DweepDiary.com | ABOUT US | Thursday, 22 February 2024

ഹജ്ജ്: ഡിസംബർ 20 വരെ അപേക്ഷിക്കാം

In main news BY P Faseena On 07 December 2023
ന്യൂഡൽഹി: അടുത്ത വർഷത്തെ ഹജ്ജ് കർമ്മത്തിന് പോവാൻ ആഗ്രഹിക്കുന്നവർക്ക് ഈ മാസം 20 വരെ അപേക്ഷകൾ സമർപ്പിക്കാം. www.hajcommittee.gov.in എന്ന ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും “ഹജ്ജ് സുവിദാ" ആൻഡ്രോയ്ഡ് ആപ്പ് വഴിയും അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.
ഹജ്ജിന് അപേക്ഷിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും കേന്ദ്ര ഹജ്ജ്കമ്മിറ്റി പുറത്തിറക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായവരാണ് ഒരു കവറില്‍ അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ ഹജ്ജ് കമ്മിറ്റി മുഖേന ജീവിതത്തിലൊരക്കലും ഹജ്ജ് ചെയ്തിട്ടില്ലാത്തവരായിരിക്കണം. ഇതിന് നിര്‍ദിഷ്ട മാതൃകയിലുള്ള സത്യപ്രസ്താവന അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. 70 വയസ്സ് വിഭാഗത്തിലും ജനറല്‍ കാറ്റഗറിയിലും ഹജ്ജ് ചെയ്യാത്ത സഹായിയായി മെഹ്‌റം ലഭ്യമല്ലെങ്കില്‍, ഹജ്ജ് കമ്മിറ്റി നിര്‍ദേശിച്ച ബന്ധത്തില്‍പ്പെട്ട ഹജ്ജ് ചെയ്ത സഹായിക്ക് നിശ്ചിത മാതൃകയിലുള്ള സത്യപ്രസ്താവന നല്‍കിയാല്‍ മെഹ്‌റമായി ഉള്‍പ്പെടുത്താം. അപേക്ഷകരുടെ പാസ്‌പോര്‍ട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകള്‍, പാസ്‌പോര്‍ട്ട് സൈസ് കളര്‍ഫോട്ടോയും( വൈറ്റ് ബാക്ക്ഗ്രൗണ്ടുള്ളത്), മുഖ്യ അപേക്ഷകന്റെ(കവര്‍ഹെഡ്) ക്യാന്‍സല്‍ ചെയ്ത ഐ എഫ് എസ് ഇ കോഡുള്ള ബാങ്ക് ചെക്കിന്റെയോ പാസ്ബുക്കിന്റെയോ കോപ്പി, അഡ്രസ് പ്രൂഫ്, കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഓണ്‍ലൈന്‍ അപേക്ഷയില്‍ അപ്ലോഡ് ചെയ്യണം.കേരളത്തില്‍ നിന്ന് മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളാണുള്ളത്. കരിപ്പൂര്‍, കൊച്ചി, കണ്ണൂര്‍ എന്നീ വീമാനതാവളങ്ങളിലാണ് ഹജ്ജ് സര്‍വീസ്. അപേക്ഷകര്‍ക്ക് സൗകര്യപ്രദമായ രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ മുന്‍ഗണനാക്രമത്തില്‍ അപേക്ഷയില്‍ രേഖപ്പെടുത്തണം. മൂന്ന് കാറ്റഗറിയാണ് അപേക്ഷകള്‍ ഇത്തവണയുള്ളത്. ജനറല്‍ കാറ്റഗറിയില്‍ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായ അഞ്ചുപേര്‍ക്കും രണ്ട് കുട്ടികള്‍ക്കും വരെ ഒരു കവറില്‍ അപേക്ഷിക്കാം. കവര്‍ ലീഡര്‍ പുരുഷനായിരിക്കണം. കവറിലുള്‍പ്പെട്ട അപേക്ഷകരുടെ പണമിടപാടിന്റെ ചുമതല കവര്‍ കവര്‍ ലീഡര്‍ക്കായിരിക്കും. 2022 ജൂലൈ 21നോ അതിന് ശേഷമോ ജനിച്ച കുട്ടികളെ ഇന്‍ഫാന്റായി ജനറല്‍ കാറ്റഗറിയില്‍ രക്ഷിതാക്കളോടൊപ്പം ഉള്‍പ്പെടുത്താം.2023 ഡിസംബര്‍ മൂന്നിന് 70 വയസ്സ് പൂര്‍ത്തിയായ (03/12/1953 നോ അതിന് മുമ്പോ ജനിച്ചവര്‍) ജീവിതത്തിലൊരിക്കലും ഹജ്ജ് കമ്മിറ്റി മുഖേനയോ,അല്ലാതെയോ ഹജ്ജ് ചെയ്തിട്ടില്ലാത്ത അപേക്ഷകരെ നിബന്ധനകള്‍ക്ക് വിധേയമായി 70 വയസ്സ് കഴിഞ്ഞവരുടെ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തും. 70 വയസ്സ് കഴിഞ്ഞവരുടെ കൂടെ നിര്‍ബന്ധമായും ഒരു സഹായികൂടി ഉണ്ടാകണം (സഹായിയുമായുള്ള ബന്ധം രേഖാമൂലം വ്യക്തമാക്കണം). സഹായിയായി ഉള്‍പ്പെടുത്തുന്ന വ്യക്തി ഭാര്യ, ഭര്‍ത്താവ്, മകന്റെ ഭാര്യ, സഹോദരന്‍/ സഹോദരി, മകളുടെ മക്കള്‍, സ്വന്തം സഹോദര പുത്രന്‍/ സഹോദര പുത്രി എന്നിവയിലാരെങ്കിലുമാകണം. ബന്ധം തെളിയിക്കുന്നതിന് മതിയായ രേഖകള്‍ ഹാജരാക്കണം.മറ്റൊരു ബന്ധുവിനെയും സഹായിയായി അനുവദിക്കുന്നതല്ല. എന്നാല്‍ മുമ്പ് ഹജ്ജ് ചെയ്ത സഹായികള്‍ ലഭ്യമല്ലെങ്കില്‍ ഹജ്ജ് ചെയ്ത വ്യക്തിയെ നിശ്ചിത മാതൃകയിലുള്ള സത്യപ്രസ്താവന നല്‍കിയാല്‍ 70 വയസ്സിന് മുകളിലുള്ളവരുടെ കാറ്റഗറിയില്‍ സഹായിയായി ഉള്‍പ്പെടുത്തും.
ഈ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി/സഹായിയാത്ര റദ്ദ്ചെയ്യുകയാണെങ്കിൽ കൂടെയുള്ളവരുടെ യാത്രയും റദ്ദാകും. 2023 ഡിസംബർ മൂന്നിന്, 45 വയസ് പൂർത്തിയായ (03-12- 1978നോ അതിന് മുമ്പോ ജനിച്ചവർ) ഹജ്ജ് കർമത്തിന് പോകാൻ പുരുഷ മെഹ്റമാ യി ആരും ഇല്ലാത്ത അഞ്ച് സ്ത്രീകൾക്ക് വരെ ഒരുമിച്ച് ഒരു കവറിൽ ഇസലാമിക മദ്ഹബുകളുടെ അടിസ്ഥാനത്തിൽ അപേക്ഷിക്കാം. അപേക്ഷകർ ഹജ്ജ് കമ്മിറ്റി മുഖേന ജീവിതത്തിലൊരിക്കലും ഹജ്ജ് ചെയ്തിട്ടില്ലാത്തവരായിരിക്കണം. ഇതിന് നിർദ്ദിഷ്‌ട മാതൃകയിലുള്ള സത്യപ്രസ്താവന അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷയുടെയും ഉള്ളടക്കങ്ങളുടെയും (പാസ്പോർട്ടുൾപ്പെടെ) ഫോട്ടോ കോപ്പിയെടുത്ത് നിർബന്ധമായും സൂക്ഷിക്കണം. സൂക്ഷ്മപരിശോധനക്ക് ശേഷം സ്വീകാര്യമായ അപേക്ഷകൾക്ക് ഹജ്ജ് കമ്മിറ്റി കവർ നമ്പർ അലോട്ട് ചെയ്യുന്നതാണ്. ഏതെങ്കിലും തരത്തിലുള്ള നിർദേശങ്ങൾ ആവശ്യമാണെങ്കിൽ ഹജ്ജ് കമ്മിറ്റിയുടെ ഔദ്യേഗിക ട്രെയിനറുടെ സഹായം തേടാവുന്നതാണ് തിരഞ്ഞെടുക്കപ്പെടുന്നവർ ഡൗൺലോഡ് ചെയ്ത ഹജ്ജ് അപേക്ഷാ ഫോറം അപേക്ഷാ പ്രോസസിങ് ചാർജ് ആയി ഒരാൾക്ക് 300രൂപ അടച്ച റസീറ്റ് , വിമാന ടിക്കറ്റ് ഇനത്തിൽ അഡ്വാൻസായി 81,500രൂപ എസ് ബി ഐ യുടെയോ, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയടെയോ ഏതെങ്കിലും ശാഖയിൽ അതാത് അപേക്ഷ കരുടെ ബാങ്ക് റഫറൻസ് നമ്പറുപയോഗിച്ച് നിക്ഷേപിച്ചതിന്റെ പേ-ഇൻ സ്ലിപ്പ്, ഒറിജിനൽ പാസ്പോർട്ട് (ഒരു ഫോട്ടോ സഹിതം) നിർദിഷ്‌ട മാതൃകയിലുള്ള വിശദമായ മെഡിക്കൽ സർട്ടിഫിക്കറ്റ് കുടാതെ മറ്റു അനുബന്ധ രേഖകൾ എന്നിവ നറുക്കെടുപ്പിന് ശേഷം ഒരാഴ്ച്ചക്കകം സം സ്ഥാന ഹജ്ജ് കമ്മിറ്റിക്ക് നേരിട്ട് സമർപ്പിക്കേണ്ടതാണ്.
രേഖകൾ നിശ്ചിതസമയത്തിനകം സമർപ്പിക്കാത്തവരുടെ തിരഞ്ഞെടുപ്പ് മറ്റൊരറിയിപ്പും കൂടാതെ റദ്ദാക്കും. അത്തരം സീറ്റുകളിലേക്ക് വെയ്റ്റിങ് ലിസ്റ്റിലുള്ള അപേക്ഷകരെ മുൻഗണനാക്രമത്തിൽ തിരഞ്ഞടുക്കും. പാസ്പോർട്ട് നിശ്ചിത സമയത്ത് സമർപ്പിക്കാൻ കഴിയാത്ത പ്രവാസികൾക്ക് ശവ്വാൽ 15 നകം കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കാൻ സമയം അനുവദിക്കും. ഇതിന് പ്രത്യേകം അപേ ക്ഷയും പാസ്പോർട്ട്/വിസ/എം പ്ലോയ്മെന്റ് ലെറ്റർ തുടങ്ങിയ രേഖകളും സമർപ്പിക്കണം

SHARE YOUR FEEDBACK

RECENT IN THIS CATEGORY