DweepDiary.com | ABOUT US | Sunday, 10 December 2023

പെണ്‍പോരാട്ടം എട്ടാം നാള്‍: നടപടിയെടുക്കാതെ അധികൃതര്‍

In regional BY P Faseena On 12 September 2023
കില്‍ത്താന്‍: കില്‍ത്താന്‍ ആശുപത്രിയിലെ രോഗികള്‍ നേരിടുന്ന ദുരാവസ്ഥയ്‌ക്കെതിരെ ഡി സി ഓഫീസിനു മുന്നില്‍ വനിതകള്‍ നടത്തുന്ന അനിശ്ചിതകാല സമരം എട്ട് ദിവസം പിന്നിടുന്നു. പി എച്ച് സി യില്‍ മാസങ്ങളോളമായി ഗൈനക്കോളജി, ദന്ത വിഭാഗം ഡോക്ടര്‍മാരില്ലാതായിട്ട്. ഇതിനെ തുടര്‍ന്നാണ് കില്‍ത്താനിലെ സ്ത്രീകള്‍ സമരവുമായി മുന്നോട്ടു വന്നത്.
മറ്റ് ദ്വീപുകളില്‍ ഡോക്ടര്‍മാര്‍ സ്ഥിരമായി ഉണ്ടാകുമ്പോളും കില്‍ത്താനെ അവഗണിക്കുകയാണ്. ഒരു മെഡിക്കല്‍ ഓഫീസര്‍ മാത്രമാണ് പി എച്ച് സിയില്‍ നിലവിലുള്ളത്. മുമ്പ് ഒരു വനിതാ ഡോക്ടറെ നിയമിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ രണ്ടു മാസം ജോലിയില്‍ തുടര്‍ന്നതിനു ശേഷം പഠന അവധിയില്‍ പോവുകയായിരുന്നു. രോഗികള്‍ ദുരിതം അനുഭവിക്കുമ്പോഴും രണ്ടു വര്‍ഷമായി പഠന അവധിയിലുള്ള ഡോക്ടര്‍ക്ക് ശമ്പളം നല്‍കികൊണ്ടിരിക്കുകയാണ്. പേരിനൊരു ഡോക്ടര്‍ ഉള്ളതുകൊണ്ടാണ് മറ്റൊരു ഗൈനക്കോളജി ഡോക്ടറെ ആശുപത്രിയില്‍ നിയമിക്കാത്തതെന്നാണ് അധികൃതരുടെ ഭാഷ്യം.
അവധിയിലുള്ള ഡോക്ടറെ മറ്റൊരു ദ്വീപിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതിനു ശേഷം കില്‍ത്താനില്‍ മറ്റൊരു ലേഡി ഡോക്ടറെ സ്ഥിരമായി നിയമിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ദന്തവിഭാഗത്തിന്റെ ആവശ്യങ്ങള്‍ക്കായി എത്തിച്ച ഉപകരണങ്ങള്‍ ഡോക്ടര്‍മാരില്ലാതെ കെട്ടിക്കിടന്ന് നശിക്കുകയാണ്.
ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍ കുറിച്ചുതരുന്ന മരുന്ന് ലഭിക്കുന്നില്ല. കൊച്ചിയില്‍ നിന്നോ മറ്റ് ദ്വീപുകളില്‍ നിന്നോ മരുന്ന് വങ്ങേണ്ട അവസ്ഥയാണെന്നും സമരക്കാര്‍ ചൂണ്ടികാണിക്കുന്നു. ഞങ്ങളും മനുഷ്യരാണ് എന്നും ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും സമരത്തിന്റെ കണ്‍വീനര്‍ സക്കീനാബി ദ്വീപ് ഡയറിയോട് പറഞ്ഞു. കില്‍ത്താനിലെ ആശുപത്രിയുടെ ദുരാവസ്ഥ ചൂണ്ടിക്കാട്ടി എ സി ഇസ്ഹാഖ് മുമ്പ് അനിശ്ചിതകാല സമരം നടത്തിയിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY