DweepDiary.com | ABOUT US | Friday, 29 March 2024

ജിബ്രീലിന്റെ ഹസ്തദാനം വേണോ?

In religious BY Admin On 19 July 2014
അവസാന പത്ത്!
ഈ പത്തിലെ ഒറ്റയിട്ട രാവുകളില്‍ ഖദ്‌റിന്റെ രാത്രിയെ കാത്തിരിക്കാന്‍ മുത്ത് നബി നിര്‍ദേശിച്ചിട്ടുണ്ട്. ഖദ്‌റിന്റെ രാത്രിയെക്കുറിച്ച് കഅ്ബ്(റ)ന്റെ വിവരണത്തിന്റെ സംക്ഷിപ്തമിതാ. ഏഴാമാകാശത്തിന്റെ അറ്റത്താണ് സിദ്‌റതുല്‍ മുന്‍തഹ എന്ന വിശുദ്ധ സ്ഥലം. അതിനടുത്താണ് സ്വര്‍ഗവും. അവിടെ വസിക്കുന്ന മലക്കുകളുടെ എണ്ണം അല്ലാഹുവിന് മാത്രമേ അറിയൂ. അന്ന് സൂര്യന്‍ അസ്തമിക്കുമ്പോള്‍ ജിബ്‌രീലിനോടൊത്ത് അവര്‍ ഭൂമിയിലേക്കിറങ്ങുകയായി. ഭൂമിയിലെ സര്‍വ ഇടങ്ങളിലും മലക്കുകളുടെ സാന്നിധ്യം ഉണ്ടാകും. എന്നാല്‍ വിഗ്രഹാരാധനയുള്ള സ്ഥലം, ലഹരിയുടെ കേന്ദ്രം, അശുദ്ധിയുള്ള സ്ഥലം തുടങ്ങിയ വൃത്തിഹീനമായ ഇടങ്ങളിലൊന്നും അവരുടെ മഹനീയ സാന്നിധ്യം ഉണ്ടാകുകയില്ല. സുജൂദിലും റുകൂഇലുമായി അവര്‍ വിശ്വാസികള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കും. ജിബ്‌രീല്‍ (അ) അവരെ ഹസ്തദാനം ചെയ്യും. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ഹൃദയം ആര്‍ദ്രമാക്കുന്നതും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതും ജിബ്‌രീലിന്റെ മുസാഫഹതിന്റെ അടയാളങ്ങളാണ്. അന്ന് മൂന്ന് തവണ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ചൊല്ലുന്നവന് പാപമോചനവും നരക മോചനവും സ്വര്‍ഗപ്രവേശവും ലഭിക്കും. സൂര്യന്‍ ഉദിക്കുന്നതുവരെ മലക്കുകള്‍ ആരാധനകളില്‍ വ്യാപൃതരാകും. മടങ്ങുമ്പോള്‍ ആദ്യമായി കയറുന്നതും ജിബ്‌രീല്‍ തന്നെ. ഉഫുഖുല്‍ അഅ്‌ലാ എന്ന പ്രത്യേക സ്ഥാനത്തെത്തുമ്പോള്‍ ജിബ്‌രീല്‍ തന്റെ പച്ചച്ചിറകുകള്‍ വിടര്‍ത്തും. ജിബ്‌രീലിന്റെ വിളി പ്രകാരം ഓരോരുത്തരും വാനലോകത്തേക്ക് മടങ്ങും. വൈകുന്നേരമാകുമ്പോള്‍ അവര്‍ ദുനിയാവിന്റെ ആകാശ പരിധിയിലെത്തും. ജിബ്‌രീല്‍ സംഘവുമായി താഴെയുള്ള വാനത്തെ മലക്കുകളും സന്ധിക്കും. അവിടെ മജ്‌ലിസിലിരുന്ന് അവര്‍ മുഅ്മിനീങ്ങളുടെ വിശേഷങ്ങള്‍ ചര്‍ച്ചചെയ്യുകയായി. വര്‍ഷാരംഭത്തിലും ഒടുവിലും അടിമകള്‍ക്കേറ്റ മാറ്റപ്പകര്‍ച്ചകളെല്ലാം അവര്‍ ചര്‍ച്ച ചെയ്യും. തിന്മ ചെയ്തവര്‍ക്ക് പൊറുക്കലിനെ ചോദിക്കും. നന്മ ചെയ്തവരെ പ്രത്യേകം അഭിനന്ദിക്കും. ഇങ്ങനെ ഏഴ് ആകാശലോകങ്ങള്‍ താണ്ടി സിദ്‌റതുല്‍ മുന്‍തഹയില്‍ തിരികയെത്തും. അപ്പോള്‍ സിദ്‌റതുല്‍ മുന്‍തഹ ചോദിക്കുമത്രെ: ‘എന്നില്‍ വസിക്കുന്നവരേ, ജനങ്ങളുടെ അവസ്ഥയെന്ത്? ഓരോരുത്തരെയായി എനിക്കു പറഞ്ഞുതരിന്‍. എനിക്ക് അവരുടെ മേല്‍ ഒരു ബാധ്യതയുണ്ടല്ലോ. കാരണം അല്ലാഹു സ്‌നേഹിക്കുന്നവരെ ഞാനും സ്‌നേഹിക്കുന്നു.’ അങ്ങനെ വിശേഷങ്ങളെല്ലാം അയവിറക്കും. പിന്നീട് സ്വര്‍ഗം സിദ്‌റതുല്‍ മുന്‍തഹയുമായി സന്ധിക്കുമ്പോള്‍ ഇതാവര്‍ത്തിക്കപ്പെടും. മലക്കുകള്‍ പറഞ്ഞത് അതേപടി സ്വര്‍ഗത്തോടും പറയും. സ്വര്‍ഗം പറയുമത്രെ, അല്ലാഹുവിന്റെ കാരുണ്യം ഈ വ്യക്തിയിലുണ്ടാകട്ടെ, ഈ സ്ത്രീയിലുണ്ടാകട്ടെ, ജിബ്‌രീല്‍ തന്റെ വാസസ്ഥാനത്തെത്തുമ്പോള്‍ അല്ലാഹുവും ഇക്കാര്യം ചോദിക്കും. ജിബ്‌രീല്‍ പറയും: ‘അല്ലാഹുവേ, വര്‍ഷാരംഭത്തില്‍ നിന്റെ ഇബാദത്തിലായി കഴിഞ്ഞ ഒരാള്‍ അതില്‍ നിന്ന് പിന്തിരിഞ്ഞിരിക്കുന്നതായി കണ്ടു’. അല്ലാഹു പ്രതിവചിക്കുന്നതിങ്ങനെയാണ്: ‘ജിബ്‌രീല്‍, മരിക്കുന്നതിന് മുമ്പ് തൗബ ചെയ്യുകയാണെങ്കില്‍ ഞാന്‍ അവനു പൊറുത്തു നല്‍കും’. അപ്പോള്‍ ജിബ്‌രീല്‍ പറയും: ‘നിനക്കാണ് സര്‍വ സ്തുതിയും, നിന്റെ എല്ലാ അടിമകളോടും നീ കാരുണ്യം ചൊരിയുന്നല്ലോ. അല്ലാഹുവിന്റെ ഈ കാരുണ്യത്താല്‍ അര്‍ശും വാനലോകവും അതിലെ അന്തേവാസികളും അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് വിറകൊള്ളും.’ വേണ്ടേ നമുക്കും മാലാഖമാരുടെ പ്രാര്‍ഥനയും ഹസ്തദാനവും? (കടപ്പാട്- സിറാജ്)

SHARE YOUR FEEDBACK

RECENT IN THIS CATEGORY