DweepDiary.com | ABOUT US | Friday, 26 April 2024

ലോക സ്‌കൂള്‍ കായികമേള: അത്ലറ്റ് മുബസ്സിനയും കോച്ചും ഫ്രാന്‍സിലേക്ക് പുറപ്പെട്ടു

In main news BY P Faseena On 14 May 2022
മിനിക്കോയ്: ലോക സ്‌കൂള്‍മീറ്റില്‍ പങ്കെടുക്കാന്‍ അത്ലറ്റ് മുബസ്സിന മുഹമ്മദും പരിശീലകന്‍ ജവാദും ഫ്രാന്‍സിലേക്ക് പുറപ്പെട്ടു. ഈ മാസം 12മുതല്‍ 22വരെ ഫ്രാന്‍സിലെ നോര്‍മണ്ടിയില്‍വെച്ചാണ് അന്തര്‍ദേശീയ സ്‌കൂള്‍ കായികമേള നടക്കുന്നത്.ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്ന യോഗ്യതാമത്സരത്തില്‍ ലോങ് ജമ്പിലും 400മീറ്റര്‍ ഹാര്‍ഡില്‍സിലും രണ്ടാം സ്ഥാനം കരസ്ഥമാക്കിയാണ് മുബസ്സിന ഇന്ത്യന്‍ ടീമിലേക്ക് യോഗ്യതനേടിയത്.
കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ഈ മിടുക്കി സൗത്ത് സോണ്‍, ജില്ലാ, സ്റ്റേറ്റ്,നാഷണല്‍ സ്‌കൂള്‍ മീറ്റുകളില്‍ പങ്കെടുത്തിട്ടുണ്ട്. ലക്ഷദ്വീപിലെ സായ് സെന്ററില്‍ അടക്കം പരിശീലനം നടത്തി ഉയര്‍ന്നുവന്ന കായിക താരമായ മുബസ്സിന നിലവില്‍ കോഴിക്കോട് മലബാര്‍ സ്പോര്‍ട്സ് അക്കാദമിയില്‍ പരിശീലനം നടത്തുന്നുണ്ട്. ഇന്ത്യയില്‍ പൂനെ, മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ ഇന്റര്‍നാഷണല്‍ യോഗ്യതാ മത്സരങ്ങള്‍ക്ക് വേണ്ടി പങ്കെടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ലോക കായികമീറ്റിലേക്ക് സെലക്ഷന്‍ കിട്ടുന്നത്.
കവരത്തി സ്വദേശിയും ലക്ഷദ്വീപില്‍ അറിയപ്പെടുന്ന അത്‌ലറ്റ് കൂടിയാണ് കോച്ച് ജവാദ്. വര്‍ഷങ്ങളോളം കായിക പരിശീലന രംഗത്ത് സജീവമാണ് ജവാദ്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് കീഴില്‍ കായിക പ്രതിഭകള്‍ക്ക് പരിശീലനം നടത്തുന്നുണ്ട്. ഇന്ത്യയുടെ എറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപില്‍നിന്നുള്ള മുബസ്സിനയുടെ നേട്ടത്തെ ലക്ഷദ്വീപ്ജനത അഭിമാന നേട്ടമായാണ് കാണുന്നത്. ദ്വീപിന്റെ അഭിമാന താരമായ മുബസ്സിന ഒന്നാമതായെത്തി സ്വര്‍ണ്ണകപ്പുമായ് തിരിച്ചെത്തുന്നത് കാത്തിരിക്കുകയാണ് ലക്ഷദ്വീപുജനത.

SHARE YOUR FEEDBACK

RECENT IN THIS CATEGORY