DweepDiary.com | ABOUT US | Thursday, 28 March 2024

നെടുമ്പാശ്ശേരിയില്‍ താല്‍കാലിക ഹജ്ജ് ക്യാമ്പിന് സജ്ജീകരണങ്ങള്‍ തുടങ്ങി

In religious BY Admin On 10 June 2016
കൊച്ചി (10/06/2016): ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനും കരിപ്പൂര്‍ വിമാനത്താവളം ലഭ്യമാവാത്തതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ താല്‍ക്കാലിക ഹജ്ജ് ക്യാമ്പിന് സൌകര്യം ഒരുക്കിത്തുടങ്ങി. 60,000 ചതുരശ്ര അടിവീതമുള്ള രണ്ട് എയര്‍ക്രാഫ്റ്റ് ഹാങ്കറുകള്‍ക്കു പുറമെ 15000 ചതുരശ്ര അടിയില്‍ താല്‍ക്കാലിക സംവിധാനവും കഴിഞ്ഞതവണ ഒരുക്കിയിരുന്നു. എന്നാല്‍ ഇത്തവണ തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞവര്‍ഷം 6570 പേരാണ് നെടുമ്പാശേരിവഴി ഹജ്ജ് കര്‍മത്തിനു പോയത്. ഇത്തവണ ഇത് 11000 ആയി ഉയരുമെന്നാണ് പ്രതീക്ഷ. ലക്ഷദ്വീപുകാരെ കൂടാതെ മാഹി യില്‍നിന്നുള്ള തീര്‍ഥാടകരും സംസ്ഥാന ഹജ്ജ് കമ്മിറ്റിവഴിയാണ് യാത്രയാകുന്നത്. കഴിഞ്ഞവര്‍ഷം ഒരു എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറില്‍ ഒരേസമയം 1000 പേര്‍ക്കാണ് നമസ്കരിക്കാന്‍ സൌകര്യം ഒരുക്കിയിരുന്നത്. ഇത്തവണ ഇത് 1600 ആയി ഉയര്‍ത്തും. ഭക്ഷണശാല മാത്രം 3000 ചതുരശ്ര അടി വര്‍ധിപ്പിക്കും. തീര്‍ഥാടകര്‍ക്കൊപ്പം എത്തുന്നവര്‍ക്കുള്ള വിശ്രമകേന്ദ്രവും ശുചിമുറികളും ക്രമീകരിക്കും. കൂടാതെ തീര്‍ഥാടകര്‍ക്കും വളന്റിയര്‍മാര്‍ക്കും പ്രത്യേക താമസസൌകര്യവും ഒരുക്കും. സൌദി എയര്‍ലൈന്‍സാണ് ഈ വര്‍ഷം നെടുമ്പാശേരിയില്‍നിന്ന് ഹജ്ജ് തീര്‍ഥാടകരെ കൊണ്ടുപോകുന്നത്. ഹജ്ജ് ക്യാമ്പിന്റെ ചുമതലയുള്ള സിയാല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ എം ഷബീറിന്റെ നേതൃത്വത്തിലാണ് ഒരുക്കം.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ളിയാരുടെ നേതൃത്വത്തില്‍ ഹജ്ജ്കമ്മിറ്റി പ്രതിനിധിസംഘം ക്യാമ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. ലക്ഷദ്വീപില്‍ നിന്നുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ക്യാമ്പ് ഒരുക്കങ്ങള്‍ വിലയിരുത്തും. ആഗസ്ത് 22നാണ് ആദ്യ വിമാനം യാത്രയാകുന്നത്.


വാര്‍ത്തയുടെ സ്രോതസ്: ദേശാഭിമാനി

SHARE YOUR FEEDBACK

RECENT IN THIS CATEGORY