DweepDiary.com | ABOUT US | Sunday, 10 December 2023

റോഡിലെ കുഴി ഭീഷണിയാകുന്നു: പരാതിയുമായി നാട്ടുകാര്‍

In regional BY P Faseena On 09 September 2023
ചെത്ത്‌ലാത്ത്: ചെത്ത്‌ലാത്തിലെ റോഡുകളില്‍ രൂപപ്പെട്ട കുഴി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ചെത്ത്‌ലാത്തിലെ മെയിന്‍ റോഡിലും റിംഗ് റോഡിലുമാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. ഗവണ്‍മെന്റ് സീനിയര്‍സെക്കന്‍ഡറി സ്‌കൂളിലെയും ജെ ബി സ്‌കൂളിലെയും വിദ്യാര്‍ത്ഥികളും ഇരുചക്ര, മുചക്ര വാഹന യാത്രക്കാരും റോഡിലെ കുഴിമൂലം ദുരിതത്തിലായിരിക്കുകയാണ്. പലതവണ പരാതി പറഞ്ഞിട്ടും നിവേദനം നല്‍കിയിട്ടും അധികാരികള്‍ കണ്ണുതുറക്കുന്നില്ല എന്ന് നാട്ടുകാര്‍ പരാതി പറയുന്നു.
പഞ്ചായത്ത് നടത്തേണ്ട റോഡ് അറ്റകുറ്റപണികള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നടന്നിട്ടില്ല. ബി എസ് എന്‍ എല്‍, വൈദ്യുതി, പൊതുമരാമത്ത് വകുപ്പുകള്‍ കേബിളുകളും പൈപ്പുകളും മാറ്റാനായി എടുത്ത കുഴികളൊന്നും പൂര്‍ണമായും മൂടിയിട്ടില്ല. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സെപ്റ്റംബര്‍ ഒന്നിന് നാട്ടുകാര്‍ ബി ഡി ഒയ്ക്ക് പരാതി നല്‍കുകയും അടിയന്തിര നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കുഴിയില്‍ വീണ് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്.
സാധാരണക്കാരുടെ ജീവന് യാതൊരു വിലയും അധികൃതര്‍ നല്‍കുന്നില്ല. ചെത്ത്‌ലാത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡ് സംബന്ധമായ ജോലികളാണ് പ്രധാനമായും ചെയ്യുന്നത്. എന്നിട്ടും അധികാരികള്‍ തിരിഞ്ഞു നോക്കാത്തത് തികഞ്ഞ അനാസ്ഥയാണെന്നും വി ഐ പികളുടെ സന്ദര്‍ശന സമയത്ത് മാത്രം റോഡിന്റെ അറ്റകുറ്റപണികള്‍ നടത്തുമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY