DweepDiary.com | ABOUT US | Saturday, 13 April 2024

ബേളാപുരം

In interview Special Feature Article BY Web desk On 21 February 2024
ബിളിയോ ബിളിക്കൂറ്റൊ ബേളാപുരത്ത് ബിളിയറിവാം പോയ്മന്ന മക്ക ശൊല്ല്ണ്ട ........ ലക്ഷദ്വീപിന്‍റെ ഗ്രാമീണ സംസ്കാരം വിളിച്ചോതുന്ന ഈ മനോഹര ഗാനം കേള്‍ക്കാത്തവര്‍,ഇത് മൂളാത്തവര്‍ ദ്വീപില്‍ വിരളമായിരിക്കും.പല നാടന്‍പാട്ടുകളിലും ബേളാപുരം ഒരു പ്രതലമായി കടന്നുവരുന്നുണ്ട്. ലഗൂണ്‍ എന്ന കടല്‍പൊയ്കയിലെ കല്ലും പവിഴപ്പുറ്റും കുറഞ്ഞ ഭാഗം വിശാലമായ വെള്ളമണല്‍ വിരിച്ച കടല്‍തീരമുള്ള സ്ഥലം.പുറത്തുനിന്നും ദ്വീപിലേക്ക് കടന്നുവരുന്നവര്‍ കരക്കിറങ്ങുന്ന സ്ഥലം.അതാണ് ബേളാപുരം.മീന്‍ ഓടികള്‍(തോണികള്‍) കരയ്ക്കടുക്കുന്നതും മീന്‍ വിപണനം ചെയ്യുന്നതുമായ സ്ഥലം.കരയില്‍ നിന്നും വരുന്ന ഓടങ്ങളും മഞ്ചുകളും അടുക്കുന്നതും ചരക്കുകള്‍ കയറ്റിറക്കുകള്‍ നടത്തുന്നതുമായ തുറമുഖം.വൈകുന്നേരങ്ങളില്‍ കുട്ടികള്‍ കളിച്ചുമദിക്കുന്നതും സ്ത്രീകള്‍ സൊറപറഞ്ഞിരിക്കുന്നതും പുരുഷന്‍മാര്‍ വെടിപറഞ്ഞിരിക്കുന്നതും ഈ കടപ്പുറത്താണ്.ഇവിടെയാണ് പിന്നീട് ആമീന്‍ കച്ചേരി പണിത് ദ്വീപിന്‍റെ ഭരണകേന്ദ്രമാക്കിയത്.ഇവിടെയാണ് കടല്‍പാലം പണിത് തുറമുഖകവാടമാക്കിയത്.ഈ കടല്‍പ്പുറം പിന്നീട് കച്ചേരിയാര്‍, പാലത്താര്‍ എന്നെല്ലാം അറിയപ്പെട്ടു തുടങ്ങി.ലഗൂണ്‍ ഇല്ലാത്ത ആന്ത്രോത്ത് ദ്വീപില്‍ മാത്രം ബേളാപുരം എന്ന പേര് നൂറ്റാുകളെ അതിജീവിച്ച് നിലനിന്നു.ബേളാപുരം എന്ന വാക്ക് ലോപിച്ച് ബേളാരം എന്ന രൂപത്തിലായിരിക്കുന്നു. ആളും ബാളും കൊണ്ട് ബേളാപുരം എപ്പോഴും ശബ്ദമുഖരിതമായിരുന്നു.ബേളാപുരത്തിലെ ആളും ബഹളവും കണ്ട് ഇതിനെ ബഹളാപുരം എന്ന് തെറ്റിദ്ധരിച്ച ഒരു ചരിത്രകാരനുണ്ട്. ലക്ഷദ്വീപിന്‍റെ ചരിത്രം ആദ്യമായി മലയാളത്തില്‍ എഴുതിയ പി.ഐ.കോയക്കിടാവുകോയ മാസ്റ്ററാണ് ആ ചരിത്രകാരന്‍.ലക്ഷദ്വീപില്‍ നിന്നും ആദ്യമായി വന്‍കരയില്‍പോയി പഠിച്ചതും പത്താം ക്ലാസ്സ് പാസായതും അദ്ദേഹമാണ്.1936ല്‍ അദ്ദേഹം എഴുതിയ ലക്ഷദ്വീപ് ചരിത്രം എന്ന പുസ്തകത്തിലാണ് ബേളാപുരത്തെ ബഹളാപുരം എന്ന് പരാമര്‍ശിക്കുന്നത്.ബേളാപുരത്തെ കടല്‍പ്പുറക്കാഴ്ചകള്‍ അദ്ദേഹം ഇങ്ങിനെ വിവരിക്കുന്നു. മത്സ്യങ്ങൾ കിട്ടീട്ടുള്ള തോണികളെ പൊതിഞ്ഞ് അനേകര്‍, ഹേജോസ,ഹയ്യോസ,ഓബലമാലി,കുഞ്ഞൂസാ എന്നെല്ലാം ചൊല്ലിക്കൊണ്ട് സന്തോഷ കൂതൂഹലരായി തോണികള്‍ കയറ്റുന്നു. ഈ കടപ്പുറത്തെ നല്ല വെളുത്ത പൊടിപ്പഞ്ചസാര പോലെയുള്ള പൂഴിയില്‍ നീണ്ടു നിവര്‍ന്ന് കിടപ്പാനും കുട്ടികള്‍ക്ക് വീണുരുളുവാനും പൂച്ചക്കരണം മറിയുവാനും ബഹുകൗതുകമാണ്. ദ്വീപോടങ്ങള്‍ കയറ്റി സൂക്ഷിക്കുവാനുള്ള പാണ്ടികശാല എന്ന എടുപ്പുകള്‍ കടലറ്റത്തു നിന്നും പത്തുപതിനഞ്ചു വാര കരയിലോട്ട് മാറി അടുത്തടുത്ത് വരിവരിയായി നില്‍ക്കുന്നു. ഓടങ്ങളിൽ കൊപ്പര,ചക്കര,ചൂടി മുതലായ ചരക്കുകള്‍ കയറ്റി പുറപ്പെടുവാനൊരുങ്ങുന്നു. ചില ദ്വീപുകാർ തോളില്‍ വലയും ചിക്കിയെടുത്ത് മത്സ്യവൃന്ദത്തെ ചുറ്റിവളഞ്ഞ് വലവീശുവാന്‍ തക്കവണ്ണം പതുങ്ങിയൊതുങ്ങി അഴിക്കു സമീപം പാറിന്നടുത്ത് മുട്ടോളം വെള്ളത്തില്‍ കുനിഞ്ഞുനടക്കുന്നു .ചോരത്തിളപ്പുള്ള ബാലന്‍മാര്‍ ഗുസ്തിപിടിക്കുന്നു. ചിലര്‍ തുള്ളിപ്പായുകയും കരണം മറിയുകയും ചെയ്യുന്നു.ചില രസികന്‍മാര്‍ ചുമലില്‍ കൊളമ്പ് കുടയും തൂക്കിയിട്ട് അങ്ങോളമിങ്ങോളം നടകൊള്ളുന്നു . വേറൊരു കൂട്ടർ അമേരിക്കയിലെ ലാഫിങ്ങ് ക്ലബ്ബുകാരുടെ മട്ടില്‍ പൊട്ടിച്ചിരിക്കുന്ന ഓരോ ഹാസ്യരസം പറഞ്ഞ് വിനോദിക്കുന്നു.കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലെ ഒരു വില്ലേജിന്‍റെ പേര് വേളാപുരം എന്നാണ്.കോഴിക്കോട്ട് പേളനാട്ടില്‍ വേളാപുരം എന്ന സ്ഥലത്ത് സാമൂതിരിക്ക് ഒരു കോട്ടയും മാളികയും ഉണ്ടായിരുന്നതായി ചരിത്രപുസ്തകങ്ങളില്‍ കണ്ടിട്ടുണ്ട്.കേരളക്കരയിലെ അനേകം സ്ഥലനാമങ്ങള്‍ വീട്ടുപേരുകളായും മറ്റും ദ്വീപിലേക്ക് കടല്‍കടന്നു വന്നകൂട്ടത്തില്‍ വേളാപുരവും വന്നു എന്നനുമാനിക്കാവുന്നതാണ്. ഇന്ന് ആന്ത്രോത്ത് ബേളാപുരത്തില്‍ കടല്‍പ്പാലവും ബ്രേക്ക് വാട്ടറും മറ്റ് കെട്ടിടങ്ങളുമെല്ലാമായി പരിണാമത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു.ഓടങ്ങളും പാണ്ടിയാലകളും അപ്രത്യക്ഷമായി.വിശാലമായിക്കിടന്ന വെള്ള മണല്‍ത്തീരവും ഇല്ലാതായി.കച്ചവടസ്ഥാപനങ്ങളും ടൗണ്‍പ്ലാനുകളും ഉയര്‍ന്നുവരുന്നു. ബേളാപുരത്തിന്‍റെ പ്രകൃതിസൗന്ദര്യവും ഒറിജിനാലിറ്റിയും നഷ്ടപ്പെട്ടു.ബേളാപുരം ബേളാരമായതുപോലെ തന്നെ ജീവനില്ലാത്തതുമായിമാറിക്കഴിഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY