DweepDiary.com | ABOUT US | Saturday, 27 July 2024

ലക്ഷദ്വീപ് നിവാസികൾക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു ; രാഷ്ട്രപതിക്ക് നിവേദനം സമർപ്പിച്ച് അയിഷ സുൽത്താന

In main news BY Web desk On 19 February 2024
കൊച്ചി : ഇന്ത്യൻ പൗരന്റെ അടിസ്ഥാന മൗലികാവകാശമായ സഞ്ചാര സ്വാതന്ത്ര്യം ലക്ഷദ്വീപ് നിവാസികൾക്ക് നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സംവിധായകയും ആക്റ്റിവിസ്റ്റുമായ അയിഷ സുൽത്താന. ലക്ഷദ്വീപിലെ യാത്രാ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ലക്ഷദ്വീപ് പാസ്സഞ്ചേഴ്‌സ് വെൽഫയർ അസോസിയേഷൻ പ്രസിഡന്റ് കൂടിയായ അയിഷ സുൽത്താന രാഷ്ട്രപതിക്ക് അയച്ച നിവേദനത്തിലാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. നേരെത്തെ ഏഴ് കപ്പലുകൾ സർവ്വീസിൽ ഉണ്ടായിരുന്നതിൽ എം വി അമിൻദിവി, എം വി മിനിക്കോയ് എന്നീ കപ്പലുകൾ ഡീ കമ്മീഷൻ ചെയ്തിരിക്കുകയാണ്. ബാക്കി കപ്പലുകളിൽ എം വി കോറൽസ്‌ മാത്രമാണ് ഇപ്പോൾ കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് സർവ്വീസ്‌ നടത്തിക്കൊ ണ്ടിരിക്കുന്നത്. മറ്റു കപ്പലുകൾ ഡ്രൈഡോക്കിലും അറ്റകുറ്റപ്പണികളിലുമായത് നിലവിൽ യാത്രാ പ്രശ്നം രൂക്ഷമാക്കിയിരിക്കുകയാണ്. ഒരു സമയം ഒന്നോ രണ്ടോ കപ്പലുകൾ മാത്രം ഓടുന്നത് യാത്രാ പ്രശ്നം രൂക്ഷമാക്കുന്നു. 2021 മുതൽ ഇതുതന്നെയാണ് സാധാരണ അവസ്ഥ എന്നും നിവേദനത്തിൽ പറയുന്നു. 2020 ഡിസംബറിൽ സർവ്വീസിൽ ഉണ്ടായിരുന്ന ഏഴ് കപ്പലുകളും സർവ്വീസിൽ തിരിച്ചുകൊണ്ടുവന്ന് അന്നത്തെ സ്റ്റാറ്റസ്കോ നിലനിർത്തുക, ലക്ഷദ്വീപിലെ കപ്പൽ, തുറമുഖ, വ്യോമയാന ഗതാഗത മേഖലകളിൽ ഇന്ത്യൻ ഗവണ്മെന്റിന്റെ അംഗീകാരത്തോടെ അടുത്ത പതിനഞ്ച് വർഷത്തേക്കുള്ള നയപരിപാടി ആവിഷ്‌കരിച്ചു നടപ്പാക്കുക, കപ്പൽ സർവ്വീസുകൾ അടിക്കടിയായി നിലച്ചുപോവുന്നതിനെ സമ്പന്ധിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിടുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും നിവേദനത്തിൽ ഉന്നയിച്ചിരിക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY