DweepDiary.com | ABOUT US | Friday, 19 April 2024

മലയാള സിനിമയിലെ ആദ്യ ജസരി ഗാനവുമായി ഐഷ സുല്‍ത്താന

In main news BY P Faseena On 12 November 2022
കവരത്തി; ഐഷ സുല്‍ത്താന സംവിധാനം ചെയ്ത 'ഫ്‌ളഷ് 'എന്ന സിനിമയിലെ ഗാനം പുറത്തിറങ്ങി. ലക്ഷദ്വീപിലെ വായ്‌മൊഴി ഭാഷയായ 'ജസരി' ഭാഷയിലാണ് ഗാനമൊരുക്കിയിരിക്കുന്നത്. മലയാള സിനിമയില്‍ ആദ്യമായാണ് ജസരി ഭാഷയില്‍ ഒരു ഗാനം പുറത്തിറങ്ങുന്നത്. കൈലാസ് മേനോന്‍ സംഗീതം നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് ലക്ഷദ്വീപ് സ്വദേശിയായ ഷഫീഖ് കില്‍ത്താന്‍ ആണ്. ലക്ഷദ്വീപിലെ തനത് സംഗീതവും പാരമ്പര്യ വരികളും ചേര്‍ത്തൊരുക്കിയ ഗാനം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. 
ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ വനിതാ സംവിധായിക ഐഷാ സുല്‍ത്താന ഒരുക്കിയ  'ഫ്ളഷ്'  അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചത്. സൂപ്പര്‍ താരനിരയുള്ള ബിഗ്ബജറ്റ് ചിത്രങ്ങള്‍ക്ക് ലഭിക്കാറുള്ള പ്രേക്ഷക ശ്രദ്ധയാണ് നവാഗതരെവെച്ച് ഒരുക്കിയ 'ഫ്ളഷിന്' ലഭിച്ചത്. ലക്ഷദ്വീപിന്‍റെ ഭൂപ്രകൃതി പശ്ചാത്തലമാക്കി ഒരുക്കിയ 'ഫ്ളഷ് ' ലക്ഷദ്വീപിന്‍റെ കഥ പറയുന്ന ചിത്രമാണ്.  കടലിലുള്ള ജീവികളുടെ സ്വഭാവം കരയിലുള്ള മനുഷ്യരുമായി സാമ്യമുണ്ടെന്ന കണ്ടെത്തൽ കൂടിയാണ് ഈ സിനിമ. പ്രകൃതിയോട് ഉപമിച്ചു കൊണ്ടാണ് ഈ ചിത്രത്തില്‍ സ്ത്രീകളെ അവതരിപ്പിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യന്‍ അഭിനയ ചക്രവര്‍ത്തി ഡോ.വിഷ്ണുവര്‍ദ്ധനന്‍റെ 72-ാം ജന്മദിനത്തോട് അനുബന്ധിച്ച് നവകര്‍ണ്ണാടക ഫിലിം അക്കാദമി ഏര്‍പ്പെടുത്തിയ മൂന്ന് ചലച്ചിത്ര പുരസ്ക്കാരങ്ങള്‍  ഫ്ളഷിന് ലഭിച്ചിരുന്നു. മികച്ച നവാഗത സംവിധായിക(ഐഷ സുല്‍ത്താന), മികച്ച നിര്‍മ്മാതാവ് (ബീനാ കാസിം), മികച്ച ക്യാമറ മാന്‍ (കെ ജി രതീഷ്) എന്നിവയ്ക്കാണ് പുരസ്ക്കാരം ലഭിച്ചത്. 
നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ മുംബൈ മോഡലായ ഡിമ്പിള്‍ പോള്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബീനാ കാസിം നിര്‍മ്മിച്ചിരിക്കുന്ന ഫ്ളഷിന്‍റെ ക്യാമറ കെ ജി രതീഷാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് - നൗഫല്‍ അബ്ദുള്ള, സംഗീതം- വില്യം ഫ്രാന്‍സിസ്, കൈലാഷ് മേനോന്‍, പി ആര്‍ ഒ- പി ആര്‍ സുമേരന്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY