DweepDiary.com | ABOUT US | Saturday, 27 July 2024

ഗതാഗത പ്രശ്നത്തിൽ പരിഹാരമാവശ്യപ്പെട്ട് ലക്ഷദ്വീപിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

In main news BY P Faseena On 07 December 2023
കവരത്തി: യാത്രക്കപ്പലുകളിൽ നാലെണ്ണം ഒരേസമയം അറ്റകുറ്റപ്പണികൾക്കായി മാറ്റിയതോടെ രൂക്ഷമായ യാത്രാ പ്രശ്നം കാരണം കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ദ്വീപ് നിവാസികൾക്ക് യാത്രാ മാർഗം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലെ തുറമുഖ വകുപ്പ് ഓഫീസുകളിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. കവരത്തിയിലെ സെക്രട്ടറിയേറ്റിലേക്ക് നടത്താനിരുന്ന പ്രതിഷേധമാർച്ചിനു പോലീസ് അനുമതി നിഷേധിച്ചു.
അറ്റകുറ്റപ്പണികൾക്കായി പോയ എം വി കവരത്തി, എം വി കോറൽസ് എന്നീ കപ്പലുകൾ വേഗത്തിൽ പണി പൂർത്തിയാക്കി സർവീസിന് എത്തിക്കാനും കൊച്ചിയിൽ തന്നെ ലഭ്യമായിട്ടുള്ള എം വി ചെറിയ പാണി, വലിയപാണി എന്നീ സ്പീഡ് വെസലുകൾ യാത്രക്കാരെ നാട്ടിലെത്തിക്കാൻ ഉപയോഗിക്കണമെന്നും വൻകരയിൽ കുടുങ്ങിയ ദ്വീപുകാർക്ക് നഷ്ടപരിഹാരമായി ദിനബത്ത അനുവദിക്കണമെന്നും പ്രതിഷേധത്തോട് അനുബന്ധിച്ച് തുറമുഖ വകുപ്പ് മേധാവിക്ക് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോഡാ പട്ടേലിനു കീഴിലുള്ള ദ്വീപ് ഭരണകൂടത്തിന്റെ അശാസ്ത്രീയമായ ഷിപ്പിംഗ് നയമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും ജനങ്ങളുടെ ദുരിതത്തിൽ പ്രശ്നപരിഹാരത്തിന് മുന്നിൽ നിൽക്കേണ്ട ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ തന്റെ കടമ മറന്ന് പ്രതിസന്ധി സമയത്ത് ദുബായ് സന്ദർശനം നടത്തുകയാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എം അലി അക്ബർ ആരോപിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY