DweepDiary.com | ABOUT US | Saturday, 27 April 2024

യൂസുഫ് സഖാഫി ബി ജെ പി - എൻ സി പി ( അജിത് പവാർ ) സഖ്യ സ്ഥാനാർത്ഥി; ലക്ഷദ്വീപ് രാഷ്ട്രീയത്തിൽ വഴിത്തിരിവുകൾ

In main news BY Web desk On 26 March 2024
കടമത്ത് : കടമത്ത് ദ്വീപ് സ്വദേശിയും മത സാമൂഹിക രംഗത്ത് ശ്രദ്ധേയനുമായ യൂസുഫ് സഖാഫി ബിജെപി പിന്തുണക്കുന്ന എൻസിപി ( അജിത് പവാർ ) പാർട്ടിയുടെ സ്ഥാനാർത്ഥിയായി ലക്ഷദ്വീപിൽ നിന്ന് മത്സരിക്കുന്നു.
കടമത്ത് ദ്വീപിലെ വടക്ക് ഭാഗത്ത് താമസിക്കുന്ന യൂസുഫ് സഖാഫി പാരമ്പര്യ കോൺഗ്രസ്സ് കുടുംബമായ തിരുവത്തപ്പുര അംഗമാണ്. ഭാര്യ വീട്ടുകാർ എൻസിപി കുടുംബവുമാണ്. രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ച് പരിചയമില്ലാത്ത യൂസുഫ് സഖാഫി കടമത്ത് ദ്വീപിലെ മത-ആത്മീയ മേഖലയിൽ ജനകീയാടിത്തറയുള്ള സുന്നി കൂട്ടായ്മയായ ജംഇയ്യത്തു ശ്ശുബ്ബാനുസ്സുന്നിയ്യ എന്ന മത പ്രസ്ഥാനത്തിൻ്റെ സ്ഥാപക നേതാവും സജീവ പ്രവർത്തകനുമാണ്. ആത്മീയ ചികിത്സാ രംഗത്തും സജീവമാണ്. നിലവിൽ കടമത്തിൻ്റെ നാഇബ് ഖാളി ചുമതലയും വഹിക്കുന്നുണ്ട്. നേരത്തെ ബിസിനസ് രംഗത്ത് പ്രവർത്തിച്ചിരുന്നെങ്കിലും പിന്നീട് മാറി നിൽക്കുകയായിരുന്നു.
സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ച് യൂസുഫ് സഖാഫി ആദ്യ ഘട്ടത്തിൽ ബിജെപി, എൻസിപി (അജിത് പവാർ ) നേതാക്കളോട് അന്തിമ തീരുമാനം അറിയിച്ചിരുന്നില്ല. നാമനിർദ്ദേശ പത്രിക കൊടുക്കുന്നതിനുള്ള സമയം അവസാനിക്കുന്നതിനു മുമ്പായി ബുധനാഴ്ച്ചയോടെ വിവരം പറയാം എന്നാണ് പറഞ്ഞിരുന്നത്. നിലവിൽ നാമ നിർദ്ദേശപത്രിക കൊടുക്കാൻ കവരത്തിയിലേക്ക് പോയിരിക്കുകയാണ്.
മത-സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയെന്ന നിലയിലുള്ള വ്യക്തിപ്രഭാവവും എൻസിപി ( ശരത് പവാർ ) യുടെ വോട്ട് വിഘടിപ്പിക്കാനുള്ള അവസരവുമാണ് ബിജെപി സഖ്യം യൂസുഫ് സഖാഫിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ ലക്ഷ്യമിടുന്നത്. പാരമ്പര്യമായി മുഹമ്മദ് ഫൈസൽ ഉൾപ്പെടുന്ന പാർട്ടിയെ പിന്തുണച്ചു വരുന്ന എപി വിഭാഗത്തിൻ്റെ വോട്ടുകൾ വിഘടിപ്പിക്കാനുള്ള സാധ്യതയും മുന്നിൽ കാണുന്നുണ്ട്. ബിജെപി- എൻസിപി ( അജിത് പവാർ ) സഖ്യ സ്ഥാനാർത്ഥി അവിഭക്ത പാർട്ടി ചിഹ്നമായ ക്ലോക്ക് ചിഹ്നത്തിലായിരിക്കും മത്സരിക്കുക. ഇത് ചെറിയൊരു പക്ഷം പരമ്പരാഗത എൻസിപി അനുഭാവികളിലെങ്കിലും ആശങ്ക സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഇത് വോട്ടാക്കി മാറ്റുക എന്നതാണ് ബിജെപി-എൻസിപി ( അജിത് പവാർ ) സഖ്യത്തിൻ്റെ തന്ത്രം. സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ ലഭിക്കാവുന്ന വ്യക്തിപരമായ വോട്ടുകളും നിർണ്ണായക ഘടകമാണ്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ്റെ നയങ്ങളോട് അനുഭാവം പുലർത്തുന്ന ചില ഉന്നതതല ഉദ്യോഗസ്ഥരുടെ പിന്തുണയും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
യൂസുഫ് സഖാഫിയുടെ സ്ഥാനാർത്ഥിത്വം ലക്ഷദ്വീപ് രാഷ്ട്രീത്തിൽ പുതിയ വഴിത്തിരിവ് സൃഷ്ടിച്ചിരിക്കുകയാണ്. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കാനാവില്ലെങ്കിലും മൂന്നാം കക്ഷിയുടെ സാന്നിധ്യം നിർണ്ണായകമായിത്തീരും. മുഹമ്മദ് ഫൈസലിന് ലഭിക്കാവുന്ന രാഷ്ട്രീയ ഭേദമന്യേയുള വ്യക്തിപരമായ വോട്ടുകൾ തടയുകയും കോൺഗ്രസ് വോട്ടുകൾ ഉറപ്പിക്കുകയും ചെയ്താൽ മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായ പ്രകടനം കാഴ്ചവെക്കാൻ കോൺഗ്രസിനാവും. ലക്ഷദ്വീപിലെ ബി ജെ പി ഘടകത്തിന് യൂസുഫ് സഖാഫിയുടെ സ്ഥാനാർത്ഥിത്വം ഒരർത്ഥത്തിൽ തിരിച്ചടിയായിരിക്കുകയാണ്. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് മഹദാ ഹുസൈനെ സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്തു കൊണ്ട് സംസ്ഥാന സമിതി ബിജെപി കേന്ദ്ര കമ്മിറ്റിക്ക് കൈമാറിയിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല.

SHARE YOUR FEEDBACK

RECENT IN THIS CATEGORY