DweepDiary.com | ABOUT US | Saturday, 27 April 2024

ദാമ്പത്യത്തിലെ ഇബ്ലീസ് ചിന്തകള്‍... (അസ്ഹര്‍)

In cultural and literature BY Admin On 25 February 2015
രസ്പരം ഊന്നുവടികളായി, കൈത്താങ്ങായി, ജീവിത വീഥിയില്‍ ഉടനീളം സന്താപവും സന്തോഷവും പങ്കുവെച്ച് ഒരുകൂരയ്ക്ക് കീഴെ ഇരുമെയ്യും ഒരേ മനസുമായി ജീവിക്കേണ്ടവരാണ് ഭാര്യയും ഭര്‍ത്താവും. കൊച്ചു കൊച്ചു സൌന്ദര്യപ്പിണക്കങ്ങളാല്‍ വിരഹത്തിന്‍റെ തീവ്രത കൂട്ടി ശേഷം ഗാഢമായ ഒരാത്മബന്ധത്തിലേക്ക് എത്തിച്ചേരേണ്ട ദാമ്പത്യ ബന്ധങ്ങളില്‍ കാപട്യത്തിന്റെയും കളങ്ക സ്നേഹത്തിന്റെയും പരാതി പറച്ചിലിന്‍റെയും ഇബ്ലീസ് ചിന്തകള്‍ (മിക്ക ദാമ്പത്യ ബന്ധങ്ങളും) ഇന്ന്‍ പെരുകി വരുന്നുണ്ടോ എന്ന്‍ സംശയിക്കേണ്ടി വരികയാണ്. നമ്മുടെ കൊച്ചു തുരുത്തുകളിലും ദാമ്പത്യ ബന്ധങ്ങള്‍ക്ക് വിഘ്നം വരുത്തുന്ന മേല്‍ പറഞ്ഞ ഘടങ്ങള്‍ ഓരോന്നോരോന്നായ് വര്‍ദ്ധിച്ചു വരികയാണെന്നുള്ള ഭീതിപ്പെടുത്തുന്ന നഗ്ന സത്യം നമ്മള്‍ തിരിച്ചറിയേണ്ടതാണ്.

ദാമ്പത്യ ബന്ധങ്ങളിലെ ചില വിള്ളലുകളിലൂടെ കടന്നു കൂടാന്‍ ശ്രമിക്കുന്ന ചില കൃമി കീടങ്ങളെ ഓരോ ഭാര്യയും ഭര്‍ത്താവും തിരിച്ചറിയാത്ത പക്ഷം നിങ്ങളുടെ ഇടയിലെ വിള്ളലുകള്‍ ഭാവിയില്‍ വലിയ വിങ്ങലുകളായി മാറും എന്നതില്‍ സംശയമില്ല. സ്വന്തം ഭര്‍ത്താവിനെക്കാളും സ്നേഹം നടിച്ചു വരുന്ന പരപുരുഷന് നിങ്ങളുടെ ഭര്‍ത്താവിന്‍റെ സ്നേഹത്തിന്‍റെ നൂറിലൊരംശം പോലും ഉണ്ടാവില്ല, മറിച്ച് നിങ്ങളുടെ ശരീരത്തോട് തോന്നുന്ന വെറും കാമമായിരിക്കും അയാള്‍ക്ക് നിങ്ങളോടുണ്ടാവുക. അതുപോലെത്തന്നെയാണ് സ്വന്തം ഭാര്യയെ മറന്ന്‍ പരസ്ത്രീ ബന്ധം തേടുന്ന ഭര്‍ത്താവിന്‍റെ അവസ്ഥ.

നിങ്ങളുടെ ജീവിത പങ്കാളി നിങ്ങളുടെ സങ്കല്‍പ്പത്തിലെ ആളല്ല എന്നു നാഴികയ്ക്ക് നാല്‍പ്പതുവട്ടം നിങ്ങളുടെ മനസ്സിനോട് പരാതി പറയുമ്പോള്‍ ഒരു കാര്യം ഓര്‍ക്കുക, നമ്മള്‍ വിചാരിക്കുന്നതുപോലെ എല്ലാം നടക്കുകയാണെങ്കില്‍ പിന്നെ നമ്മളെ മനുഷ്യരുടെ ഗണത്തില്‍പ്പെടുത്താന്‍ പറ്റില്ലല്ലോ എന്ന്‍. 'എന്തിനും ഒരു ഖൈര്‍ ഉണ്ടാകും' എന്നു നമ്മൂടെ പഴമക്കാര്‍ പറയുന്നതിനോട് പൊരുത്തപ്പെട്ട് നിങ്ങള്‍ ഒരു ദിവസം ജീവിച്ച് നോക്കൂ. അപ്പോള്‍ നിങ്ങള്‍ക്ക് മനസിലാവും നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന ജീവിത പങ്കാളിയാണ് നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യന്‍/ അനുയോജ്യ എന്ന്‍.

തെറ്റുകള്‍ മനുഷ്യസഹജമാണ്. അതു കണ്ടെത്തി തിരുത്തുമ്പോഴാണ് നമ്മള്‍ പൂര്‍ണമനുഷ്യരാവുന്നത്. സുതാര്യമായ പരസ്പര ആശയവിനിമയത്തിലൂടെ ദാമ്പത്യ ബന്ധങ്ങളിലെ പൊരുത്തക്കേടുകള്‍ തിരുത്താവുന്നതാണ്. അതിന് ആദ്യം വേണ്ടത് പരസ്പര വിശ്വാസവും ബഹുമാനവുമാണ്. രണ്ടാമത്തേത്, നിങ്ങളുടെ ജീവിത പങ്കാളിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രം ചെയ്യുകയും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയും ചെയ്യുക എന്നുള്ളതാണ്. മൂന്നാമത്തേത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്നങ്ങളില്‍ എന്തിനും ഏതിനും മറ്റുള്ളവരെ വലിച്ചിഴക്കാതിരിക്കുക എന്നുള്ളതാണ്. നാലാമത്തേത് നിങ്ങള്‍ രണ്ടുപേര്‍ കാരണം ഒരുപാട് മാനസിക പീഢനങ്ങള്‍ക്ക് അടിമകളാകുന്ന നിങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ചോര്‍ക്കുക എന്നുള്ളതാണ്.

ജീവിതം അതോന്നേയുള്ളു, അത് ആത്മാഭിമാനത്തോടേയും പരസ്പര സ്നേഹത്തോടേയും വിശ്വാസത്തോടെയും ജീവിച്ച് തീര്‍ക്കുക. ഈ നിമിഷം മുതല്‍ നമ്മള്‍ പുതിയൊരു മനുഷ്യനാവുക. ഈ ലോകത്തിലെ തന്‍റെ ഏറ്റവും വലിയ സമ്പാദ്യവും തന്‍റെ കുടുംബമാണെന്ന് മനസിലാക്കുക. ദാമ്പത്യ ബന്ധങ്ങളിലെ കൃമികീടങ്ങളെ പിഴുതെറിയുക. ജീവിതവീഥിയില്‍ നമുക്കും നമ്മൂടെ സഹോദരി സഹോദരന്മാര്‍ക്കും നല്ലൊരു കുടുംബ ജീവിതം നയിക്കാന്‍ സാധിക്കട്ടെ എന്ന്‍ സര്‍വ്വ ശക്തനോട് നമുക്ക് പ്രാര്‍ത്ഥിക്കാം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY