DweepDiary.com | ABOUT US | Friday, 26 April 2024

രാഹുല്‍ ഗാന്ധിയുടെ അയോഗ്യത: ലക്ഷദ്വീപില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തം

In main news BY P Faseena On 28 March 2023
കവരത്തി: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്തതിന്റെ പേരില്‍ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് പിന്തുണപ്രഖ്യാപിച്ച് ലക്ഷദ്വീപില്‍ ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടന്നു. ലക്ഷദ്വീപ് പ്രദേശ് കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങളും നൈറ്റ് മാര്‍ച്ചുകളും നടന്നത്. ഒരോ ദ്വീപിലും നൂറുകണക്കിന് ജനങ്ങളാണ് പ്രകടനത്തില്‍ പങ്കാളികളായത്.
പ്രതിഷേധ സമരങ്ങള്‍ക്കൊപ്പം ഐക്യദാര്‍ഢ്യ സദസ്സുകളും സംഘടിപ്പിച്ചു. ചെത്ത്‌ലാത്തില്‍ നടന്ന ഐക്യദാര്‍ഢ്യ സദസ്സ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.പി അബ്ബാസ് ഹാജി ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ എം. അലി അക്ബര്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ ദ്വീപുകളിലായി ബ്ലോക്ക്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ആന്ത്രോത്ത് ഡെപ്യൂട്ടി കലക്ടര്‍ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചില്‍ ബ്ലോക്ക് പ്രസിഡന്റ് പൂക്കുഞ്ഞിക്കോയ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആഷിഖ് എന്നിവര്‍ നേതൃത്വം നല്‍കി. ഓഫീസിനകത്തേക്ക് തള്ളിക്കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പോലീസും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. കവരത്തിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. നിസാം കെ.പി, അബ്ബാസ്, എം.ഐ ആറ്റക്കോയ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
കില്‍ത്താനില്‍ അബ്ദുല്‍ ജലീലും അമിനിയില്‍ നടന്ന സായാഹാന ധര്‍ണയ്ക്ക് എം.സി നാസിം, സദഖത്തുള്ള, സാദിഖലി എന്നിവരും നേതൃത്വം നല്‍കി. കടമത്ത് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടന്നു. അഗത്തി, കല്‍പേനി എന്നിവിടങ്ങളില്‍ ഡിസി ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി. കെ.ഐ കോയ, ടി.കെ അബ്ദുഷുക്കൂര്‍, ആലിക്കോയ, എം.കെ കോയ, താജിദ്, നൗഷാദ്ഖാന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. രാഹുല്‍ ഗാന്ധിക്കെതിരായ പ്രതികാരനടപടിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ ശക്തമായ തുടര്‍ പ്രതിഷേധങ്ങള്‍ ഇനിയുമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY