DweepDiary.com | ABOUT US | Saturday, 27 April 2024

കല്‍പേനി സ്‌കൂളുകളുടെ പേര് മാറ്റിയതിനെ അപലപിച്ച് എൻ.സി.പി, എൻ.വൈ.സി പ്രതിനിധികൾ

In main news BY P Faseena On 03 February 2023
കവരത്തി: കല്‍പേനിയിലെ ഡോ.കെ.കെ മുഹമ്മദ് കോയയുടെയും ബി ഉമ്മയുടെയും പേരിലുള്ള സ്‌കൂളുകള്‍ക്ക് പുനര്‍നാമകരണം ചെയ്തതില്‍ പ്രതിഷേധം രേഖപ്പെടുത്തി എന്‍.സി.പിയും എന്‍.വൈ.സി യും. പുനര്‍ നാമകരണം ചെയ്തത് സ്വാതന്ത്ര സമര സേനാനികളുടെ പേരാണ് അതില്‍ എതിര്‍പ്പില്ല. കാരണം ആ രണ്ട് വ്യക്തികളും ഇന്ത്യ ഒന്നടക്കം ബഹുമാനിക്കേണ്ടവരാണ്. തങ്ങളും ബഹുമാനിക്കുന്നു. എന്നാല്‍ ദ്വീപില്‍ ഇനിയും സ്‌കൂളുകളുടെ പേരുകള്‍ ഇടാന്‍ ബാക്കിയുണ്ട് അവയ്‌ക്കൊന്നും പേരിടാതെ നിലവിലുള്ള പേരുകള്‍ എടുത്ത് മാറ്റുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതായി എന്‍.സി.പി സംസ്ഥാന പ്രസിഡന്റ്അബ്ദുൽ മുത്തലിഫും എന്‍.വൈ.സി സംസ്ഥാന പ്രസിഡന്റ് റഫീഖ് അമിനിയും പറഞ്ഞു.
ഡോ.മുഹമ്മദ് കോയ ലക്ഷദ്വീപിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ ഒരുപാട് കാലം നിറഞ്ഞു നിന്ന വ്യക്തിത്വമാണ്. ദ്വീപിലെ ആദ്യത്തെ ജില്ലാ പ്രസിഡന്റാണ് ഇതൊന്നും പരിഗണിക്കാതെ അദ്ദേഹത്തിന്റെ പേര് എടുത്ത് മാറ്റി മറ്റൊരു പേരിടുന്നതില്‍ വിയോജിപ്പാണ്. സുബാഷ് ചന്ദ്ര ബോസിന്റെയും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെയും പേരുകള്‍ ഇന്ത്യയില്‍ എങ്ങും ശോഭിക്കേണ്ട നാമങ്ങളാണ്. എന്നാല്‍ ദ്വീപില്‍ നിന്നുള്ള പ്രമുഖരുടെ പേര് മാറ്റിയിടുന്നതില്‍ പാര്‍ട്ടി ശക്തമായി പ്രതിഷേധം അറിയിക്കുന്നു എന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മുത്തലിഫ് ദ്വീപ് ഡയറിയോട് പറഞ്ഞു.
സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ വ്യക്തികളുടെ പേര് ദ്വീപിലെ സ്ഥാപനങ്ങള്‍ക്ക് ഇടുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ അതൊരിക്കലും ലക്ഷദ്വീപിന്റെ സ്വത്വത്തെ ഇല്ലാതാക്കും വിധം ഇവിടുത്തെ പ്രാദേശിക നേതാക്കളുടെ പേരെടുത്തുമാറ്റി ആകരുത്. പ്രാദേശിക വികാരമെന്നോളം ഡോ.കെ.കെ മുഹമ്മദ് കോയ ലക്ഷദ്വീപിലെ ആദ്യത്തെ ജില്ലാ പഞ്ചായത്ത് ചീഫ് കൗണ്‍സിലറും രാഷ്ട്രീയ സാമൂഹിക പരിഷ്‌കര്‍ത്താവുമാണ്. ദ്വീപിലെ ജനങ്ങളുടെ വികാരമാണ്. 'ബേട്ടി ബച്ചാഒ ബേട്ടി പഠാഒ' എന്നപേരില്‍ കോടിക്കണക്കിന് രൂപ മുടക്കുന്നവര്‍തന്നെയാണ് ദ്വീപിലെ സ്ത്രീശാക്തീകരണത്തിന്റെ മുഖമായ ഒരു വനിതയുടെ പേര് മായ്ച്ച് കളയുന്നത്. ഒരുപാട് പേര്‍ക്ക് പ്രചോദനമാകേണ്ട വ്യക്തികളുടെ പേര് മാറ്റുന്നതില്‍ പ്രതിഷേധമാണ്. ദ്വീപില്‍ പേരില്ലാത്ത നിരവധി സ്ഥാപനങ്ങളുണ്ട് അവയ്ക്ക് പേരിടാമല്ലോ?.
കവരത്തിയിലുള്ള ദ്വീപിലെ ആദ്യത്തെ ആയുഷ് ആശുപത്രിയുടെ പേര് ദീന്‍ ദയാല്‍ ഉപദ്യായ എന്നാണ്. തികഞ്ഞ ആര്‍.എസ്.എസ് കാരനായ അദ്ദേഹത്തിന്റെ പേരിടുമ്പോഴും എതിര്‍ത്തിട്ടില്ല. ഉദ്ഘാടന വേദിയില്‍ എല്ലാവരും പങ്കെടുത്തു. കാരണം ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പേരില്‍ ലക്ഷദ്വീപില്‍ സ്ഥാപനങ്ങളുണ്ട്. എന്‍.വൈ.സി യ്ക്ക് ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാളികളുടെ പേര് സ്ഥാപനങ്ങള്‍ക്കിടുന്നതില്‍ വിയോജിപ്പില്ല. എന്നാല്‍ ദ്വീപിനെ അടയാളപ്പെടുത്തുന്ന പ്രമുഖ വ്യക്തികളുടെ പേര് മാറ്റുന്ന ഭരണകൂടത്തിന്റെ പ്രവണതയെ ശക്തമായി എതിര്‍ക്കുന്നു. ഇത്തരം നടപടികളെ വെച്ച് പുലര്‍ത്താന്‍ അനുവദിക്കില്ല. ഇതിന് പിന്നില്‍ ഹിഡന്‍ അജണ്ടകളുണ്ട്. ഭരണകൂടം ഇതുവരെ നടപ്പിലാക്കിയ ജനദ്രോഹ നയങ്ങളുടെ ബാക്കിപത്രമാണ് ഈ പേരുമാറ്റല്‍ എന്ന് എന്‍.വൈ.സി വിശ്വസിക്കുന്നു. ആള്‍താമസമില്ലാത്ത ദ്വീപുകളും സര്‍ക്കാരിന്റെ അധീനതയില്‍ എത്തിക്കുക എന്നതിനുള്ള ശ്രമംകൂടിയാണ് ഇതിന് പിന്നില്‍. അതിന് തടയിടാനാണ് എന്‍.വൈ.സി യും എന്‍.സി.പി യും ശ്രമിക്കുന്നത് എന്ന് എന്‍.വൈ.സി സംസ്ഥാന പ്രസിഡന്റ് റഫീഖ് അമിനി ദ്വീപ് ഡയറിയോട് പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY