DweepDiary.com | ABOUT US | Wednesday, 24 April 2024

സ്വിമ്മിങ്ങ് പൂള്‍ കടല്‍ മാത്രം പക്ഷെ ദേശീയ മല്‍സരത്തില്‍ ആദ്യമായി പങ്കെടുത്ത ലക്ഷദ്വീപിന് 5 മെഡല്‍

In sports BY Admin On 22 November 2017
കോഴിക്കോട്: മൈസുരുവില്‍ നടന്ന ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് ലക്ഷദ്വീപ് ടീം വിജയപാതയില്‍. ആദ്യമായാണ് ലക്ഷദ്വീപ് ടീം ദേശീയ മല്‍സരത്തിനെത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 1200 മല്‍സരാര്‍ഥികള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ 12 അംഗ താരങ്ങളുമായാണ് ലക്ഷദ്വീപ് അക്വാട്ടിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ടീമിറങ്ങിയത്. കന്നിമല്‍സരത്തില്‍ തന്നെ അഞ്ചുപേര്‍ മെഡലുകള്‍ വാരിക്കൂട്ടി. 50 മീറ്റര്‍ റിലേയില്‍ ടീം വെള്ളി സ്വന്തമാക്കി. ഹസന്‍ ബസരി, അബ്ദുസ്സമദ്, അബ്ദുല്‍ റഷീദ്, ബദറുദ്ദീന്‍ എന്നിവരാണ് റിലേ ടീമിലുണ്ടായിരുന്നത്. കൂടാതെ ഹസന്‍ ബസരി 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ വെള്ളിയും 50 മീറ്ററില്‍ വെങ്കലവും നേടി.

അബ്ദുസ്സമദ് 100 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കില്‍ വെങ്കലവും 50 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ വെങ്കലവും നേടി. വെറ്ററന്‍ വിഭാഗത്തില്‍ അലീല്‍ അക്ബര്‍ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ വെങ്കലം കരസ്ഥമാക്കി. ലക്ഷദ്വീപ് അക്വാട്ടിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയും കോച്ചുമായ കെ മുജീബുറഹ്മാന്റെ നേതൃത്വത്തിലാണ് ടീം കന്നിമല്‍സരത്തില്‍ തന്നെ മികച്ച വിജയം സ്വന്തമാക്കിയത്.

സ്വന്തമായി സ്വിമ്മിങ് പൂള്‍ ഇല്ലാതിരുന്നിട്ടും തീവ്രമായ പരിശീലനത്തിലൂടെയാണ് ലക്ഷദ്വീപ് നേട്ടങ്ങള്‍ കൊയ്യുന്നത്. വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ ടീം മികവ് കാട്ടിയിരുന്നു. 2014,15 വര്‍ഷങ്ങളില്‍ ഓള്‍ ഇന്ത്യ സിവില്‍ സര്‍വീസസ് സ്വിമ്മിങ് ചാമ്പ്യന്‍ഷിപ്പില്‍ ചാംപ്യന്‍മാരായി. 2016ല്‍ റണ്ണര്‍ അപ്പായി.

പൂള്‍ മല്‍സരങ്ങള്‍ക്കുള്ള പരിശീലനത്തിനായി ടീം കോഴിക്കോടാണ് എത്തുന്നത്. ഇപ്പോള്‍ സ്‌കൂള്‍ ടീം പരിശീലനം പൂര്‍ത്തിയാക്കി ഡല്‍ഹിക്ക് തിരിക്കാനിരിക്കുകയാണ്. കോഴിക്കോട് മികച്ച പരിശീലനസൗകര്യമുണ്ടെന്ന് കോച്ച് മുജീബുറഹ്മാന്‍ പറഞ്ഞു. ലക്ഷദ്വീപില്‍ മൂന്ന് പൂളുകള്‍ക്ക് അനുമതി ലഭിച്ചതായും അത് പൂര്‍ത്തീകരിക്കുന്നതോടെ പരിശീലനം മികവുറ്റതാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.



കടപ്പാട്: ചന്ദ്രിക ഓണ്‍ലൈന്‍

SHARE YOUR FEEDBACK

RECENT IN THIS CATEGORY