DweepDiary.com | ABOUT US | Friday, 19 April 2024

സന്തോഷ് ട്രോഫി മൽസരങ്ങളിൽ ലക്ഷദ്വീപ് ആദ്യമായി ബൂട്ടണിയുന്നു - മൽസരങ്ങൾ ജനുവരി 5 മുതൽ 10 വരെ കോഴിക്കോടിൽ

In sports BY Admin On 01 January 2017
കോഴിക്കോട്‌: പതിമൂന്നു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം സന്തോഷ്‌ ട്രാഫി ഫുട്‌ബോള്‍ മാമാങ്കത്തിന്‌ കോഴിക്കോട്‌ വീണ്ടും വേദിയാകുന്നു. ലക്ഷദ്വീപ് ഫുട്ബോൾ അസോസിയേഷനു താൽകാലികമായി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ അംഗീകാരം നൽകിയതോടെയാണു ലക്ഷദ്വീപിൻറെ വരവിനു കളമൊരുങ്ങിയത്. ലക്ഷദ്വീപിന് ജനുവരി ആറിനാണു ആദ്യ മൽസരം. ശക്തരായ തമിഴ്നാടിനെയായിരിക്കും ദ്വീപിൻറെ മക്കൾ നേരിടുക.

മത്സരങ്ങള്‍
ജനുവരി 05-കേരളം-പുതുച്ചേരി(ഉച്ചയ്‌ക്ക്‌ 2.30), കര്‍ണ്ണാടക-ആന്ധ്ര(വൈകിട്ട്‌ 4.30) ജനുവരി 06-തെലങ്കാന-സര്‍വീസസ്‌(2.30), തമിഴ്‌നാട്‌-ലക്ഷദ്വീപ്‌(4.30) ജനുവരി 07-കര്‍ണ്ണാടക-പുതുച്ചേരി(2.30), കേരളം-ആന്ധ്ര(4.30) ജനുവരി 08-തമിഴ്‌നാട്‌-തെലങ്കാന(2.30), സര്‍വീസസ്‌-ലക്ഷദ്വീപ്‌(4.30) ജനുവരി 09-ആന്ധ്ര-പുതുച്ചേരി(2.30), കേരള-കര്‍ണ്ണാടക(4.30) ജനുവരി 10-ലക്ഷദ്വീപ്‌-തെലങ്കാന-(2.30), തമിഴ്‌നാട്‌-സര്‍വീസസ്‌(4.30)


സന്തോഷ്‌ ട്രോഫിയുടെ ചരിത്രം
1941ല്‍ കൊല്‍ക്കത്തയിലാണ്‌ ആദ്യമായി സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ മത്സരത്തിനു തുടക്കമായത്‌. ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ അന്നത്തെ പ്രസിഡന്റായിരുന്ന മന്‍മഥന്‍ ചൗധരിയായിരുന്നു ട്രോഫി സംഭാവന നല്‍കിയത്‌. ബംഗാളായിരുന്നു ആദ്യമായി സന്തോഷ്‌ ട്രോഫിയില്‍ മുത്തമിട്ടത്‌. രണ്ടു പതിറ്റാണ്ടു കഴിഞ്ഞപ്പോഴാണ്‌ ടൂർണമെന്റ് കോഴിക്കോടന്‍ മണ്ണിലേക്ക്‌ പറന്നിറങ്ങിയത്‌. 1973-74 കാലയളവിലാണ്‌ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ റയില്‍വേയെ തോല്‍പ്പിച്ച്‌ കേരളം കപ്പ്‌ നേടുന്നത്‌.
പിന്നീട്‌ 91-92ല്‍ കോയമ്പത്തൂരിലും 93-94ല്‍ കൊച്ചിയിലും 2000-2001ല്‍ മുംബൈയിലും നടന്ന മത്സരങ്ങളില്‍ സന്തോഷ്‌ ട്രോഫിയില്‍ മുത്തമിട്ടത്‌ കേരളത്തിന്റെ പടക്കുതിരകള്‍ തന്നെ. 31 തവണ ബംഗാളും എട്ടുതവണ പഞ്ചാബും ചാമ്പ്യന്‍മരായ ചരിത്രത്തിന്റെ പിന്നിലാണ്‌ കേരളം. ഗോവയും കേരളവും അഞ്ചുതവണയാണ്‌ ചാമ്പ്യന്‍മാരായത്‌. സന്തോഷ്‌ ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ റെക്കോര്‍ഡുള്ള പഞ്ചാബ്‌ താരം ഇന്ദര്‍സിംഗിനാണ്‌. 45 ഗോളുകളാണ്‌ അദേഹം വലകളിലേക്ക്‌ പായിപ്പിച്ചിട്ടുള്ളത്‌. ഒരു ടൂര്‍ണ്ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ റെക്കോര്‍ഡും ഇന്ദര്‍സിംഗിന്‌ തന്നെ. ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ റെക്കോര്‍ഡിന്‌ രണ്ടുടമകളാണുള്ളത്‌. ഇന്ദര്‍സിംഗും ബംഗാള്‍താരം എന്‍ പഗ്‌സലയും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY