DweepDiary.com | ABOUT US | Monday, 24 June 2024

സ്‌കൂള്‍ യൂണിഫോമില്‍ പിടിച്ച് പ്രകോപിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍

In editorial BY P Faseena On 25 September 2023
ശാന്തമായി ജീവിക്കുന്ന ഒരു സമൂഹത്തെ വികലമായ ഏകാധിപത്യ തീരുമാനങ്ങളിലൂടെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നത് തീര്‍ത്തും ലജ്ജാകരമാണ്. വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ച യൂണിഫോമല്ലാതെ മറ്റൊന്നും ധരിക്കരുത് എന്നാണ് പുതിയ ഉത്തരവ്. നിര്‍ദേശിച്ചിരിക്കുന്ന യൂണിഫോമില്‍ നിന്നും തലമറക്കാനുള്ള തട്ടം (ഹിജാബ്) ബോധപൂര്‍വ്വം ഒഴിവാക്കിയിട്ടുണ്ട്. കുട്ടികൾക്കിടയിൽ യൂണിഫോമിറ്റിയും ഐക്യവും ഉറപ്പുവരുത്താനാണുപോലും ഇത്. പെണ്‍കുട്ടികള്‍ തലമറച്ച് സ്‌കൂളില്‍ പോയാല്‍ ഇടിഞ്ഞ് വീഴുന്ന എന്ത് യൂണിഫോമിറ്റിയാണ് വിദ്യാഭ്യാസ വകുപ്പിന് ചൂണ്ടിക്കാണിക്കാനുള്ളത്? ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്ന യൂണിഫോമിനിണങ്ങുന്ന ഒരു തട്ടം അതിനോടൊപ്പം ചേര്‍ത്താല്‍ മാത്രം തീരാവുന്ന പ്രശ്‌നമേ ഇപ്പോളുള്ളൂ.
ഒരു സ്‌കൂളില്‍ എന്ത് വസ്ത്രം ധരിക്കണമെന്നും ഉച്ചഭക്ഷണ സമയത്ത് എന്ത് കഴിക്കണമെന്നും തീരുമാനിക്കേണ്ടത് അതാത് സ്‌കൂളുകളിലെ മാനേജ്‌മെന്റ് കമ്മിറ്റിയുമായി കൂടിയാലോചിച്ചാവണം. കര്‍ണാടക ഹിജാബ് പ്രശ്‌നത്തില്‍ സുപ്രീം കോടതിയുടെ രണ്ട് പ്രബലമായ ഉത്തരവുകള്‍ നിലനില്‍ക്കുന്നുണ്ട്. കോടതിയുടെ ഇടപെടലുകള്‍ ഭയന്നിട്ടാവണം വിദ്യാഭ്യാസ വകുപ്പ് ഇറക്കുന്ന ഉത്തരവുകളില്‍ ഹിജാബ് / തട്ടം എന്നിവയുമായി ബന്ധപ്പെട്ട പദങ്ങളോ നിര്‍ദേശങ്ങളോ പറയാതിരിക്കാന്‍ ശ്രമിക്കുന്നത്. പെണ്‍കുട്ടികളെ തലയില്‍ തട്ടമിടാതെ സ്‌കൂളിലേക്കയക്കാന്‍ ലക്ഷദ്വീപിലെ രക്ഷകര്‍ത്താക്കളെ കൗണ്‍സിലിങ് ചെയ്യണം എന്നുവരെ വകുപ്പ് തലവന്‍ പറഞ്ഞുകളഞ്ഞു. ഞങ്ങള്‍ എടുക്കുന്ന തീരുമാനങ്ങളെ മൂടിവെക്കാന്‍ രക്ഷകര്‍ത്താക്കളെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തണമെന്നാണ് കര്‍ശന നിര്‍ദേശം. ലക്ഷദ്വീപുകാരെയും അവരുടെ സാംസ്‌കാരിക മൂല്യങ്ങളെയും മനസ്സിലാകാത്തതുകൊണ്ടാണ് കൗൺസിലിംഗ് കൊടുത്ത് തട്ടം ഊരിപ്പിക്കാം എന്ന് തലവന്മാർ വ്യാമോഹിക്കുന്നത് എന്നേ ഇപ്പോൾ പറയാനുള്ളൂ.
ഈ ഭരണകൂടം ദ്വീപുകാരോട് ചെയ്‌ത അക്രമങ്ങൾ ഒന്നും ജനം മറന്നിട്ടില്ല. ഉച്ചഭക്ഷണത്തില്‍ നിന്ന് മാംസം എടുത്ത് കളഞ്ഞും വര്‍ഷങ്ങളോളം വിവിധ വകുപ്പുകളില്‍ ജോലി ചെയ്തിരുന്ന രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ടും കോവിഡ് എസ് ഒ പി ലംഘിച്ച് ഗ്രീന്‍സോണായിരുന്ന ലക്ഷദ്വീപിലേക്ക് രോഗം കടത്തിയും ജനാധിപത്യം അട്ടിമറിച്ചും ഗുണ്ടാ ആക്ട്, ലാന്റ് റെഗുലേഷന്‍ എന്നിവ നടപ്പിലാക്കാന്‍ ശ്രമിച്ചും പ്രാദേശികമായി എഴുപതിനായിരം വരുന്ന ഒരു ട്രൈബല്‍ കമ്മ്യൂണിറ്റിയെ അടിച്ചമര്‍ത്താനാണ് ദ്വീപ് ഭരണകൂടം ശ്രമിച്ച് കൊണ്ടിരിക്കുന്നത്.
ഇന്ത്യന്‍ നിയമം ഓരോ പൗരനും സമൂഹത്തിനും അവകാശമായി നല്‍കുന്ന ജനാധിപത്യവും സ്വയംഭരണാധികാരങ്ങളും അഡ്മിനിസ്‌ട്രേറ്ററെന്ന ഏകാധിപതിയുടെ മുഷ്ടിക്കുള്ളില്‍ ഞെരിഞ്ഞമരുമ്പോള്‍ ഭയപ്പാടിന്റെ കരിമ്പടം പുതച്ച ബ്യൂറോക്രാറ്റുകള്‍ക്ക് ഉത്തരവുകള്‍ ഇറക്കിയും ഭീഷണിപ്പെടുത്തിയും ജനത്തെ ഭയപ്പെടുത്താനല്ലാതെ മറ്റെന്തിന് കഴിയും. യൂണിഫോമിന്റെ കാര്യത്തിലോ ഭക്ഷണത്തിന്റെ കാര്യത്തിലോ മാറ്റം വരുത്തുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് ദ്വീപിലെ ഒരു സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റിയുമായി കൂടിയാലോചന നടത്തിയിട്ടില്ല. 15 വയസ്സിന് താഴെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ബന്ധ വിദ്യാഭ്യാസ നിയമം നിലനില്‍ക്കുന്നിടത്ത് തലമറക്കുന്നതിന്റെ പേരില്‍ ഒരു കുട്ടിയേയും സ്‌കൂളില്‍ നിന്നും പുറത്തിറക്കിവിടാനാവില്ല. എതെങ്കിലും ദ്വീപില്‍ ഒരു കുട്ടിക്ക് ഇങ്ങനെ ഒരു നടപടിയുണ്ടായാല്‍ ലക്ഷദ്വീപിലെ വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്കയക്കാതെ പ്രതിഷേധിക്കാനുള്ള ആര്‍ജ്ജവം കക്ഷി രാഷ്ട്രീയ ഭേദമന്യേ തീരുമാനിച്ചാല്‍ ഇക്കാര്യത്തില്‍ ഒരു ഏകാധിപതിക്കും നമ്മെ തോല്‍പ്പിക്കാനാവില്ല.
ദ്വീപുകാർ എന്ത് ധരിക്കണം എന്ത് ഭക്ഷിക്കണം എങ്ങനെ പഠിക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് എവിടെനിന്നെങ്കിലും വന്ന ഏകാധിപതിയല്ല, ഇന്നാട്ടിലെ മനുഷ്യർ തന്നെയാണ്. അതിനാണ് ജനാധിപത്യം എന്നുപറയുന്നത്. അതുകൊണ്ട് പൗരനും സമൂഹത്തിനുമുള്ള അധികാരങ്ങളും അവകാശങ്ങളും എന്താണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുക. നിയമപരമായും രാഷ്ട്രീയ ഇച്ഛാശക്തിയോടെയും ഇതിനെ നേരിടുക. ഒരു രാജാവിനും നമ്മെ തൊടാനാവില്ല.
എഡിറ്റോറിയല്‍ ടീം ദ്വീപ് ഡയറി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY