DweepDiary.com | ABOUT US | Saturday, 27 July 2024

മിനിക്കോയ് വിദ്യാര്‍ത്ഥി സമരം പരിഹാരം കാണണം

In editorial BY P Faseena On 20 July 2023
ലക്ഷദ്വീപിന്റെ നടപ്പ് സംവിധാനങ്ങളെയെല്ലാം തകിടംമറിച്ച് ദ്വീപുകളെ സ്വര്‍ഗമാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഒരു ഭരണാധികാരി. ഒമ്പത് മീറ്റര്‍ പാതകളും ലഗൂണ്‍ വില്ലകളും ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുമായിരുന്നു വാഗ്ദാനങ്ങള്‍. ലക്ഷദ്വീപില്‍ നിലവിലുണ്ടായിരുന്ന പ്രധാന ഡിഗ്രി കോളേജുകള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അഫിലിയേഷനിലായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിച്ച് പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിക്ക് കൈമാറി. തന്റെ ഫാസിസ്റ്റ് നിയമങ്ങളെ എതിർക്കുന്നവരെ പാർപ്പിക്കാനുള്ള വലിയ ജയിലുകളും അവരെ ഗുണ്ടകളായി പ്രഖ്യാപിക്കാനുള്ള ഗുണ്ടാ ആക്റ്റും മനസ്സിൽ തോന്നുന്നതെന്തും നടപ്പിലാക്കാനും തുടങ്ങി. തട്ടിപൊളിക്കാനുള്ള ഭൂനിയമങ്ങളായിരുന്നു ഭരണാധികാരിയുടെ തീർപ്പ് നടപടികൾ. രണ്ടായിരത്തോളം പേരെ പിരിച്ചുവിട്ടു ഡിപ്പാർട്മെന്റ് ചട്ടങ്ങൾ ആട്ടിമറിച്ച് വകുപ്പുകളെ നോക്കുകുത്തിയാക്കിയതും തുടർനടപടികൾ.
മിനിക്കോയില്‍ ഒരു പോളിടെക്‌നിക്കും കവരത്തിയില്‍ ഒരു പാരാമെഡിക്കല്‍ കോളേജുമായിരുന്നു എടിപിടിയെന്ന് സ്ഥാപിച്ചത്. രണ്ട് കോളേജുകള്‍ക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങളോ അധ്യാപകരോ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട താമസ-ലാബ്-ലൈബ്രറി സൗകര്യങ്ങളോ ഒന്നുമില്ലാതെയായിരുന്നു കോളേജ് തുടങ്ങിയത്. പ്രാക്ടിക്കല്‍ കോഴ്‌സുകള്‍ തുടങ്ങുമ്പോള്‍ സ്ഥാപനങ്ങള്‍ പാലിക്കേണ്ട ഒരു മാനദണ്ഡവും ഇല്ലാതെയാണ് രണ്ട് കോളേജുകളും പ്രവര്‍ത്തിക്കുന്നത്. മിനിക്കോയ് ഗവണ്‍മെന്റ് പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥികള്‍ കോളേജ് തുടങ്ങിയത് മുതല്‍ സമരത്തിലാണ്. പ്രാക്ടിക്കല്‍ ആവശ്യങ്ങള്‍ക്കുള്ള ലാബ് സൗകര്യമൊരുക്കുക, ആവശ്യമായ അധ്യാപകരെ നിയമിക്കുക എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് വിദ്യാര്‍ത്ഥികളുടെ സമരം. സമരം തുടങ്ങിയപ്പോള്‍ തന്നെ ഭരണകൂടം പോലീസിനെ ഇറക്കി സമരം അടിച്ചമര്‍ത്താനുള്ള ശ്രമമാരംഭിച്ചു. സി.ഐ അലി അക്ബറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുട്ടികളെ ക്യാമ്പസില്‍ കയറി ക്രൂരമായി അക്രമിക്കുകയായിരുന്നു. എസ്.ഒ.പി സമരം മുതല്‍ ഭരണാധികാരിയുടെ സമരങ്ങളോടുള്ള സമീപനം ഏകാധിപതിയുടേത് തന്നെയാണല്ലോ?.
മെക്കാനിക്കല്‍ എഞ്ചിനിയറിങ് ഡിപ്ലോമ, മറൈന്‍ എഞ്ചിനിയറിങ് ഡിപ്ലോമ, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക് എഞ്ചിനിയറിങ് ഡിപ്ലോമ ഇങ്ങിനെ മൂന്ന് ഡിപ്ലോമ കോഴ്‌സുകളാണ് മിനിക്കോയ് കോളേജിലുള്ളത്. ഇതില്‍ മറൈന്‍ എഞ്ചിനിയറിങ്ങിലേക്ക് ഇതുവരെ അഡ്മിഷനായിട്ടില്ല. കോഴ്‌സ് പഠിപ്പിക്കാനുള്ള അധ്യാപകരെ ഇതുവരെയും നിയമിച്ചിട്ടില്ല. മുപ്പതിനായിരം രൂപ ശമ്പളത്തില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തിലാണ് അധ്യാപകരെ ക്ഷണിച്ചത്. ഒരാള്‍ പോലും അപേക്ഷ അയച്ചിട്ടില്ല. മറ്റ് രണ്ട് കോഴ്‌സുകളും പഠിപ്പിക്കുന്നുണ്ടെങ്കിലും തിയറി ക്ലാസുകള്‍മാത്രമാണ് നടക്കുന്നത്. രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിച്ചെങ്കിലും ഇതുവരെയായി പ്രാക്ടിക്കല്‍ ലാബുകള്‍ സ്ഥാപിക്കപ്പെട്ടിട്ടില്ല. മൂന്നാം വര്‍ഷം കഴിഞ്ഞ് പ്രാക്ടിക്കലില്ലാതെ കോഴ്‌സ് കഴിഞ്ഞിറങ്ങേണ്ടിവരുമോ എന്നാണ് വിദ്യാര്‍ത്ഥികളുടെ ആശങ്ക. വിലപ്പെട്ട മൂന്ന് വര്‍ഷം ഇങ്ങനെ ഒരു സ്ഥാപനത്തില്‍ ഹോമിക്കപ്പെട്ടതിന്റെ സങ്കടത്തിലാണ് വിദ്യാര്‍ത്ഥികള്‍.
അധ്യാപകരെ നിയമിക്കാത്തതിനാല്‍ മറൈന്‍ എഞ്ചിനിയറിങ് കോഴ്‌സ് എടുത്തുകളയാനുള്ള ആലോചന നടക്കുന്നതായി വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ അടക്കം 90 കുട്ടികള്‍ ഇപ്പോള്‍ കോളേജില്‍ പഠിക്കുന്നുണ്ട്. ദ്വീപിലെ രാഷ്ട്രീയപാര്‍ട്ടികളും ജനപ്രതിനിധികളും മിനിക്കോയ് ഗവണ്‍മെന്റ് പോളിടെക്‌നിക്കിന്റെ കാര്യത്തില്‍ സമരരംഗത്ത് ഇറങ്ങേണ്ടതുണ്ട്. പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ ഇങ്ങനെയുള്ള സ്ഥാപനങ്ങള്‍ അടച്ച് പൂട്ടുകയാണ് അഭികാമ്യം.
തിയറിമാത്രം പഠിച്ച് പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി എന്താകും?. അധികാരികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണേണ്ട ഒന്നാണ് മിനിക്കോയ് പോളിടെക്‌നിക് കോളേജിലെ പ്രശ്‌നങ്ങള്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY