DweepDiary.com | ABOUT US | Thursday, 28 March 2024

സമസ്ത ലക്ഷദ്വീപ് സമ്മേളനത്തിന് കല്‍പേനി ഒരുങ്ങി

In religious BY Admin On 24 January 2015
കല്‍പ്പേനി(25.01.15) : ലക്ഷദ്വീപിലെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വാര്‍ഷിക സംഗമമായ സമസ്ത ലക്ഷദ്വീപ് സമ്മേളനം ഇന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാരുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പത്തു ദ്വീപുകളില്‍ നിന്നായി മുവ്വായിരത്തോളം വരുന്ന എസ് വൈ എസ്, എസ് കെ എസ് എസ് എഫ്, എസ് ബി വി നേതാക്കളും പ്രവര്‍ത്തകരും കല്‍പ്പേനി ദ്വീപില്‍ എത്തിച്ചേരും. 25, 26, 27 തിയ്യതികളിലായി ദിന രാത്രികളില്‍ ദേശീയം, ആരോഗ്യം, വിശ്വാസം, വിദ്യാഭ്യാസം, പ്രബോധനം, മുഅല്ലിം മീറ്റ് തുടങ്ങി 12 സെമിനാര്‍ സെഷനുകളും സാംസ്കാരിക സമ്മേളനവും, മജ്‍ലിസുന്നൂര്‍, ശംസുല്‍ ഉലമ മൌലിദ് പാരായണം, മനുഷ്യജാലിക സൌഹൃദ റാലി എന്നിവയും സംഘടിപ്പിക്കും.
രാഷ്ട്ര രക്ഷക്ക് സൌഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എസ് കെ എസ് എസ് എഫ് നടത്തിവരുന്ന മനുഷ്യജാലികയുടെ ഈ വര്‍ഷത്തെ ലക്ഷദ്വീപ് മേഖലാ പരിപാടികളും ഇതിനോടനുബന്ധിച്ച് ജനുവരി 26ന് കല്‍പ്പേനിയില്‍ നടക്കും. രാവിലെ പത്തു മണിക്ക് സമ്മേളന നഗരിയില്‍ എസ് കെ എസ് എസ് എഫ് ലക്ഷദ്വീപ് പ്രസിഡന്റ് അബ്ദു റഊഫ് ഫൈസി പതാക ഉയര്‍ത്തും.
സമസ്ത മുശാവറ മെമ്പറും ലക്ഷദ്വീപിലെ പ്രമുഖ സൂഫി വര്യനുമായ കെ.പി. അബ്ദുല്‍ ജബ്ബാര്‍ മുസ്‍ലിയാരുടെ നേതൃത്വത്തില്‍ ഇന്നലെ വൈകീട്ട് നടത്തിയ ദുആയോടു കൂടി സമ്മേളന പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ലക്ഷദ്വീപിലെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ മുന്‍ ലക്ഷദ്വീപ് എം.പി. അഡ്വ. ഹംദുല്ല സഈദ് മുഖ്യാതിഥിയായിരിക്കും. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, സാലിം ഫൈസി കൊളത്തൂര്‍, മുഹമ്മദ് കുട്ടി ഫൈസി ആനമങ്ങാട് എന്നീ പ്രമുഖ നേതാക്കന്മാരും പാണക്കാട് സ്വാദിഖലി തങ്ങളെയും കോട്ടുമല ഉസ്താദിനേയും അനുഗമിച്ചുകൊണ്ട് നാളെ രാവിലെ കൊച്ചിയില്‍ നിന്നും കല്‍പ്പേനി ദ്വീപിലേക്ക് യാത്ര പുറപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY