DweepDiary.com | ABOUT US | Tuesday, 15 October 2024

കായിക മേഖലയിൽ കിൽത്താൻ ദ്വീപിനോട് അവഗണന, ഇടപെട്ട് ഹൈകോടതി

In sports BY Web desk On 06 September 2024
കൊച്ചി: കിൽത്താൻ ദ്വീപിനെ കായിക ഇനങ്ങളിൽ നിന്ന് ഒഴിവാക്കിയതിനെതിരെ സമർപ്പിച്ച റിട്ട് പെറ്റീഷനിൽ ലക്ഷദ്വീപ് കായിക വകുപ്പിനോട് വിശദീകരണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതി. അടുത്ത വ്യാഴായ്ച്ച ഈ വിഷയത്തിൽ വിശദീകരണം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. ലക്ഷദ്വീപ് സ്കൂൾ ഗെയിംസിൽ നിന്നും കിൽത്താൻ ദ്വീപിനെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് കിൽത്താൻ സ്‌കൂൾ മാനേജ്‌മെൻ്റ് കമ്മിറ്റി ചെയർമാൻ എൻ. മുഹമ്മദ് ഇഖ്ബാൽ, യാസർ അറഫാത്ത്, റീജിയണൽ സ്പോർട്സ് കൗൺസിൽ കിൽത്താൻ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് സിയാദ് എന്നിവർ ചേർന്ന് കേരള ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. അഡ്വ അജിത് ജി അഞ്ചർലേക്കറാണ് ഹർജിക്കാർക്ക് വേണ്ടി കോടതിയിൽ ഹാജരായത്.
ലക്ഷദ്വീപ് സ്കൂൾ ഗെയിംസിൽ നിന്നും 2024-25 വർഷ കാലയളവിൽ എല്ലാ ദ്വീപുകളിലും വെച്ച് വിവിധ സ്പോട്സ് ഇനങ്ങൾ നടത്താനുള്ള വാർഷിക കലണ്ടർ ഇറക്കിയതിൽ നിന്ന് കിൽത്താൻ ദ്വീപിനെ അവഗണിക്കുന്നുവെന്ന് ഹർജിക്കാർ വാദിച്ചു. 2009ന് ശേഷം കിൽത്താൻ ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് ഇവൻ്റിന് ആതിഥേയത്വം വഹിച്ചിട്ടില്ലെന്നും മറ്റ് ദ്വീപുകളായ അഗത്തി, ആന്ത്രോത്ത്, അമിനി, കട്മത്ത് എന്നിവ നിരവധി തവണ ഗെയിമുകൾ നടത്തിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. 2024 ഒക്ടോബറിൽ വരാനിരിക്കുന്ന എൽഎസ്ജി അഗത്തി ദ്വീപിൽ നടത്താനാണ് കായിക-യുവജനകാര്യ വകുപ്പിൻ്റെ തീരുമാനമാനം. 2012 മുതൽ മൂന്നാം തവണയാണ് അഗത്തി ഇവൻ്റിന് ആതിഥേയത്വം വഹിക്കുന്നത്.
കിൽത്താനിലെ സ്‌കൂൾ മാനേജ്‌മെൻ്റ് കമ്മിറ്റി ഉൾപ്പെടെയുള്ള സംഘടനകൾ, വിവിധ കലാ-കായിക ക്ലബ്ബുകൾ, ഭാരതീയ ജനതാ യുവമോർച്ച പോലുള്ള രാഷ്ട്രീയ ഗ്രൂപ്പുകൾ എന്നിവയെല്ലാം തങ്ങളുടെ നിരാശ ഔപചാരിക കത്തുകളിൽ പ്രകടിപ്പിച്ചിട്ടുണ്ട്. 2023 നവംബർ 17-ന് അയച്ച കത്തിൽ, കിൽത്താനിലെ ഗവൺമെൻ്റ് സീനിയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ 2024-2025 ലെ എൽഎസ്ജി കിൽത്താൻ ദ്വീപിൽ സംഘടിപ്പിക്കണമെന്ന് ഔദ്യോഗികമായി അഭ്യർത്ഥിച്ചിരുന്നു. എന്നിട്ടും കായിക യുവജനകാര്യ വകുപ്പ് അതിൻ്റെ 2024-25 വാർഷിക കായിക കലണ്ടറിൽ നിന്ന് കിൽത്താനെ ഒഴിവാക്കി, ഇത് പൊതുജന പ്രതിഷേധത്തിന് കാരണമായി. അധികാരികൾ പക്ഷപാതിത്വവും ചില ദ്വീപുകളെ മറ്റുള്ളവയെക്കാൾ അനുകൂലിക്കുന്നുവെന്നും പ്രാദേശിക നേതാക്കൾ ആരോപിക്കുന്നു.
തീരുമാനം പുനഃപരിശോധിക്കാൻ ലക്ഷദ്വീപ് ഭരണകൂടത്തോട് നിർദേശിക്കണമെന്നും വരാനിരിക്കുന്ന എൽഎസ്ജി അല്ലെങ്കിൽ മറ്റൊരു യുടി ലെവൽ ഇവൻ്റിന് കിൽത്താന് ആതിഥേയത്വം വഹിക്കാൻ അവസരം നൽകണമെന്നും അവർ കോടതിയോട് ആവശ്യപ്പെട്ടു. ലക്ഷദ്വീപിലെ കായിക സമൂഹത്തിന് ദീർഘകാലമായി നൽകിയ സംഭാവനകൾക്കിടയിലും കിൽത്താനിലെ യുവാക്കളുടെ മനോവീര്യം കെടുത്തിയത് ഈ ഒഴിവാക്കലാണെന്ന് ഹർജിക്കാരെ പ്രതിനിധീകരിച്ച് അഭിഭാഷകൻ അജിത് ജി അഞ്ജർലേക്കർ വാദിച്ചു. നിയമയുദ്ധം നടക്കുമ്പോൾ കോടതി ഇടപെട്ട് ലക്ഷദ്വീപിലെ കായികരംഗത്ത് തങ്ങളുടെ ദ്വീപിൻ്റെ സ്ഥാനം പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് കിൽത്താൻ നിവാസികൾ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY