DweepDiary.com | ABOUT US | Thursday, 28 March 2024

കേരളത്തില്‍ സൂര്യാതപ ഭീഷണി, ബേപ്പൂരില്‍ ലക്ഷദ്വീപ് അധികൃതര്‍ മാത്രം കണ്ടില്ല

In regional BY Admin On 19 April 2016
ബേപ്പൂര്‍ (19/04/2016): കേരളത്തില്‍ വിവിധ ഭാഗങ്ങളിലായി 41 ഡിഗ്രിയിലാധികം ഊഷ്മാവ് ഉയരുകയും പൊതുജനങ്ങള്‍ക്ക് പൊള്ളലേല്‍ക്കുകയും മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പകല്‍ സമയങ്ങളില്‍ തുറന്നയിടങ്ങില്‍ മറയില്ലാതെ ജോലി ചെയ്യുന്നതും വ്യവഹാരം നടത്തുന്നതും മുന്നറിയിപ്പ് നല്‍കി. എന്നാല്‍ കേരളത്തില്‍ ബേപ്പൂരിലുള്ള ലക്ഷദ്വീപ് ഷിപ്പ് ടിക്കറ്റിങ്ങ് കേന്ദ്രമോ ലക്ഷദ്വീപ് ഭരണ കൂടാമോ ഇതൊന്നും അറിയാത്ത മട്ടിലാണ്. ലക്ഷദ്വീപിലേയും കൊച്ചിയിലേയും കൌണ്ടറുകളില്‍ തണലും മേല്‍ക്കൂരയും ഇരിപ്പിടങ്ങളും ഒരുക്കിയെങ്കിലും ബേപ്പൂരില്‍ അവ എത്തിയില്ല. കഴിഞ്ഞ ആഴ്ച ലക്ഷദ്വീപ് എം‌പി ഇവിടം സന്ദര്‍ശിച്ചിരുന്നു. ഓടിട്ട കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലെ ടിക്കറ്റിങ്ങിലും ആള്‍ക്കാര്‍ക്ക് സംശയം പ്രകടിപ്പിക്കുന്നു. മറ്റു കൌണ്ടറുകള്‍ സുതാര്യമായി യാത്രക്കാരന്‍റെ മുമ്പില്‍ വെച്ചു ടിക്കറ്റ് നല്‍കുമ്പോള്‍ ബേപ്പൂരില്‍ തിരക്ക് നിയന്ത്രിക്കാനെന്ന വ്യാജേന ഗ്രില്‍ അടച്ചു "രഹസ്യമായി"ട്ടാണ് ടിക്കറ്റ് നല്‍കുക. ക്യൂവില്‍ നിന്ന വളരെ കുറച്ചു പേര്‍ക്കെ ടിക്കറ്റ് ലഭിക്കാറുള്ളു. ബാക്കിയുള്ളവ ഇഷ്ടക്കാര്‍ക്ക് രഹസ്യമായി എടുത്തു മാറ്റി വെക്കുന്നുവെന്നാണ് യാത്രക്കാരുടെ ആരോപണം. പുതിയ സമര്‍പ്പിത വാര്‍ഫിന്‍റെ ചര്‍ച്ചകള്‍ തീരുന്നത് കാത്തു നില്‍ക്കാതെ അത്യാവശ്യം താര്‍പ്പോളിന്‍ വിരിച്ചും ബെഞ്ചുകള്‍ നാട്ടിയും യാത്രക്കാരെ വേനല്‍ ചൂടില്‍ നിന്നും രക്ഷിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY