DweepDiary.com | ABOUT US | Saturday, 27 April 2024

എഴുപത്തി അഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമാകാന്‍ ലക്ഷദ്വീപ് എന്‍.സി.സി അംഗങ്ങളും

In main news BY P Faseena On 05 August 2022
കവരത്തി: 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' ക്യാമ്പിന്റെ ഭാഗമായി സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ പങ്കുചേരാന്‍ ലക്ഷദ്വീപില്‍ നിന്നും എന്‍.സി.സി കേഡറ്റുകള്‍ക്ക് അവസരം. ദ്വീപില്‍ നിന്നും മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമടങ്ങുന്ന ആറ് കേഡറ്റുകളാണ് ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നിന്ന് എഴുപത്തി അഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നത്. നേരത്തെ അപൂർവ്വമായി ഒന്നോ രണ്ടോ വിദ്യാർഥികൾക്ക് ഈ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും. ആദ്യമായാണ് ലക്ഷദ്വീപ് എൻ. സി. സി യിലെ പെൺകുട്ടികൾക്ക് അവസരം ലഭിക്കുന്നത്. സംസ്‌കാരങ്ങളുടെ സമന്വയം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയുടെ വിവിധ കോണുകളില്‍ നിന്നുള്ള കേഡറ്റുകള്‍ പ്രാദേശിക വസ്ത്രങ്ങളിലാണ് പങ്കെടുക്കുന്നത്. ലക്ഷദ്വീപില്‍ നിന്നും നാമനിര്‍ദേശം ചെയ്ത കേഡറ്റുകളും ലക്ഷദ്വീപിന്റെ പ്രാദേശിക വസ്ത്രത്തില്‍ ദ്വീപിന്റെ പാരമ്പര്യങ്ങളെ പ്രതിനിധീകരിക്കും. വരും മാസങ്ങളില്‍ മറ്റ് കേഡറ്റുകള്‍ക്കും സമാനമായ അവസരങ്ങള്‍ നല്‍കുമെന്ന് ലക്ഷദ്വീപ് എന്‍.സി.സി കമാന്‍ഡിംഗ് ഓഫീസര്‍ അറിയിച്ചു. ജൂലായ് 30ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട കേഡറ്റുകള്‍ ഓഗസ്റ്റ് പതിനാറിന് ക്യാമ്പുകള്‍ പൂര്‍ത്തിയാക്കി തിരികെയെത്തും. ജീവിതത്തില്‍ ലഭിച്ച സുവര്‍ണ അവസരത്തില്‍ എന്‍.സി.സി കേഡറ്റുകള്‍ അത്യാധികം ആവേശഭരിതരായിരുന്നെന്നും, ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിനും, നേവല്‍ യൂണിറ്റ് അംഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും ലക്ഷദ്വീപ് എന്‍.സി.സി കമാന്‍ഡിംഗ് ഓഫീസര്‍ പറഞ്ഞു.
നേരത്തെ എറണാകുളം ആസ്ഥാനമായ 7 കേരള യൂണിറ്റിന്റെ താഴെ ആയിരുന്നു ലക്ഷദ്വീപ് എൻ. സി. സി. എന്നാല്‍ നീണ്ട കാലത്തെ ലക്ഷദ്വീപ് എം.പിയുടെ ആവശ്യപ്രകാരം 2017 മുതല്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം ലക്ഷദ്വീപിനു മാത്രമായി പുതിയ യൂണിറ്റ് അനുവദിച്ച് നല്‍കി. നാവിക, വായു, കരസേനയുടെ സംയുക്ത എന്‍.സി.സിയാണ് എം.പി ആവശ്യപ്പെട്ടത്. എന്നാല്‍ നാവികസേന എന്‍.സി.സി ആണ് കേന്ദ്രം അനുവദിച്ചത്. 2017ല്‍ ലക്ഷദ്വീപിന് പുതിയ യൂണിറ്റ് അനുവദിച്ച് നല്‍കി എങ്കിലും പ്രവര്‍ത്തനം ആരംഭിച്ചത് 2020 ലാണ്. ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് എന്‍.സി.സിയുടെ നിലവിലെ പ്രവര്‍ത്തനം. ആകെ അനുവദിച്ചുനല്‍കിയിട്ടുള്ള അംഗസംഖ്യ1500 ആണ്. വരുംവര്‍ഷങ്ങളില്‍ പോളി ടെക്‌നിക് കോളേജ് ഉള്‍പ്പെടെ മൂന്ന് കോളേജുകളിലെക്ക് കൂടി എന്‍.സി.സിയെ വ്യാപിപ്പിക്കും എന്ന് എന്‍.സി.സി സംസ്ഥാന കോര്‍ഡിനേറ്ററും അധ്യാപകനുമായ അബ്ദുല്‍ ഗഫൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി പ്രഫുല്‍ഖോഡ പട്ടേല്‍ അധികാരമേറ്റതോടെ എന്‍.സി.സിക്ക് സംസ്ഥാനം നല്‍കുന്ന ഫണ്ട് വെട്ടി ചുരുക്കി എന്ന ആക്ഷേപവും ഉയരുന്നുണ്ട്. 2021ല്‍ എ,ബി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മുന്നോടിയായി നടത്തേണ്ടിയിരുന്ന വാര്‍ഷിക ക്യാമ്പിന് അഡ്മിനിസ്‌ട്രേറ്റര്‍ അനുവാദം നല്‍കിയില്ല. ഇത് വഴി 10 ലക്ഷം രൂപയോളം ദ്വീപ് ഭരണകൂടം ലാഭിച്ചു. പരേഡ്കള്‍ക്കിടയില്‍ കേഡറ്റുകള്‍ക്ക് വിശ്രമ ആവശ്യത്തിനായി അനുവദിച്ച് നല്‍കേണ്ട തുക, കുട്ടികളുടെ വാഷിംഗ് അലവന്‍സ് എന്നിവയും കഴിഞ്ഞ വര്‍ഷം നല്‍കിയില്ല. പല ദ്വീപിലും എന്‍.സി.സി അധ്യാപകര്‍ സ്വന്തം കൈയില്‍ നിന്നും ഭീമമായ തുക കുട്ടികള്‍ക്ക് വേണ്ടി ചിലവഴിക്കേണ്ടി വന്നു. അഖിലേന്ത്യാ തലത്തില്‍ ലക്ഷദ്വീപില്‍ നടത്തേണ്ട സ്‌പെഷ്യല്‍ നാഷണല്‍ ഇന്റഗ്രഷന്‍ ക്യാമ്പിനും ഭരണകൂടം അനുവാദം നല്‍കിയില്ല. ഇതിന്റെ ചിലവ് ഭരണകൂടം ആണ് വഹിക്കേണ്ടത്. കേഡറ്റുകള്‍ക്ക് പരിശീലകരായി വരുന്ന നാവിക സേന അംഗങ്ങള്‍ക്കുള്ള താമസം, നാവിക യൂണിറ്റ്‌ലേക്ക് ആവശ്യമായ സിവിക് സ്റ്റാഫ് എന്നിവരെയും ഭരണകൂടം ഇതുവരെയും അനുവദിച്ച് നല്‍കിയിട്ടില്ല. ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി നില്‍ക്കുന്ന ഭരണകൂട നിലപാടുകളെയും നിരവധി പ്രതിസന്ധികളെയും തരണം ചെയ്താണ് ലക്ഷദ്വീപ് എന്‍.സി.സി കേഡറ്റുകള്‍ ഈ ചരിത്രനേട്ടം കൈവരിച്ചിരിക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY