DweepDiary.com | ABOUT US | Friday, 26 April 2024

"നിര്‍മ്മാണ പിഴവ്" എം‌വി കോറല്‍സ് ദ്വീപ് ഭരണകൂടം ഏറ്റെടുത്തില്ല.

In main news BY Admin On 21 July 2014
കൊച്ചി (21/07/2014): എം‌വി കോറല്‍സിന്‍റെ സാങ്കേതിക പിഴവിനെക്കുറിച്ച് നേരത്തെ തന്നെ സൂചന കിട്ടിയിരുന്നെങ്കിലും ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അധികൃതര്‍ പ്രതികരിക്കാന്‍ തയ്യാറായില്ലായിരുന്നു. എന്നാല്‍ കപ്പല്‍ ഏറ്റെടുക്കാനും മറ്റുമായി കൊളംബോയിലേക്ക് ഈ മാസം പതിനൊന്നിന് തിരിച്ച സംഘം കപ്പല്‍ ഏറ്റെടുക്കാതെ ഇരുപതിന് മടങ്ങിയതോടെ നേരത്തെ ഉന്നയിച്ച കാര്യങ്ങള്‍ സത്യമെന്ന് ഉറപ്പിക്കുകയായിരുന്നു. എം‌വി കോറല്‍സില്‍ ആവശ്യമായത്ര ഇന്ധനം നിറച്ചാല്‍ തന്നെ കപ്പലിന്‍റെ Plimsoll Line (വാട്ടര്‍ ലൈന്‍) മുങ്ങി പോകുന്നു. യാത്രക്കാരെയും ചരക്കും കയറ്റാതെയാണിത്. കൂടാതെ കടല്‍ ക്ഷോഭിച്ചാല്‍ കപ്പലിന്‍റെ ചാഞ്ചാട്ടം നിയന്ത്രിക്കാന്‍ കപ്പലിലെ ചില നിശ്ചിത അറകളിലേക്ക് കടല്‍വെള്ളം കയറ്റുന്ന പതിവുണ്ട്. ഈ അവസ്ഥയില്‍ അതും സാധ്യമാവുകയില്ല. ഈ പ്രശ്നം പരിഹരിക്കുന്നത് വരെ കപ്പല്‍ ഏറ്റെടുക്കാന്‍ സാധ്യത ഇല്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ ഞങ്ങളെ അറിയിച്ചു. അതോടെ എം‌വി കോറല്‍സിന്‍റെ ഗതാഗതം അടുത്തകാലത്തേക്കൊന്നും ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് വ്യക്തമായി. ഇതിനിടെ കൊളംബോയിലേക്ക് ഡ്യൂട്ടിയില്‍ പോയ ഉദ്യോഗസ്ഥര്‍ക്ക് ടി‌എ അടക്കമുള്ള ആനുകൂല്യങ്ങള്‍ ലക്ഷദ്വീപ് ഭരണകൂടം നല്‍കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ആരോപ്പിക്കുന്നു.

മറ്റു ചില പ്രശ്നങ്ങള്‍ ഇങ്ങനെ:- കപ്പലിന്‍റെ എഞ്ചിന്‍ മുതല്‍ സകലമാത്ര നീക്കുപോക്കുകളും അത്യാധുനിക ഡിജിറ്റല്‍ നിയന്ത്രണത്തിലാണുള്ളത്. ലക്ഷദ്വീപ് കപ്പലുകളുടെ ചുമതലയുള്ള ലക്ഷദ്വീപ് വികസന കോര്‍പ്പറേഷന്റെ കപ്പല്‍ ജോലിക്കാര്‍ക്കോ ക്യാപ്റ്റന്‍മാര്‍ക്കോ ഇവയെക്കുറിച്ച് വേണ്ടത്ര പരിജ്ഞാനാവുമില്ല. സമാന സംവിധാനങ്ങളുള്ള കവരത്തി കപ്പല്‍ വന്ന സമയം നാവിഗേറ്റര്‍മാര്‍ക്ക് ഈ സാങ്കേതികയെക്കുറിച്ച് ട്രൈനിങ്ങ് പോലും നല്‍കാതെ കപ്പല്‍ നിയന്ത്രിക്കാന്‍ അനുവദിക്കുകയും കപ്പലിന്‍റെ എഞ്ചിന്‍ തകരാറിലാവുകയും ചെയ്തിരുന്നു. അന്ന്‍ കപ്പല്‍ കമ്പനി മതിയായ പരിജ്ഞാനം ഇല്ലാത്ത ക്യാപ്റ്റന്മാര്‍ കൈകാര്യം ചെയ്തത് കൊണ്ട് എഞ്ചിന്‍ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല.


കപ്പലിന്‍റെ സാങ്കേതിക പ്രശ്നങ്ങളെക്കുറിച്ച് ദ്വീപ് ഡയറി കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ മറ്റു ചില രഹസ്യ വിവരങ്ങളും പുറത്തു വന്നു. എം‌വി കോറല്‍സ് കൂടാതെ ദ്വീപ് ഭരണകൂടത്തിന്‍റെ നിയന്ത്രണത്തിലുള്ള എം‌വി കവരത്തി, പുതിയ ചരക്ക് കപ്പല്‍ കോടിത്തല എന്നിവയ്ക്കും സാങ്കേതിക പ്രശനങ്ങള്‍ ഉണ്ടായിരുന്നു. കവരത്തി കപ്പല്‍ നിര്‍മ്മാണം കഴിഞ്ഞപ്പോള്‍ ഒരു വശത്തേക്ക് ചെരിഞ്ഞത് കാരണം ടണ്‍കണക്കിന് ഭാരം മറുവശത്തേക്ക് വെല്‍ഡ് ചെയ്ത് ചേര്‍ക്കുകയായിരുന്നുവത്രെ. അതായത് അത്രയും ഭാരം യാത്രക്കാരെയും ചരക്കും കയറ്റാനുള്ള ശേഷി ഇരുമ്പ് ഫിറ്റ് ചെയ്തു നഷ്ടപ്പെടുത്തി എന്നര്‍ത്ഥം. എം‌വി കോടിത്തലയും സമാന പ്രശ്നങ്ങളാണ് പ്രകടിപ്പിച്ചത്. ഇന്ന്‍ എം‌വി കൊടിത്തലയുടെ ഇരുവശങ്ങളും കാണുന്ന പ്രത്യേക ബീമുകള്‍ കപ്പലും വാര്‍ഫും തമ്മില്‍ മുട്ടാതിരിക്കാനുള്ള ഒരു സംവിധാനം അല്ലെന്നും ചെരിവ് നികത്തുന്നതിന് വേണ്ടി കടല്‍വെള്ളം പമ്പ് ചെയ്യാനുള്ള പ്രത്യേക അറകളാണെന്നും കപ്പല്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഫിറൌസ് (ഈ പേര് യാഥാര്‍ത്ഥ്യമല്ല) ദ്വീപ് ഡയറിയോട് പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY