DweepDiary.com | ABOUT US | Saturday, 14 December 2024

ബിത്രയിലെ മുതല (ചെറിയ ദ്വീപിലെ ചെറിയ വിശേഷങ്ങൾ)

In interview Special Feature Article BY Web desk On 05 June 2024
പണ്ട് ഇരുട്ടുള്ള രാത്രികളില്‍ ബിത്ര ദ്വീപിലെ കുളിക്കര(ദര്‍ഗ്ഗ)യുടെ കടപ്പുറത്തു നിന്നും രണ്ട് തിളങ്ങുന്ന കണ്ണുകള്‍ ചിലര്‍ കണ്ടു.എന്താണെന്നറിയാതെ ജനങ്ങള്‍ പേടിച്ചു.രാവിലെ ആ കടപ്പുറത്തു നോക്കിയവര്‍ക്ക് ഏതൊ ഇഴജീവി നടന്നതിന്‍റെ അടയാളങ്ങള്‍ കാണുകയും ചെയ്തു.ഇത് ഒരു മുതല ആകാമെന്ന് പലരും സംശയം പറഞ്ഞു.ആളുകള്‍ക്ക് കടലില്‍ ഇറങ്ങാനൊ കടപ്പുറത്തുകൂടി നടക്കാനോ സാധിക്കാതെയായി.വിവരം അയല്‍ ദ്വീപായ ചെത്ലാത്തിലേക്ക് അിറയിച്ചു.അവിടെ നിന്നും മുതലയെ വെടിവെച്ചിടുവാനായി ഒരു പോലീസുകാരനെ ബിത്രയിലേക്ക് അയച്ചു.അദ്ദേഹം ബിത്രയില്‍ എത്തി.കുളിക്കരയുടെ കടപ്പുറത്ത് ഒരു കാവല്‍മാടം പണിയിപ്പിച്ചു.നാട്ടിലെ ചെറുപ്പകാരെയെല്ലാം ഉള്‍പ്പെടുത്തി ഒരു സംഘം രൂപീകരിച്ചു.പോലീസുകാരന്‍ രാത്രിയില്‍ കാവല്‍മാടത്തില്‍ കാവലിരിക്കും.മുതലയെ കണ്ടാല്‍ വെടിവെച്ചിടും.മറ്റുള്ളവര്‍ സര്‍വ്വ സംവിധാനങ്ങളുമായി ദൂരെ മാറി ഒരു സ്ഥലത്ത് തയ്യാറായി ഇരിക്കണം.കാവല്‍മാടത്തില്‍ നിന്നും ടോര്‍ച്ച് കൊണ്ടുള്ള സിഗ്നല്‍ ലഭിച്ചാല്‍ ഉടന്‍ അങ്ങോട്ട് കുതിച്ചെത്തണം.
പോലീസുകാരനോട് ആളുകള്‍ പറഞ്ഞു താങ്കള്‍ ഒറ്റക്കു പോകണ്ടാ കൂടെ ആരെയെങ്കിലും കൂട്ടണം.ഞാന്‍ ആരാ മോന്‍,നമ്മള്‍ ഇത് എത്ര കണ്ടതാ എന്നൊക്കെയുള്ള ഭാവത്തില്‍ അദ്ദേഹം ആ നിര്‍ദ്ദേശങ്ങളെ അവഗണിച്ചു.രാത്രി ഇരുട്ട് വീഴും മുമ്പ് പോലീസുകാരനെ കാവല്‍മാടത്തില്‍ കൊണ്ടുചെന്നാക്കി.സംഘാങ്ങള്‍ ദൂരെ മാറി ഒരു സ്ഥലത്ത് കാത്തിരുന്നു.നീണ്ട മണിക്കൂറുകള്‍ കാത്തിരുന്നിട്ടും സിഗ്നലുകള്‍ ഒന്നും കിട്ടാത്തതിനെ തുടര്‍ന്ന് കരയില്‍ കാത്തിരുന്നവര്‍ ഒരു ബോട്ടുമായി കാവല്‍മാടത്തിലേക്കു പോയി.അവര്‍ അവിടെ കണ്ട കാഴ്ച പേടിപ്പെടുത്തുന്നതായിരുന്നു.പോലീസുകാരന്‍ കാവല്‍മാടത്തില്‍ ബോധംകെട്ട് വീണുകിടക്കുന്നു.വസ്ത്രത്തനുള്ളില്‍ മലമൂത്ര വിസര്‍ജ്ജനവും ചെയ്തിരിക്കുന്നു.തോക്കും ടോര്‍ച്ചും എല്ലാം കടലിലും കവല്‍മാടത്തിലുമായി ചിതറിക്കിടക്കുന്നു.
പോലീസുകാരനെ അവര്‍ എടുത്തു കൊണ്ടുവന്നു.പ്രഥമ ശുശ്രൂഷകള്‍ നല്‍കി.എന്നിട്ടും അദ്ദേഹത്തിനു ബോധം തെളിഞ്ഞില്ല.തുടര്‍ ചികിത്സക്കായി അദ്ദേഹത്തെ ചെത്ലാത്ത് ദ്വീപിലേക്ക് കൊണ്ടുപോയി.അവിടെ നിന്നും ബോധം തിരിച്ചുകിട്ടിയെങ്കിലും ഒരക്ഷരം സംസാരിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചില്ല.വിദഗ്ദ ചികിത്സക്കായി കരയിലേക്കുപോയ അദ്ദേഹം അവിടെ വെച്ച് മരണമടയുകയാണുണ്ടായത്.അങ്ങനെ കാവല്‍മാടത്തില്‍ അന്നു രാത്രി എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും അറിയാതെയായി.ഇരുണ്ട രാത്രികളില്‍ കണ്ട ആ തിളങ്ങുന്ന കണ്ണുകള്‍ ഇന്നും ഒരു അഹമിയ(രഹസ്യം)മായി നില നില്‍ക്കുന്നു.ഒരു മിത്ത് പോലെ,ഒരു കെട്ടുകഥപോലെ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY