DweepDiary.com | ABOUT US | Saturday, 27 July 2024

ചരിത്രവിധി: വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം

In main news BY P Faseena On 17 March 2023
കവരത്തി: വാഹനാപകടത്തിൽ പരിക്കേറ്റ കവരത്തി സ്വദേശി മുഹമ്മദ്‌ അലി അഷ്ഫാക്കിന് 1.15 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ട്രിബ്യൂനൽ വിധി. 90 ദിവസത്തിനകം നഷ്ടപരിഹാരതുക നൽകണം. ലക്ഷദ്വീപ് ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും തുക കോടതി നഷ്ടപരിഹാരമായി വിധിക്കുന്നത്. അഷ്ഫാക്കിന് വേണ്ടി അഡ്വക്കേറ്റ് പി.എം മുഹമ്മദ് സാലിഹാണ് ഹാജരായത്.
വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി തലയ്ക്കു പരിക്കേറ്റ മുഹമ്മദ്‌ അലി അഷ്ഫാക്ക് കിടപ്പിലാണ്. ഡയറക്ടർ ജനറൽ അഡ്മിനിസ്ട്രേഷൻ & പ്രോട്ടോകോൾ ഡിപ്പാർട്മെന്റാണ് 90 ദിവസത്തിനകം നഷ്ടപരിഹാരതുക നൽകേണ്ടത്. 2016ലാണ് അപകടം സംഭവിക്കുന്നത്. സുഹൃത്തുക്കളുമായി സൈക്കിളിൽ പോകുകയായിരുന്ന അഷ്ഫാക്കിനെ പ്രോട്ടോകോൾ വകുപ്പിന്റെ മിനി ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റ അഷ്ഫാകിനെ കവരത്തി ഗവണ്മെന്റ് ആശുപത്രിയിലേക്കും പിന്നീട് എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിലേക്കും മാറ്റി. ഇതുവരെ 30 ലക്ഷത്തിലധികം രൂപ ചികിത്സക്ക് വേണ്ടി ചിലവായി. സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുട്ടിയുടെ ചികിത്സ മുൻപോട്ട് കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയിലായിരുന്നു കുടുംബം. അശ്രദ്ധമായി വണ്ടി ഓടിച്ചതിന് ഡ്രൈവർ ആന്ത്രോത്ത് കോടതിയിൽ കുറ്റം സമ്മതിച്ച് പിഴ അടച്ചിരുന്നു.
കവരത്തി മോട്ടോർ ആക്‌സിഡന്റ് ട്രിബ്യുണലിന്റെ നിർദ്ദേശ പ്രകാരം മെഡിക്കൽ ബോർഡ്‌ നടത്തിയ പരിശോധനയിൽ കുട്ടിക്ക് 100% വൈകല്യം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. കവരത്തി വാഹനാപകട നഷ്ടപരിഹാര കോടതി ജഡ്ജി കെ.അനിൽ കുമാറാണ് വിധിപറഞ്ഞത്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രെഷന്റെ കീഴിലുള്ള വണ്ടികൾ ഇൻഷുറൻസ് ചെയ്യേണ്ടതിനുള്ള നടപടികൾ സുപ്രീം കോടതി നിർദ്ദേശമനുസരിച്ച് നടപ്പാക്കണമെന്ന് നിർദേശം നൽകി. ഗുരുതരമായി ഒരു കുട്ടിയുടെ തലയ്ക്കു പരിക്കുപറ്റിയ അപകടം ഉണ്ടായിട്ടും കവരത്തി പോലീസ് അന്നേ ദിവസം കേസെടുക്കാൻ തയ്യാറായില്ലായിരുന്നു. കേരള ഹെെക്കോടതി ഇടപെടലിനു ശേഷമാണ് കവരത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായത്. ദ്വീപുകളിൽ വാഹനാപകടം ഉണ്ടായാൽ MACT കോടതിയിൽ ഒരു ദിവസത്തിനുള്ളിൽ അപകടം റിപ്പോർട്ട്‌ ചെയ്യാൻ പോലീസിനും നിർദേശം നൽകി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY