DweepDiary.com | ABOUT US | Saturday, 14 December 2024

ലക്ഷദ്വീപിൻ്റെ കലയും സാഹിത്യവും ആഘോഷമാക്കി ദ്വീപ് ശാത്തിര സമാപിച്ചു

In main news BY Web desk On 19 February 2024
കടമത്ത് : ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം സംഘടിപ്പിക്കുന്ന ലക്ഷദ്വീപ് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പ്രഥമ ദ്വീപ് ശാത്തിര സാഹിത്യ സഞ്ചാരത്തിന് കടമത്തിൽ പ്രൗഢമായി സമാപനം കുറിച്ചു. കടമത്ത് കോളേജ് തീരം വേദിയിൽ നടന്ന പരിപാടി ലക്ഷദ്വീപിൻ്റെ കലയും സാഹിത്യവും ആഘോഷിക്കുന്ന നവ്യാനുഭവമായി. ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം പ്രസിഡന്റ് അബൂസലാകോയ മണ്ടളി പതാക ഉയർത്തിയതോടെ തുടക്കം കുറിച്ച പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നടനും സംവിധായകനുമായ മധുപാൽ നിർവ്വഹിച്ചു.
രണ്ടു ദിവസം നീണ്ടുനിന്ന പരിപാടിയിൽ വിവിധ സെഷനുകളിലായി മധുപാൽ, ഫാറൂഖ് കോളേജ് മലയാളം വിഭാഗം അദ്ധ്യാപകൻ ഡോ അസീസ് തരുവണ, തമിഴ് എഴുത്തുകാരൻ സാലെയി ബഷീർ, ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം ജന. സെക്രട്ടറി ഇസ്മത്ത് ഹുസൈൻ, കടമത്ത് ഗവണ്മെന്റ് ആർട്സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പാൾ സ്മിത പി കുമാർ, ശൈഖ് കോയ മാസ്റ്റർ, ടി കാസിം, അബൂബക്കർ, ഷൗക്കത്തലി, മുഹമ്മദ്‌ ഖാസിം, എം നൗഷാദ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ലക്ഷദ്വീപിലെ ഭാഷ, മാൽമിക്കണക്ക്, നാടൻ കലാരൂപങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന വിധിധ സെഷനുകൾ അരങ്ങേറി. കടമത്ത് ദ്വീപിലെ പാരമ്പര്യ മാൽമിയും നാവികശാസ്‌ത്ര വിദഗ്ദ്ധനുമായ സെയ്ത് മുഹമ്മദ്, പാരമ്പര്യ ഗുരുക്കളായ ബയ്യാക്ക എന്നിവരുമായുള്ള സംഭാഷണം ദ്വീപിന്റെ പ്രാദേശിക വിജ്ഞാനങ്ങളെ പരിചയപ്പെടുത്തുന്നതായിരുന്നു. ലക്ഷദ്വീപിലെ ആദ്യ വീഡിയോ ആൽബങ്ങളായ ബഹറിൻ നാദം, കാടലോരപ്പൂങ്കാറ്റ് എന്നിവയുടെ അണിയപ്രവർത്തകരുമായുള്ള ചർച്ചയും കാറ്റിൽ അകപ്പെട്ട് ഒൻപത് ദിവസം വരെ കടലിൽ കഴിഞ്ഞവരുടെ അനുഭവ വിവരണവും വ്യത്യസ്തമായ അനുഭൂതിയായി.
പരിപാടിയിലെ മികച്ച ജനപങ്കാളിത്തം ആവേശം നൽകുന്നതായും ദ്വീപ് ശാത്തിരയുടെ തുടർ സഞ്ചാരങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതായും ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം ജന. സെക്രട്ടറി ഇസ്മത്ത് ഹുസൈൻ ദ്വീപ് ഡയറിയോട് പറഞ്ഞു. കടമത്ത് ദ്വീപിൽ അരങ്ങേറിയ ദ്വീപ് ശാത്തിര മറ്റു ദ്വീപുകളിലും സമാനമായി നടത്തപ്പെടും. സമാപനമായി ലക്ഷദ്വീപ് ലിറ്ററേച്ചർ ഫെസ്റ്റിവൽ വിപുലമായി സംഘടിപ്പിക്കപ്പെടും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY