽ പാടി. പാട്ട് തീർന്നപ്പോൾ ഹസൈനാർ കാക്കാ എന്റെ മുഖത്തേക്ക് നോക്കിപ്പറഞ്ഞു. "ഈനേക്ക് തൊട്ട് ഫോകരുത്. ഇത് ഒന്നേ ഒന്നിന രചന. " എനിക്ക് സന്തോഷം അടക്കാനായില്ല. പഴയ മുക്കുവന്മാർക്ക് കാലാവസ്ഥാ വ്യതിയാനങ്ങൾ മനസിലാക്കാൻ കഴിയുമായിരുന്നു. താങ്കളും ഒരു പരിസ്ഥിതി നിരീക്ഷകനാണോ.? അനുഭവങ്ങളിൽ നിന്നും കുറെയൊക്കെ കാര്യങ്ങൾ മനസിലാക്കാനാവും. ഒരിക്കൽ ബാപ്പ എന്നേയും കൂട്ടി കടലിൽ പോകാനായി കടപ്പുറത്തെത്തി. നോക്കുമ്പോൾ പുറങ്കടലിൽ നല്ല വലിയ തിരയുണ്ട്. ഒന്നിന് പുറകെ വലിയ തിരകളാണ് ഉയർന്ന് വന്ന് പൊട്ടുന്നത്. പൊട്ടുമ്പോൾ പുറങ്കടലിലാകെ വെളുത്ത ഫദ നിറയും. മേലാവായിലെത്തിയ ബാപ്പ കുറേ നേരം കടലിനെ നിരീക്ഷിച്ച് നിന്നു .പല തോണിക്കാരും പോയി പുറപ്പെടാനാകാതെ തിരികെ വരുന്നുണ്ടായിരുന്നു. ഒരു തോണി തിരകളെ മറികടന്ന് പുറങ്കടലിലേക്ക് പോയി. "മോനെ തോണി ഇളിച്ചൂട്. " ഞങ്ങൾ തോണിയിറക്കി. ലഗൂണും പുറങ്കടലും സംഗമിക്കുന്ന സ്ഥലത്ത് ഞങ്ങൾ എത്തിച്ചേർന്നു. ബാപ്പ തിരകൾ എണ്ണാൻ തുടങ്ങി. ഒന്ന്, രണ്ട്, മൂന്ന്.... ഏഴുതിര കഴിഞ്ഞാൽ ഒരു ചെറിയ തിര. കാത്ത് കാത്ത് ഏഴുതിര കഴിഞ്ഞപ്പോൾ ബാപ്പ പറഞ്ഞു. "മോനെ നിർത്താതെ ബലിച്ചൂട് " മുമ്പിലെ പടിയിൽ ചവിട്ടി ഞാൻ ആഞ്ഞ് വലിക്കാൻ തുടങ്ങി. എട്ടാമത്തെ ചെറിയ തിരക്ക് മുകളിലൂടെ ഞങ്ങൾ തിര എണീക്കുന്നതിനും അപ്പുറത്തേക്കെത്തിയിരുന്നു. ഞങ്ങൾ തെക്ക് ബാരണയിൽ എത്തി മീൻ പിടിക്കാൻ തുടങ്ങി. ഇരുള് പരക്കാൻ തുടങ്ങിയപ്പോൾ ഞാൻ ചുറ്റും നോക്കി. എല്ലാ തോണികളും പടിഞ്ഞാറെ കടൽ തീരം ഉപേക്ഷിച്ച് കീളാവാ കടപ്പുറത്തേക്കായിരുന്നു പോയിക്കൊണ്ടിരുന്നത്. "ബാപ്പാ എല്ലാരും കീളാവായിക്ക് പോയിപ്പുവ്വ. നമ്മളും അങ്ങേ ഫുവ്വോ?" " നമ മേലാവായിക്ക് തന്നെ പുവ്വാം." " ഇയ്യിരുട്ടത്ത് കണ്ണും കാണാതെ കടലിന ഉള്ളേക്ക് ബലിപ്പാനാ ?" "മോനെ അക്കടൽ കീളാവായിക്ക് ഫോണ്ടത് നാം കണ്ടിന. നീം മേലാവായിക്ക് ബലിച്ചൂട്. കീളാവായിക്ക് ഫുവ്വോനും എല്ലം നല്ല കിട്ടൽ കിട്ടും.'' കടലിന ഫോക്ക് വരവ് അറിയാത്ത ഞാൻ മേലാവായിലേക്ക് തോന്നി വലിച്ചു. ഒരു ചെറിയ തിരയുടെ പൊട്ടൽ പോലും കുപ്പിനമേല് ഇല്ലായിരുന്നു. എന്നാൽ കിഴക്കോട്ട് പോയ തോണിക്കാർക്ക് നല്ല വലിയ തിരകളെ തന്നെയാണ് നേരിടേണ്ടിവന്നത്. പലരും മുട്ട് ശെത്തിയും കാലൊടിഞ്ഞും പരുക്കോടെയാണ് കരക്കണഞ്ഞത്. കാറ്റിന്റെ വരവ് കണക്കുകൾ, കൗനിലക്കണക്കുകൾ, കടലിന്റെ നീരൊഴുക്കൾ, മീനുകളുടെ നടത്തം, ഫദം മറിച്ചിലുകൾ, കടലിന്റെ നിറം മാറ്റങ്ങൾ, ദേശാടന പക്ഷികളുടെ വരവ് പോക്കുകൾ, ആകാശനിരീക്ഷണത്തിൽ കാണുന്ന വ്യതിയാനങ്ങൾ, ഓരോ നേരത്തിലുമുള്ള എണ്ണങ്ങൾ ഇവയെല്ലാം അറിഞ്ഞാൽ കാലവസ്ഥയെ നമുക്ക് നോക്കി മനസിലാക്കാനാവും...

SHARE YOUR FEEDBACK

RECENT IN THIS CATEGORY