DweepDiary.com | ABOUT US | Friday, 26 April 2024

ബേപ്പൂരില്‍നിന്ന് ലക്ഷദ്വീപിലേക്കുള്ള ഉരുക്കള്‍ മംഗലാപുരത്തേക്ക് ചുവടുമാറ്റുന്നു

In main news BY Admin On 26 October 2014
ബേപ്പൂര്‍: ബേപ്പൂരില്‍നിന്ന് ലക്ഷദ്വീപിലേക്ക് ചരക്കുകളുമായി പോയിരുന്ന ഉരുക്കള്‍ മംഗലാപുരത്തേക്ക് ചുവടുമാറ്റുന്നു. ഇത് ബേപ്പൂര്‍ തുറമുഖത്തെ ആശ്രയിച്ചുകഴിയുന്ന തൊഴിലാളികളെയും അനുബന്ധ സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കുകയാണ്. ഓരോ സീസണിലും മുപ്പതിനും നാല്‍പതിനും ഇടക്ക് ഉരുക്കള്‍ ചരക്കെടുക്കാന്‍ വന്നിടത്ത് ഇപ്പോള്‍ എത്തുന്നത് 10ല്‍ താഴെ മാത്രമാണ്. അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധനയും ചരക്കിറക്ക് മേഖലയിലെ അശാസ്ത്രീയതയുമാണ് ഉരു ഉടമകളെയും കരാറുകാരെയും മംഗലാപുരത്തേക്ക് ആകര്‍ഷിക്കുന്നത്. ജെല്ലി, മണല്‍, സിമന്‍റ് തുടങ്ങിയവയുടെ വിലയിലുള്ള കുതിച്ചുചാട്ടവും തൊഴില്‍ ഇനത്തിലെ കൂലിവര്‍ധനയും മറ്റുമാണ് മംഗലാപുരത്തേക്ക് ലക്ഷദ്വീപ് മേഖലയെ ആശ്രയിക്കുന്ന ഉരുക്കള്‍ നീങ്ങുന്നതിന് പ്രധാന കാരണമായി ഉരു ഉടമകള്‍ പറയുന്നത്. ലക്ഷദ്വീപിലേക്ക് ചരക്കുമായി പോകുന്നതിന് ഉരുക്കള്‍ ബേപ്പൂര്‍ തുറമുഖത്ത് എത്തിക്കഴിഞ്ഞാല്‍ ആറു മുതല്‍ എട്ടുദിവസം വരെ വേണ്ടിവരുന്നതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മംഗലാപുരമാണെങ്കില്‍ രണ്ടു ദിവസത്തെ കാലതാസം മാത്രമാണ് നേരിടുന്നത്. മംഗലാപുരം തുറമുഖ മേഖലയിലെ ചുമട്ടുതൊഴിലാളികള്‍ ലോറികളില്‍നിന്നും മറ്റും ഇറക്കുന്ന ചരക്കുകള്‍ ഉരുക്കള്‍ക്കുള്ളില്‍ സുരക്ഷിതമായി എത്തിക്കുന്നതും മെച്ചമായി ഉടമകള്‍ കാണുന്നു. മംഗലാപുരം തുറമുഖത്തിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ലക്ഷദ്വീപ് മേഖലയിലേക്ക് കൊണ്ടുപോവുന്നതിനായുള്ള മുഴുവന്‍ ചരക്കുകളും ലഭിക്കുന്നതും ഗതാഗത ഇനത്തില്‍ ഉടമകള്‍ക്കും കരാറുകാര്‍ക്കും ലാഭമാണ്.


(Courtesy:- Madhyamam)

SHARE YOUR FEEDBACK

RECENT IN THIS CATEGORY