DweepDiary.com | ABOUT US | Friday, 26 April 2024

കൊവിഡിന് 'അഡ്മിഷന്‍ നല്‍കാത്ത ലക്ഷദ്വീപ് സ്കൂള്‍ തുറക്കാന്‍ റെഡി

In main news BY Mubeenfras On 28 July 2020
തൃശൂര്‍: കൊവിഡിനെ ഇതുവരെ വിജയകരമായി പ്രതിരോധിച്ചതിന്റെ ആത്മവിശ്വാസത്തില്‍, വിദ്യാലയങ്ങള്‍ തുറക്കാന്‍ അനുമതി തേടി ലക്ഷദ്വീപ് ഭരണകൂടം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ നല്‍കി. മറുപടി ലഭിച്ചിട്ടില്ലെങ്കിലും തുറക്കാനുള്ള സജ്ജീകരണങ്ങളുമായി മുന്നോട്ടുപോകുകയാണ്.
36 ദ്വീപ സമൂഹങ്ങളുള്ള ലക്ഷദ്വീപാണ് കൊവിഡ് ബാധയില്ലാത്ത ഇന്ത്യയിലെ ഏക കേന്ദ്രഭരണ പ്രദേശം. 64,473 പേര്‍ അധിവസിക്കുന്ന ഇവിടെ ഒരാള്‍ പോലും നിരീക്ഷണത്തിലുമില്ല. 61 പേരുടെ ടെസ്റ്റ് നടന്നെങ്കിലും ഒരു പൊസിറ്റീവ് പോലും ഉണ്ടായിട്ടില്ല. ഇതിനെത്തുടര്‍ന്നാണ് സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി തേടിയത്.
കൊച്ചിയില്‍ കുടുങ്ങിയ ദ്വീപ് നിവാസികളെ വ്യാപനം രൂക്ഷമാകും മുമ്ബ് തിരിച്ചെത്തിച്ചതുള്‍പ്പെടെ കൊവിഡ് കാലത്ത് എറണാകുളം കളക്ടര്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച്‌ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ദിനേശ്വര്‍ ശര്‍മ്മ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്ക് കത്തയച്ചു.
കൊവിഡിന്റെ തുടക്കത്തില്‍ തന്നെ ലക്ഷദ്വീപില്‍ പ്രീബോര്‍ഡിംഗ് സ്‌ക്രീനിംഗുണ്ടായിരുന്നു. ലക്ഷദ്വീപിലേക്ക് വരുന്നവര്‍ കൊച്ചിയിലെ ഗസ്റ്റ് ഹൗസിലോ ദ്വീപ് ഭരണകൂടത്തിന്റെ രണ്ട് ഹോട്ടലുകളിലോ ഒരാഴ്ച ക്വാറന്റൈനില്‍ കഴിയണം. ദ്വീപിലെത്തിയാല്‍ 14 ദിവസത്തെ ഹോം ക്വാറന്റൈനും നിര്‍ബന്ധം.
ചികിത്സാ സൗകര്യം പരിമിതം
36 ദ്വീപസമൂഹങ്ങളുള്ള ലക്ഷദ്വീപില്‍ ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി സ്‌പെഷ്യാലിറ്റി ആശുപത്രികളും മിനിക്കോയിലെ സര്‍ക്കാര്‍ ആശുപത്രിയുമാണ് പ്രധാനമായുള്ളത്. ഇന്ദിര ഗാന്ധി ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ക്കായി 30 കിടക്കകളുള്ള ബ്ലോക്ക് സജ്ജമാക്കിയിട്ടുണ്ട്. രാജീവ് ഗാന്ധി ആശുപത്രിയില്‍ 100 കിടക്കകളുണ്ട്. 30 കിടക്കകളുള്ള മൂന്ന് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും 10 കിടക്കകളുള്ള നാല് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമാണ് മറ്റു സൗകര്യങ്ങള്‍. വിദഗ്ദ്ധ ചികിത്സയ്ക്ക് കൊച്ചിയെയാണ് ദ്വീപുകാര്‍ ആശ്രയിക്കുന്നത്.
'ലക്ഷദ്വീപ് നിവാസികള്‍ക്കും ഭരണകൂടത്തിനും നല്‍കിയ പിന്തുണയ്ക്ക് കളക്ടര്‍ എസ്.സുഹാസിനോട് നന്ദി പറയുന്നു. ലക്ഷദ്വീപ് നിവാസികളുടെ നാട്ടിലേക്കുള്ള മടക്കത്തിനും അവശ്യവസ്തുക്കളുടെ വിതരണത്തിനും വലിയ പിന്തുണയാണ് നല്‍കിയത്.'
- ദിനേശ്വര്‍ ശര്‍മ്മ, അഡ്മിനിസ്‌ട്രേറ്റര്‍, ലക്ഷദ്വീപ്
(Courtesy - Kerala kaumudi)

SHARE YOUR FEEDBACK

RECENT IN THIS CATEGORY